09 May Thursday

വീണ്ടും 100 കടന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

 മലപ്പുറം

ആശങ്കയുയർത്തി ജില്ലയിൽ ഒരുദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും 100 കടന്നു. 141 പേർക്കാണ്‌ ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌. ഏറ്റവും കൂടുതലാളുകൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ച ദിവസമാണിത്‌. 84 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ഒന്നും നാലും വയസ്സുള്ളവരുൾപ്പെടെ അഞ്ച്‌ പേർ കുട്ടികളാണ്‌. സമ്പർക്ക രോഗികളിൽ ആരോഗ്യ പ്രവർത്തകയുൾപ്പെടെ 10 പേർക്ക് വൈറസ്‌ ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. 29 പേർ ഇതരസംസ്ഥാനങ്ങളിൽനിന്നും 28 പേർ വിദേശത്തുനിന്നും എത്തി. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവർ പതിമൂന്നായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരുവള്ളൂർ സ്വദേശി കോയാമു (82)ആണ് ശനിയാഴ്‌ച മരിച്ചത്.36 പേർ രോഗമുക്തരായി. ഇതുവരെ 1368 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. 826 പേരാണ്‌ ചികിത്സയിലുള്ളത്‌.
സമ്പർക്കത്തിലൂടെ
കൊണ്ടോട്ടി സ്വദേശികൾ –-9, തൃക്കലങ്ങോട് –5, മഞ്ചേരി, കോഡൂർ, പെരുവെള്ളൂർ –-4 പേർ വീതം, പുലാമന്തോൾ, തിരൂരങ്ങാടി–- -3 പേർ വീതം, തിരുവാലി, മലപ്പുറം, പുളിക്കൽ, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം, വെട്ടത്തൂർ, നിലമ്പൂർ, മമ്പാട് –- രണ്ട്‌ പേർ വീതം. പൊന്മള, കാവനൂർ, മൊറയൂർ, വഴിക്കടവ്, ചാലിയാർ, വട്ടംകുളം, പൊന്നാനി, പുഴക്കാട്ടിരി, താഴേക്കോട്, താനൂർ, പൊന്മള, എടരിക്കോട്, വാണിയമ്പലം, ഊർങ്ങാട്ടിരി, താഴേക്കോട്, ആലിപ്പറമ്പ്, കണ്ണമംഗലം, തെന്നല, വാഴയൂർ, പൂക്കോട്ടൂർ, ഒഴൂർ, കാവനൂർ, ഒതുക്കുങ്ങൽ, കരിപ്പൂർ, പുന്നപ്പാല എന്നിവിടങ്ങളിലെ ഓരോരുത്തർ വീതം. ഒരു ഉത്തർപ്രദേശ് സ്വദേശിയും.
ഉറവിടമറിയാതെ
ആരോഗ്യ പ്രവർത്തകയായ കാവനൂർ സ്വദേശിനി (26), അരീക്കോട് സ്വദേശികളായ രണ്ടുപേർ, എടക്കര, തിരുവാലി, കൊണ്ടോട്ടി, തിരൂരങ്ങാടി, പുലാമന്തോൾ, ഊരകം, പുൽപ്പറ്റ എന്നിവിടങ്ങളിലെ ഓരോരുത്തർ വീതം.
 
ഹൃദയാഘാതംമൂലം മരിച്ച കുട്ടിക്ക് കോവിഡ്
കോഴിക്കോട്
 ഒന്നാം ജന്മദിനത്തിൽ പിഞ്ചുകുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം തെയ്യാല ഓമച്ചപ്പുഴ കൊടിയേങ്ങൽ വീട്ടിൽ റമീസിന്റെയും തസ്‌രീഫ ലുലുവിന്റെയും മകൾ ആസിയയാണ് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മരിച്ചത്. 
ബന്ധുവീടായ പുളിക്കൽ അരൂർ ഒളവട്ടൂർ തലക്കോട്ടീരി വീട്ടിൽനിന്ന്‌ അപസ്മാരത്തെ തുടർന്ന് കുട്ടിയെ പുളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ഛിച്ചതോടെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 10.45ന് ഹൃദയാഘാതംമൂലം മരിച്ചു. തുടർന്ന് നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 
ഇതോടെ നാട്ടിലുള്ള പത്തോളം ബന്ധുക്കൾ  മഞ്ചേരി മെഡിക്കൽ കോളേജിൽ ക്വാറന്റൈനിലാണ്. ഇവരുമായി സമ്പർക്കത്തിലായ പതിനഞ്ചോളം പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഉറവിടം വ്യക്തമല്ല.
 
പൊലീസുകാർക്ക്‌ പരിശോധന 
മലപ്പുറം
ജില്ലയിൽ പൊലീസുകാർക്കായി ആന്റിബോഡി പരിശോധന. കൊണ്ടോട്ടി, നിലമ്പൂർ എന്നിവിടങ്ങളിലാണിത്‌. കൊണ്ടോട്ടി മേഖലയിൽ 140 പേരെയും നിലമ്പൂരിൽ 148 ആളുകളെയും പരിശോധിച്ചു. കൊണ്ടോട്ടിയിൽ അഞ്ച്‌ പൊലീസുകാരുടെ ആന്റിബോഡി പരിശോധനാ ഫലം പോസീറ്റിവായി. എന്നാൽ പിന്നീട്‌ നടത്തിയ ആന്റിജൻ പരിശോധനയിൽ അഞ്ചുപേരുടെയും ഫലം നെഗറ്റീവായി. നിലമ്പൂർ മേഖലയിൽ ആറ്‌ പേരുടെ ഫലം പോസ്‌റ്റീവായി. ഇവരെയും ആന്റിജൻ പരിശോധനയ്‌ക്ക്‌ വിധേയമാക്കും. ആന്റിബോഡി പരിശോധനയിൽ ഫലം പോസിറ്റീവായ 11 പേരോടും ഏഴ്‌ ദിവസം ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചതായി ജില്ലാ പൊലീസ്‌ മേധാവി യു അബ്ദുൾ കരീം പറഞ്ഞു. നിലമ്പൂർ, വഴിക്കടവ്‌, എടക്കര, പോത്ത്കല്ല്‌, കൊണ്ടോട്ടി, വാഴക്കാട്‌, കരിപ്പൂർ, തേഞ്ഞിപ്പലം സ്‌റ്റേഷനുകളിലെ പൊലീസുകാരാണ്‌ പരിശോധനക്കെത്തിയത്‌. വരും ദിവസങ്ങളിൽ മറ്റ് സ്‌റ്റേഷനുകളിലുള്ളവരെ പരിശോധിക്കും. പൊലീസ്‌ വെൽഫെയർ ബ്യൂറോ, പൊലീസ്‌ കോ–-ഓപറേറ്റീവ്‌ സൊസൈറ്റി എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണിത്‌.
 
സമ്പര്‍ക്കമുള്ളവര്‍ അറിയിക്കണം
മലപ്പുറം
രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായവർ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണം. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ജില്ലാ കൺട്രോൾ സെൽ: 0483 2737858, 2737857, 2733251, 2733252, 2733253.
 
മെഡിക്കൽ കോളേജിൽ കോവിഡ്‌ ഐസിയു
മഞ്ചേരി
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ഐസിയു തുടങ്ങി. പീഡിയാട്രിക് വാർഡ്‌ രണ്ടുദിവസംകൊണ്ട് ഐസിയുവാക്കി. 1.10 കോടി ചെലവിട്ടാണ് ആധുനിക സജീകരണങ്ങൾ ഒരുക്കിയത്‌. 16 കിടക്കകളുള്ള ഐസിയുവിൽ വെന്റിലേറ്റർ, ഇൻഫ്യൂഷൻ പമ്പ്, ഡീഫിബ്രലേറ്റർ, മൾടിപാര മോണിറ്റർ, സെൻട്രലൈസ്ഡ് ഓക്സിജൻ സംവിധാനങ്ങളുണ്ട്‌. പത്ത് സ്റ്റാഫ് നേഴ്‌സുമാരേയും നിയമിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top