29 March Friday
കുലശേഖരപുരം പഞ്ചായത്തും ചേരും

വള്ളിക്കാവിൽ 1000 കിടക്ക

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
കരുനാഗപ്പള്ളി
കുലശേഖരപുരം പഞ്ചായത്തിന്റെ കോവിഡ് പ്രഥമ ചികിത്സാകേന്ദ്രംകൂടി വള്ളിക്കാവ് അമൃത എൻജിനിയറിങ് കോളേജ്‌ ഹോസ്റ്റലിൽ തുടങ്ങാൻ തീരുമാനമായി. ഇതോടെ ജില്ലയിലെ ഏറ്റവും വലിയ  കോവിഡ് ചികിത്സാകേന്ദ്രത്തിലെ കിടക്കകളുടെ എണ്ണം ആയിരമാകും. 
ആറ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ ആറ് ബ്ലോക്കിലായാണ് ചികിത്സാകേന്ദ്രം സജ്ജമാക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടുതന്നെ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. കുലശേഖരപുരം പഞ്ചായത്തിന്റെ ചികിത്സാകേന്ദ്രം അശോക ബ്ലോക്കിലാണ് തുടങ്ങുക. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ കൈലാസം ബ്ലോക്കും ക്ലാപ്പന പഞ്ചായത്തിന്റെ കേന്ദ്രം അനുഗ്രഹ ബ്ലോക്കുമാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക. കൈലാസം ബ്ലോക്ക് പുരുഷന്മാർക്കും അനുഗ്രഹ ബ്ലോക്ക് സ്ത്രീകൾക്കുമായിരിക്കും. രോഗികളുടെ എണ്ണം വർധിക്കുന്നതോടെ മറ്റ് ബ്ലോക്കുകൾ പ്രവർത്തനം ആരംഭിക്കും. തഴവ, ആലപ്പാട്, തൊടിയൂർ പഞ്ചായത്തുകൾക്കു നൽകിയിട്ടുള്ള ബ്ലോക്കുകളിലും തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്.  
കേന്ദ്രത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗംത്തിൽ ചെലവ് ആറ് തദ്ദേശസ്ഥാപനങ്ങളും തുല്യമായി വഹിക്കാൻ തീരുമാനമായി. ആർ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ഡിഡിപി ദിനുൻ വാഹിദ്, തദ്ദേശ സ്ഥാപന പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.  
 
സഹായങ്ങൾ എത്തിക്കണം  
വള്ളിക്കാവിലെ അമൃത ഹോസ്റ്റലിൽ തുടങ്ങുന്ന വിപുലമായ കോവിഡ് പ്രഥമ ചികിത്സാകേന്ദ്രത്തിലേക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കണമെന്ന് ആർ രാമചന്ദ്രൻ എംഎൽഎ അഭ്യർഥിച്ചു. വ്യക്തികൾക്കും സംഘടനകൾക്കും സഹായങ്ങൾ എത്തിക്കാം. വാഷിങ് മെഷീനുകൾ, ഫ്രിഡ്ജുകൾ, കിടക്കവിരികൾ, തലയിണകൾ, പ്ലാസ്റ്റിക് കപ്പുകൾ, ബക്കറ്റുകൾ, പാത്രങ്ങൾ എന്നിങ്ങനെയുള്ള സഹായങ്ങൾ സ്വീകരിക്കുന്നതിനായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കലക്‌ഷൻ സെന്റർ ആരംഭിച്ചിട്ടുണ്ട്. സഹായങ്ങൾ അവിടെ എത്തിച്ചാൽ മതിയാകുമെന്നും എംഎൽഎ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top