26 April Friday
പ്രവൃത്തി ഉദ്‌ഘാടനം നാളെ

പുതിയപാലത്ത്‌ വൻ പാലം വരുന്നൂ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

പുതിയപാലത്ത്‌ നിർമിക്കുന്ന പാലത്തിന്റെ രൂപമാതൃക

സ്വന്തം ലേഖകൻ
കോഴിക്കോട്
നാലുപതിറ്റാണ്ടത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ പുതിയപാലത്ത്‌ 59 കോടി രൂപ കിഫ്‌ബി ഫണ്ടിൽ പുത്തൻ പാലം വരുന്നു. ഞായർ രാവിലെ ഒമ്പതിന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പ്രവൃത്തി  ഉദ്‌ഘാടനംചെയ്യും.  മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനാകും. 
സ്ഥലമേറ്റെടുപ്പും പുനരധിവാസവും ഉൾപ്പെടെയാണ്‌ 59 കോടി അനുവദിച്ചത്‌. 23.73 കോടിയാണ് പാലം നിർമാണച്ചെലവ്. 195 മീറ്റർ നീളമുള്ള പാലത്തിന്‌ ഇരുവശത്തുമായി  അപ്രോച്ച് റോഡുകളും സർവീസ് റോഡുകളുമുണ്ട്. കിഴക്ക്‌ 383 മീറ്ററും പടിഞ്ഞാറ് 23 മീറ്ററുമുള്ളതാണ്‌ അപ്രോച്ച്‌ റോഡ്‌. 110 മീറ്റർ നീളമുള്ളതാണ്‌ സർവീസ് റോഡ്‌. ഏഴ്‌ സ്പാനുകളുള്ള പാലത്തിന്റെ സെന്റർ സ്പാൻ കനോലി കനാലിന്‌ കുറുകെയാണ്. 45 മീറ്ററാണ് നീളം. 11 മീറ്റർ വീതിയുള്ള പാലം ബോസ്ട്രിങ്‌ ആർച്ച്‌ മാതൃകയിലാണ്. ഒന്നരമീറ്റർ വീതിയുള്ള നടപ്പാതയുമുണ്ട്‌. രണ്ടുവർഷത്തിനകം  പൂർത്തിയാക്കും.  
 നിരന്തരശ്രമങ്ങളുടെയും ചർച്ചകളുടെയും ഫലമായി 2021 ലാണ്‌  ഭരണാനുമതി ലഭിച്ചത്‌. സ്ഥലമെടുപ്പ് 95 ശതമാനവും പൂർത്തിയായി.  കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. 
തളി ക്ഷേത്രത്തെയും മാങ്കാവ് മിനി ബൈപാസിനെയും ബന്ധിപ്പിക്കുന്ന വലിയ പാലം വരുന്നതോടെ പുതിയപാലത്തുകൂടിയുള്ള യാത്ര സുഗമമാകും. പാളയം ഭാഗത്തുനിന്ന്‌ മാങ്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക്‌ നഗരത്തിലെ തിരക്കിൽപ്പെടാതെ യാത്രചെയ്യാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top