27 April Saturday

തുറക്കുന്നു 41 വീടുകൾ; കിടിലൻ ലൈഫ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
ബേഡകം
ബേഡഡുക്ക പഞ്ചായത്തിലെ ചെമ്പക്കാട്‌ അംബേദ്‌കർ കോളനിയിലെ താമസക്കാർക്ക്‌ ശനിയാഴ്‌ച ഉത്സവദിനമാണ്‌. അവർക്കായി സംസ്ഥാന സർക്കാർ പണിതു നൽകിയ 20 വീടുകളുടെ താക്കോൽ ശനിയാഴ്‌ച കൈമാറും. വീടുമാത്രമല്ല; അഞ്ചുസെന്റ്‌ വീതം സ്ഥലവും സർക്കാർ ഇവർക്ക്‌ സ്‌നേഹ സമ്മാനമായി നൽകുന്നുണ്ട്‌. ചെമ്പക്കാട്‌ അങ്കണവാടിക്ക്‌ പിറകുവശത്തായി സർക്കാർ കണ്ടെത്തിയ ഒരേക്കർ ഭൂമിയിലാണ്‌ 20 സുന്ദരൻ വീടുകൾ പണിതത്‌. അഞ്ചുസെന്റ്‌ വീതം തരംതിരിച്ച്‌ രേഖകൾ ആദ്യം കൈമാറി. പിന്നീടാണ്‌ ഇവിടെ വർണമനോഹരമായ ലൈഫ്‌ വീടുകൾ പണിതത്‌. 18 വീടുകളുടെ പെയിന്റിങടക്കം പൂർത്തിയായി. രണ്ടെണ്ണത്തിന്റെ പണി ഉടൻ തീരും.
ബേഡകം എരിഞ്ഞിപ്പുഴ റോഡരികിൽ ചെമ്പക്കാട്ട്‌ അംബേദ്‌കർ കോളനിയായി വർഷങ്ങൾക്ക്‌ മുമ്പ്‌ പ്രഖ്യാപിച്ച ഇവിടെ, പണ്ട്‌ നിർമിച്ച വീടുകൾ മിക്കതും കാലപ്പഴക്കത്തിൽ നശിച്ചു. ഇവയെല്ലാം മാറ്റിപ്പണിയാനാണ്‌ പട്ടികജാതി വകുപ്പ്‌ തീരുമാനം. കുടുംബങ്ങൾക്ക്‌ സ്ഥലത്തിന്‌ രേഖയില്ലാത്തതാണ്‌ വീട്‌ നൽകാൻ തടസ്സമുള്ളത്‌. സ്ഥലത്തിന്‌ രേഖയുള്ള ഏഴുകുടുംബത്തിന്‌ ഏഴ്‌ വീട്‌ മാസങ്ങൾക്കുമുമ്പ്‌ നിർമിച്ചു നൽകി. ശനിയാഴ്‌ച കൈമാറുന്ന 20 വീടുൾപ്പടെ 27 വീടുകൾ പൂർണ സജ്ജമായി. 
കോളനി വികസനത്തിന്‌ സംസ്ഥാന സർക്കാർ നൽകുന്ന ഒരുകോടി രൂപയുടെ പദ്ധതിയിൽ 14 വീടുകളും ഉടൻ നിർമിക്കും. ഇതിനുള്ള എഗ്രിമെന്റ്‌ ശനിയാഴ്‌ചത്തെ താക്കോൽദാന ചടങ്ങിൽ കുടുംബങ്ങൾ നൽകും. ഇതോടെ മൊത്തം 41 വീട്ടുകാർക്ക്‌ കിടിലൻ ലൈഫാകും.
ഒരുകോടിയുടെ വികസനത്തിൽ വീടുകളുടെ പണികഴിഞ്ഞ ബാക്കിയുള്ള 13 ലക്ഷത്തിൽ കോളനിയിലേക്കുള്ള റോഡും നന്നാക്കും. പുതിയ വീടുകൾ പണിത സ്ഥലത്ത്‌ കുടിവെള്ളപദ്ധതിയും ആസൂത്രമണം ചെയ്യുന്നുണ്ട്‌ 
ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ചെമ്പക്കാട്ട്‌ നടക്കുന്ന താക്കോൽ ദാന ചടങ്ങ്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും. കലക്ടർ കെ ഇമ്പശേഖറും പങ്കെടുക്കും. പരിപാടിക്ക്‌ ഉത്സവച്ഛായ പകരാനുള്ള തിരക്കിലാണ്‌ കോളനി വാസികളും നാട്ടുകാരും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top