02 May Thursday
വർണാഭമായി പ്രവേശനോത്സവം

അക്ഷരവാനിൽ കളിചിരി മേളം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

പ്രവേശനോത്സവത്തില്‍ പായസം പങ്കിടുന്ന ഹാനിയയും തീര്‍ഥയും

കൽപ്പറ്റ
അക്ഷരവാനിൽ താരങ്ങളായി കുരുന്നുകൾ ചിരിതൂകിയെത്തി. 
വിദ്യാലയാങ്കണങ്ങളിൽ വീണ്ടും കളിചിരി മേളം.  വേനലവധിക്കുശേഷം കൂട്ടുകാരെ കണ്ട സന്തോഷം കുഞ്ഞുമുഖങ്ങളിൽ വിടർന്നു. നീണ്ട വരാന്തകളിൽ ഓടിക്കളിച്ച് വിദ്യാർഥികൾ ഉത്സവാവേശം തീർത്തു. ആദ്യമായി സ്കൂളിലെത്തിയവർ രക്ഷിതാക്കളുടെ വിരലറ്റം മുറുകെപ്പിടിച്ച് നടന്നു. വർണാഭമായ അലങ്കാരങ്ങളിലേക്ക് കൗതുകത്തോടെ കണ്ണോടിച്ചെത്തിയവരെ അധ്യാപകർ പുഞ്ചിരിയോടെ സ്വീകരിച്ചു. ചില കണ്ണുകളിലെ കൗതുകം കണ്ണീരായി.
 പ്രീ പ്രൈമറി ക്ലാസുകളിൽ രക്ഷിതാക്കളും വിദ്യാർഥികളായി. അമ്മമാർക്കൊപ്പം അടുത്തിരുന്ന് ചിലർ കരച്ചിലടക്കി. സ്‌കൂഴുകളിൽ പ്രവേശനോത്സവം വർണാഭമായി. കേളികൊട്ടുണർത്തി സ്വാ​ഗത​ഗാനത്തോടെയായിരുന്നു തുടക്കം.  "മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം.... ' പാട്ടിനൊപ്പം തലയാട്ടി കുട്ടികളും കൂട്ടുകൂടി. 
ജില്ലയിൽ ഒമ്പതിനായിരത്തിലധികം കുട്ടികളാണ് പുതുതായി സ്‌കൂൾ പ്രവേശനം നേടിയത്. 
പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അമ്പലവയൽ ജിവിഎച്ച്എസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായി. വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകുന്ന ആയുർ യോഗ പദ്ധതി കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനംചെയ്തു. പദ്ധതിയുടെ ലോഗോയും പ്രകാശിപ്പിച്ചു.  പഠനകിറ്റ് അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് വിതരണംചെയ്തു. കൊടിമരം ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂരും  പ്രസംഗപീഠം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീറും വാട്ടർ പ്യൂരിഫയർ ഡയറ്റ് സീനിയർ ലക്ചറർ എം ഒ സജിയും ഉദ്ഘാടനംചെയ്തു. 
പ്ലാറ്റിനം ജൂബിലി കലണ്ടർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജെസി ജോർജ് പ്രകാശിപ്പിച്ചു. രാജ്യപുരസ്‌ക്കാർ ജേതാക്കളെ ആദരിച്ചു.  മാനന്തവാടി സബ്‌ജില്ലാതല ഉദ്‌ഘാടനം കല്ലോടി എസ്ജെ യുപിയിൽ ഒ ആർ കേളു എംഎൽഎയും വൈത്തിരി ഉപജില്ലാതല ഉദ്ഘാടനം വെള്ളാർമല ജിവിഎച്ച്എസ്‌എസിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്‌ ബിന്ദുവും നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top