26 April Friday

മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലി: 
വിളംബര പ്രകടനം നാലിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

 മലപ്പുറം

ബിജെപി സർക്കാരിന്റെ ജനവിരുദ്ധ –- കോർപറേറ്റ്‌ വർഗീയ നയങ്ങൾക്കെതിരെ സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു സംഘടനകളുടെ നേതൃത്വത്തിൽ അഞ്ചിന്‌ പാർലമെന്റിലേക്ക്‌ നടത്തുന്ന മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലിയുടെ വിളംബരമായി. ചൊവ്വാഴ്ച വില്ലേജ് കേന്ദ്രങ്ങളിൽ പ്രകടനങ്ങളും പന്തംകൊളുത്തി പ്രകടനങ്ങളും സംഘടിപ്പിക്കുമെന്ന്‌  സംയുക്ത സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, സംഭരണം ഉറപ്പാക്കി ഇ 2+50 ശതമാനം എന്ന കണക്കിൽ മിനിമം താങ്ങുവില ഉറപ്പാക്കുക, ലേബർ കോഡുകൾ, വൈദ്യുതി ഭേദഗതി നിയമം എന്നിവ റദ്ദാക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, ദേശീയ വിദ്യാഭ്യാസനയം –-2020 റദ്ദാക്കുക തുടങ്ങി പതിമൂന്നോളം ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പാർലമെന്റ്‌ മാർച്ച്‌ നടത്തുന്നത്‌. 
റാലിയുടെ പ്രചാരണ ഭാഗമായി ജില്ലയിൽ വലിയരീതിയിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. ജില്ലാ കൺവൻഷൻ, പഞ്ചായത്ത്‌ മുനിസിപ്പൽ കൺവൻഷൻ, കാൽനട ജാഥകൾ എന്നിവ സംഘടിപ്പിച്ചു. പ്രാദേശികാടിസ്ഥാനത്തിലും പഞ്ചായത്ത്‌ മുനിസിപ്പൽ അടിസ്ഥാനത്തിലുമായി 109 കാൽനട ജാഥകളാണ്‌ സംഘടിപ്പിച്ചത്‌. ജില്ലയിൽനിന്ന്‌ വനിതകൾ ഉൾപ്പെടെ 180 വള​ന്റിയർമാർ പാർലമെന്റ്‌ മാർച്ചിൽ പങ്കെടുക്കും. മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലി വിജയിപ്പിക്കണമെന്നും മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടുന്ന പോരാട്ടങ്ങളിൽ ജില്ലയിലെ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ, ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, കർഷക സംഘം ജില്ലാ സെക്രട്ടറി വി എം ഷൗക്കത്ത്‌, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ഇ ജയൻ എന്നിവർ പങ്കെടുത്തു.
 
സമര വള​ന്റിയർമാർക്ക് യാത്രയയപ്പ് 
തിരൂർ
ഡൽഹിയിൽ നടക്കുന്ന കിസാൻ മസ്ദൂർ സംഘർഷ്‌ റാലിയിൽ പങ്കെടുക്കുന്ന സമര വളന്റിയർമാർക്ക് തിരൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ കൂട്ടായി ബഷീർ യാത്രയയപ്പ് യോഗം ഉദ്ഘാടനംചെയ്തു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ഇ ജയൻ അധ്യക്ഷനായി. 
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, കെ വി പ്രസാദ്, പി ജ്യോതിഭാസ് എന്നിവർ സംസാരിച്ചു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ നാരായണൻ, കെ വി പ്രസാദ്, കെ പി കൃഷ്ണൻ, ജാബിർ ഉനൈസ് എന്നിവരുടെ നേതൃത്വത്തിലാണ്‌ സംഘം യാത്രതിരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top