25 April Thursday

ആറാട്ടുപുഴ പൂരം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

ആറാട്ടുപുഴ പൂരം നടക്കുന്ന ക്ഷേത്രവും പന്തലും ദീപാലംകൃതമായപ്പോള്‍

 

ചേർപ്പ്
ആഘോഷത്തിനും ചടങ്ങുകൾക്കും ഒരുപോലെ പ്രാധാന്യമുള്ള ചരിത്രപ്രസിദ്ധമായ ആറാട്ടുപുഴ പൂരം തിങ്കളാഴ്‌ച. വൈകിട്ട് ആറരയോടെ ആറാട്ടുപുഴ ശാസ്താവ് 15 ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്ര മതിൽക്കെട്ടിനു  പുറത്തേക്ക്‌ എഴുന്നള്ളും.
   ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ തെക്കോട്ടഭിമുഖമായി പൂരം അണിനിരക്കും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 250  കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം അരങ്ങേറും. മേളം കൊട്ടിക്കാലശിച്ചാൽ തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്നാരായാൻ ശാസ്താവ് ഏഴുകണ്ടംവരെ പോകും. മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ഏവർക്കും ആതിഥ്യമരുളി നിലപാടു നിൽക്കും. തുടർന്ന് വിവിധ ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിക്കും. ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായ ദേവസംഗമത്തിൽ തൃപ്രയാർ തേവർ, ഊരകത്തമ്മ തിരുവടി, ചേർപ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ്, അന്തിക്കാട് ഭഗവതി, തൊട്ടിപ്പാൾ ഭഗവതി, കടലാശേരി പിഷാരിക്കൽ ഭഗവതി, എടക്കുന്നി ഭഗവതി, അയ്ക്കുന്ന് ഭഗവതി, തൈക്കാട്ടുശേരി ഭഗവതി, കടുപ്പശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പൂനിലാർക്കാവ് ഭഗവതി, ചാലക്കുടി പിഷാരിക്കൽ ഭഗവതി, ചക്കംകുളങ്ങര ശാസ്താവ്, കോടന്നൂർ ശാസ്താവ്, നാങ്കുളം ശാസ്താവ്, ശ്രീമാട്ടിൽ ശാസ്താവ്, നെട്ടിശേരി ശാസ്താവ്, കല്ലേലി ശാസ്താവ്, ചിറ്റിച്ചാത്തക്കുടം ശാസ്താവ്, മേടംകുളം ശാസ്താവ്, തിരുവുള്ളക്കാവ് ശാസ്താവ് എന്നിവരാണ് പങ്കാളികളാകുന്നത്. രാത്രി 11 ന്‌ തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. ഏഴ്‌ ആനകളുടെ അകമ്പടിയോടെ ഗംഭീര പഞ്ചാരിമേളം നടക്കും.
ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനുശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാടു നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് മടങ്ങും. പുലർച്ചെ  ഒന്നിന്‌ പൂനിലാർക്കാവ്, കടുപ്പശേരി, ചാലക്കുടി   പിഷാരിക്കൽ ഭഗവതിമാരുടെ  അഞ്ച്‌ ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെയുള്ള പൂരം. 12ന്‌ എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും. അഞ്ച്‌ ആനകളുടെ പൂരത്തിന്  പഞ്ചാരിമേളം അകമ്പടിയാകും. ഒരു മണിയോടെ അന്തിക്കാട് ചൂരക്കോട് ഭഗവതിമാരുടെ പൂരമെത്തും. ആറ്‌ ആനകളും പഞ്ചാരിമേളവുമുണ്ടാകും. ഇതിനിടെ അഞ്ച്‌ ആനകളും പാണ്ടിമേളവുമായി രാത്രി 11ന്‌   നെട്ടിശേരി ശാസ്താവിന്റെ പൂരം എഴുന്നള്ളും. അർധരാത്രിയോടെ ദേവമേളയ്‌ക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ  കൈതവളപ്പിലെത്തും. പല്ലിശേരി സെന്റർ മുതൽ കൈതവളപ്പുവരെ തേവർക്ക് 11 ആനകളും പഞ്ചവാദ്യവും തുടർന്ന് 21 ആനകളോടെയുള്ള പാണ്ടിമേളവുമാണ്. പാണ്ടി മേളം അവസാനിച്ചാൽ  ഇടതുവശത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മതിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയുമായി 50ൽപ്പരം ആനകളുടെ അകമ്പടിയോടെ പ്രസിദ്ധമായ കുട്ടിയെഴുന്നെള്ളിപ്പ് നടക്കും. 
തേവർ കൈതവളപ്പിലെത്തിയാൽ ആറാട്ടുപുഴ മന്ദാരം കടവിൽ പൂരത്തിൽ പങ്കാളികളായ ദേവീദേവൻമാരുടെ ആറാട്ട് നടക്കും. തുടർന്ന് ഉപചാരം ചൊല്ലി പിരിയുന്നതോടെ ആറാട്ടുപുഴ പൂരത്തിന് സമാപ്തിയാകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top