24 April Wednesday
ജോസ് സഹായൻ വധം

ഹൈക്കോടതിയിൽ അപ്പീൽ 
ഫയൽചെയ്തു

സ്വന്തം ലേഖകൻUpdated: Sunday Apr 2, 2023

 

കൊല്ലം
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രതിയായ ജോസ്‌ സഹായൻ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്തു. കൊല്ലം അഡീഷണൽ സെഷൻസ്‌ കോടതി–- നാല്‌ ജഡ്‌ജിന്റെ വിധിക്കെതിരെ ജോസ് സഹായന്റെ ഭാര്യ ലിസിയാണ്‌ അപ്പീൽ ഫയൽചെയ്‌തത്‌. 
കേസിൽ 61 സാക്ഷികളെ വിസ്തരിക്കുകയും 130 രേഖകൾ മാർക്ക് ചെയ്യുകയും ഒമ്പത്‌ തൊണ്ടിമുതലുകൾ തെളിവിലേക്ക് ഹാജരാക്കുകയും ചെയ്‌തിരുന്നു. സാക്ഷികളുടെ മൊഴി വിശ്വസനീയമല്ലെന്ന കാരണം പറഞ്ഞാണ് പ്രതികളെ വെറുതെവിട്ട്‌ ജഡ്ജ് സുഭാഷ്‌ വിധി പ്രസ്താവിച്ചത്. കേസിലെ പ്രധാന തൊണ്ടിമുതലുകളായ രണ്ടാം പ്രതി കുറ്റകൃത്യംചെയ്യുന്ന സമയത്ത് ഉടുത്തിരുന്ന കൈലി വിചാരണ സമയത്തും ഹിയറിങ് സമയത്തും കോടതിയിൽ കാണാതായിരുന്നു. ഇത് സംബന്ധിച്ച് പ്രോസിക്യുഷൻ പരാതി ഉന്നയിച്ചിരുന്നു. ഈ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന്‌ സിറ്റി പൊലീസ് കമീഷണർ ഉത്തരവിട്ടെങ്കിലും നിരസിച്ചുകൊണ്ടാണ് വിധി പ്രസ്താവിച്ചതെന്ന്‌ അപ്പീൽ ഹർജിയിൽ പറയുന്നു. 
ഒമ്പതും പതിനൊന്നും വയസ്സുള്ള കുട്ടികളുടെ അച്ഛനായ ജോസ് സഹായനെ മൂന്നു വാളുകൊണ്ട് 30 വെട്ട്‌ വെട്ടിയാണ്‌ പ്രതികൾ കൊലപ്പെടുത്തിയത്‌. സാക്ഷികൾ പ്രതികളെയും ആയുധവും തിരിച്ചറിഞ്ഞിരുന്നതായും അപ്പീലിൽ പറയുന്നു. 
കണ്ണനല്ലൂർ നോർത്ത്‌ മൈലക്കാട്‌ കടപ്പാത്തൊടിയിൽ ജോസ്‌ സഹായനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയതാണ്‌ കേസ്‌. 2009 ജൂലൈ 26നു രാത്രി ഒമ്പതിന്‌ ജോസ്‌ സഹായന്റെ വീടിനു സമീപമാണ്‌ സംഭവം. 10 പ്രതികളാണ്‌ കേസിൽ ഉണ്ടായിരുന്നത്‌. ഇതിൽ ഏഴാം പ്രതിയാണ്‌ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്‌ പ്രശാന്ത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top