24 April Wednesday

‘ബ്രിഡ്ജ് ടൂറിസ’ത്തിലേക്കും ചേകാടിയുടെ പാലം

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ചേകാടി പാലം

പുൽപ്പള്ളി
ടൂറിസത്തിന്റെ പുതിയ മുഖമായ ബ്രിഡ്ജ് ടൂറിസത്തിന്റെ സാധ്യതകളുമായി  ചേകാടി പാലം. പുൽപ്പള്ളി–-തിരുനെല്ലി പഞ്ചായത്തുകളെ തോണിക്കടവിൽ കബനിനദിക്ക് കുറുകെ ബന്ധിപ്പിക്കുന്ന പാലത്തിൽനിന്നുള്ള കാഴ്‌ചകൾ നയനമനോഹരമാണ്‌. ടൂറിസം വകുപ്പിന്റെ സ്‌ട്രീറ്റ്‌ ടൂറിസം പദ്ധതിയിൽ ഇടംപിടിച്ച ചേകാടി ഗ്രാമത്തിലെ ഈ പാലവും വിനോദസഞ്ചാര കേന്ദ്രമാകുമെന്ന പ്രതീക്ഷയാണിപ്പോൾ ഗ്രാമവാസികൾക്ക്‌. പൊതുമരാമത്ത്‌ വകുപ്പാണ്‌ സംസ്ഥാനത്ത്‌ ബ്രിഡ്‌ജ്‌ ടൂറിസം പദ്ധതി നടപ്പാക്കുന്നത്‌. ആദ്യഘട്ടത്തിൽ  50 പാലങ്ങളാണ്‌ ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്‌. അടുത്ത ഘട്ടത്തിൽ ചേകാടിയെയും ഉൾപ്പെടുത്താൻ ടൂറിസം, പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതർ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. 
 12 കോടി രൂപ വിനിയോഗിച്ച്‌ നിർമിച്ച പാലത്തിന്‌ 130 മീറ്റർ നീളവും എട്ട്‌ മീറ്റർ വീതിയുമുണ്ട്.  ജില്ലയിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നാണിത്‌.  
 ഹരിതഭംഗിയാർന്ന നെൽവയലുകളും ഗോത്രപാരമ്പര്യം നിലനിർത്തുന്ന പൈതൃക ഭവനങ്ങളും കലാരൂപങ്ങളും ചേകാടിയുടെ പ്രത്യേകതയാണ്. പുൽപ്പള്ളിയിൽനിന്ന് പാളക്കൊല്ലിവഴി 13 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് കാട്ടിക്കുളം–-ബാവലി വഴി 30 കിലോമീറ്ററും സഞ്ചരിച്ചാൽ ചേകാടിയിലെത്താം. പാലത്തിലെത്തിയാൽ ശാന്തമായൊഴുകുന്ന കബനി നദിയുടെ സൗന്ദര്യവും പരിസരത്തെ വയലുകളിലെ ഹരിതഭംഗിയും ആസ്വദിക്കാം. ജില്ലയിൽ ബ്രിഡ്‌ജ് ടൂറിസത്തിന് ഏറ്റവും സാധ്യതയുള്ള പാലമായാണ്‌ ചേകാടി കണക്കാക്കപ്പെടുന്നത്. പദ്ധതിയിൽ ഉൾപ്പെട്ടാൽ പ്രദേശത്തെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും വർധിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top