20 April Saturday

മിന്നൽ, ഇടി, പുക...കോളിയാർ നടുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

അപകടം ഉണ്ടായ കോളിയാർ ക്വാറിയിൽ തഹസിൽദാർ പി വി മുരളി 
പരിശോധിക്കുന്നു

രാജപുരം
‘‘മതി രമേശാ നമുക്ക് പണി നിർത്താം. നല്ല മഴ വരാൻ സാധ്യതയുണ്ട്. അതിന് മുമ്പായി വെടിമരുന്ന് പൊട്ടിക്കാൻ പറ്റുമെങ്കിൽ പൊട്ടിക്ക്’’ ഇങ്ങനെ പറഞ്ഞാണ് തൊഴിലാളികൾ ക്വാറിയിൽ നിന്നും താഴെ ഇറങ്ങിയത്. മിന്നലിന്റെ വൻ ശബ്ദം കേട്ട് തൊഴിലാളികൾ രമേശനോട് പണി നിർത്താൻ ആവശ്യപ്പെട്ടു. അതുപറഞ്ഞു മിനിറ്റുകൾക്ക് ശേഷം വൻസ്‌ഫോടനമുണ്ടായി. 
സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഒരു സ്ത്രീയടക്കം രണ്ട് പേർക്ക് പരിക്കുമേറ്റു. പാൽക്കുളം കത്തുണ്ടിയിലെ രമേശനാ(47)ണ് മരിച്ചത്. സഹതൊഴിലാളികളായ പനയാർകുന്നിലെ പ്രഭാകരൻ(45), കോളിയാറിലെ നാരായണന്റെ ഭാര്യ സുമ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുണ്ട്‌. 
 വൈകിട്ട് നാലോടെയാണ്‌ പാൽക്കുളത്തെ നാഷണൽ കരിങ്കൽ ക്വാറിയിൽ അപകടമുണ്ടായത്‌.  മഴ വരുന്നതിന് മുമ്പ് തന്നെ പാറ പൊട്ടിക്കുന്നതിന് ഉണ്ടാക്കിയ കുഴിയിൽ വെടിമരുന്ന് നിറച്ചു വെച്ചിരുന്നു. ഉടൻ മഴ വരില്ലെന്ന് കരുതി; പൊട്ടിക്കാം എന്ന് പറഞ്ഞാണ് തൊഴിലാളികൾ താഴെ ഇറങ്ങിയത്. താഴെ ഇറങ്ങി സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ്  മിന്നലിൽ വെടിമരുന്നിന് തീപിടിച്ചത്. കല്ലുകൾ പൊട്ടി തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികൾ കല്ലിനടിയിൽപ്പെട്ടു.   പുകപടലങ്ങൾ കൊണ്ട് ക്വാറിയാകെ നിറഞ്ഞു.  എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്നു എല്ലാവരും. കൂടുതൽ ആളുകൾ എത്തിയാണ് ക്വാറിയിൽ ഇറങ്ങി തൊഴിലാളികളെ കരക്ക് കയറ്റിയത്.  പുറത്ത് എടുത്തപ്പോൾ തന്നെ രമേശൻ ബോധരഹിതനായിരുന്നു. 
കുടുംബത്തിന്റെ അത്താണിയെയാണ്‌ രമേശന്റെ വേർപാടിൽ  നഷ്‌ടമായത്‌. ക്വാറിയിൽ എത്ര തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന വ്യക്തത ഇല്ലാത്തതും നാട്ടുകാരെ ഏറെനേരം ആശങ്കയിലാക്കി.  പരിക്കേറ്റവരിൽ നിന്നും വിവരം ശേഖരിച്ചാണ് അപകടത്തിൽ മറ്റ് തൊഴിലാളികൾ ഇല്ലെന്ന് ഉറപ്പാക്കിയത്.  വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി, അമ്പലത്തറ സിഐ രഞ്ജിത്ത് രവീന്ദ്രൻ, എസ്‌ഐ കെ ദാമോദരൻ, പഞ്ചായത്ത് അംഗം എം വി ജഗന്നാഥൻ, മൈക്കിൾ സെബാസ്റ്റ്യൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top