തലശേരി
കിടപ്പിലായ രോഗികൾക്ക് പ്രതീക്ഷയുടെ പിടിവള്ളിയാണിന്ന് കതിരൂർ സർവീസ് സഹകരണ ബാങ്ക്. ആശയറ്റ മനുഷ്യരെ ചേർത്തുപിടിക്കാൻ ഊന്നുവടിയും ജീവവായുവുമായി ഈ ധനകാര്യസ്ഥാപനം ഒപ്പമുണ്ട്. രോഗികൾക്കാവശ്യമായ ഉപകരണങ്ങളെല്ലാം ‘ദയ സാന്ത്വന സഹകരണ കേന്ദ്രം’ വഴി ബാങ്ക് രോഗികളുടെ വീടുകളിലെത്തിക്കുന്നു. ഇതിനകം നിരവധി രോഗികളുടെ ജീവിതത്തിൽ കാരുണ്യത്തിന്റെ സ്‌നേഹസ്‌പർശമായി ‘ദയ’ മാറി. വാട്ടർബെഡ്, വീൽചെയർ, വാക്കിങ്‌സ്‌റ്റിക്, ഓക്‌സിജൻ കൺസൻട്രേറ്റർ തുടങ്ങി രോഗികൾ്ക്ക് ആവശ്യമായതെല്ലാം ഇവിടെ സൗജന്യം. ആവശ്യം കഴിഞ്ഞാൽ തിരികെ നൽകണമെന്ന വ്യവസ്ഥ മാത്രം.
ബാങ്കിന്റെ പൊതുനന്മാ ഫണ്ടിൽനിന്നാണ് കിടപ്പുരോഗികളുടെ കണ്ണീരൊപ്പാനുള്ള പദ്ധതി തുടങ്ങിയത്. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് മാസം നൽകുന്ന പെൻഷനും രോഗികൾക്ക് ആശ്വാസം പകരുന്നു. ബാങ്ക് ജീവനക്കാർ ഓരോ മാസവും തുക വീടുകളിലെത്തിക്കുന്നു.
കോവിഡ് കാലത്ത് പലിശ രഹിത വായ്‌പ
കോവിഡ് കാലത്താണ് കതിരൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹായഹസ്‌തം ജനമനസ് തൊട്ടത്. നാല് കോടി രൂപയാണ് അന്ന് പലിശരഹിത വായ്‌പയായി നൽകിയത്. 4000 പേർക്ക് പതിനായിരം രൂപവീതം വായ്‌പ അനുവദിച്ചു. എല്ലാ രോഗികൾക്കും ഭക്ഷ്യക്കിറ്റും മരുന്നുകിറ്റും നൽകി.
കൃഷിയിലേക്കും
നാടിനെ നയിച്ചു
കൃഷിയിലേക്കും നാടിനെ നയിക്കുകയാണിപ്പോൾ കതിരൂർ സർവീസ് സഹകരണ ബാങ്ക്. 32 കർഷക ഗ്രൂപ്പുകളിലൂടെ 34 ഏക്കറിൽ കൂടി കൃഷി വ്യാപിപ്പിച്ചു. ആയിരത്തോളം കർഷകർക്കാണ് ഇതുവഴി സഹായം ലഭിക്കുന്നത്. എരുവട്ടി വയലിലെ 24 ഏക്കറിലെ നെൽകൃഷി വിളവെടുപ്പ് ഈ ആഴ്‌ച നടക്കും. നാടൻ പച്ചക്കറികൾ ശേഖരിച്ച്, ചന്തവഴി ജനങ്ങൾക്ക് എത്തിക്കുന്നു. തക്കാളിക്കും ഉള്ളിക്കും പഞ്ചസാരക്കും വില കൂടിയപ്പോൾ കിലോവിന് 5 രൂപ വീതം കുറച്ച് ജനങ്ങൾക്ക് നൽകിയതും കതിരൂർ ബാങ്കാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..