തൃശൂർ
പെരിങ്ങാവ് കോവിലകം ബാറിന് മുന്നിൽ കഴിഞ്ഞദിവസം നടന്ന സംഘർഷത്തിൽ പ്രതികൾ അറസ്‌റ്റിലായി. നാലുപേരടങ്ങുന്ന സംഘം ക്രിക്കറ്റ് സ്റ്റമ്പും പട്ടികയുമായി വിവേക് എന്നയാളുടെ തലയും കൈയും തല്ലിപ്പൊട്ടിക്കുകയും, ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഓട്ടോക്കാരനെ ആക്രമിച്ച് മൊബൈൽ ഫോൺ കവരുകയുമായിരുന്നു. തൃശൂർ വെളിയന്നൂർ സ്വദേശി അന്തിക്കാടൻ വീട്ടിൽ വിവേക് (27), കുരിയച്ചിറ മമ്മി ഡാഡി സ്വദേശി പള്ളിമേക്കൽ രോഹിത് (28), ആട്ടോക്കാരൻ വീട്ടിൽ ഷിജോ (42), വരടിയം ഇത്തപ്പാറ കോളനി സ്വദേശി ചാഴുവീട്ടിൽ രതീഷ് (42) എന്നിവരെയാണ് വിയ്യൂർ പൊലീസ് അവണൂർ വരടിയത്തുനിന്ന് പിടികൂടിയത്. ഇതിൽ വിവേക്, രോഹിത്, രതീഷ് എന്നിവരുടെ പേരിൽ കൊലപാതകം ഉൾപ്പെടെ നിരവധി കവർച്ച കേസുകൾ നിലവിലുണ്ട്.
ഒന്നാംപ്രതി ഒരു വർഷത്തെ കാപ്പ കരുതൽ തടങ്കലിനു ശേഷം ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പുറത്തിറങ്ങിയത്. വിയ്യൂർ എസ്‌എച്ച്‌ഒ കെ സി ബൈജുവിന്റെ നേതൃത്വത്തിൽ എസ് ഐ ജിനികുമാർ, എഎസ്ഐ പ്രദീപ്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത് ശ്രീധർ, പി സി അനിൽകുമാർ, വൈ ടോമി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..