26 April Friday

റിട്ടയർമെന്റില്ല, 
കൃഷിജീവിതത്തിന്‌

സുരേഷ് വെട്ടുകാട്ട്Updated: Saturday Oct 1, 2022

ഡോ. ആർ ഡി അയ്യരും ഡോ. രോഹിണി അയ്യരും

കരുനാഗപ്പള്ളി
വിശ്രമജീവിതവും കാർഷികമേഖലയിലെ പുത്തൻ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കുമായി മാറ്റിവച്ച്‌ ദമ്പതികൾ. തഴവ വെങ്ങാട്ടമ്പള്ളി ഇല്ലത്ത് ഡോ. ആർ ഡി  അയ്യരും ഡോ. രോഹിണി അയ്യരുമാണ്‌ ജീവിതം കാർഷികലോകത്തിനായി സമർപ്പിക്കുന്നത്‌. തോട്ടവിള ഗവേഷക കേന്ദ്രത്തിലെ മുൻ വകുപ്പിന്റെ  മേധാവികളായ ആർ ഡി അയ്യർക്ക് പ്രായം 87 പിന്നിട്ടു, രോഹിണി അയ്യർക്ക് 78. ഇന്നും ക്ലാസും ഗവേഷണങ്ങളുമൊക്കെയായി തിരക്കിലാണ്‌ ഇരുവരും.
1995ലാണ് തോട്ടവിള ഗവേഷക കേന്ദ്രത്തിലെ വകുപ്പ് മേധാവിയായി ആർ ഡി അയ്യർ വിരമിച്ചത്. രോഹിണി അയ്യർ 2006ലും വിരമിച്ചു. എന്നാൽ, വ്യക്തിമുദ്ര പതിപ്പിച്ച കർമമേഖലയ്ക്കായുള്ള സംഭാവന അവിടെ അവസാനിപ്പിക്കാൻ ഇരുവരും തയ്യാറായില്ല. ആർജിച്ച കഴിവുകൾ പകർന്നുനൽകുന്നതിനും പുത്തൻ പരീക്ഷണങ്ങൾക്കുമാണ് വിശ്രമജീവിതം ഇരുവരും മാറ്റിവച്ചത്. പ്ലാസ്റ്റിക് ​ഗ്രോബാ​ഗ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കു ബദലായി റബർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് റബർ ചട്ടികൾ എന്ന ആശയവുമായാണ് ഇരുവരും അടുത്തകാലത്ത് ശ്രദ്ധേയരായത്. എട്ടുവർഷംവരെ ഉപയോ​ഗിക്കാൻ സാധിക്കുന്ന റബർ ചട്ടികൾ അതിനുശേഷം പുനഃചംക്രമണം ചെയ്ത് വീണ്ടും പ്രയോജനപ്പെടുത്താനാകും. ഇതിന്റെ പ്രാധാന്യം സമൂഹം ഇനിയും വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഇരുവരും പറയുന്നത്. 
സ്വദേശവും തഴപ്പായുടെ സ്വന്തം നാടുമായ തഴവയിൽ കൈതച്ചെടികൾ അപ്രത്യക്ഷമാകുന്നതിനു പരിഹാരമായി മുള്ളുകൾ ഇല്ലാത്തതരം കൈതച്ചെടികൾ ഉൽപ്പാദിപ്പിക്കാനുള്ള പരീക്ഷണത്തിലാണിവർ. അസമിൽ കാണപ്പെടുന്ന കൈതച്ചെടി ഇനത്തെ ഉപയോ​ഗപ്പെടുത്തി ട്രോപ്പിക്കൽ ബോട്ടാണിക്കൽ ​ഗാ‌‌ർഡന്റെ സഹായത്തോടെയാണ് ​ഗവേഷണം. ആഫ്രിക്കൻ പായലിനെ കമ്പോസ്റ്റ് വളവാക്കി മാറ്റുന്ന പരീക്ഷണവും അന്തിമഘട്ടത്തിലാണ്. ഗവേഷണങ്ങൾക്ക്  ഇടവേള നൽകാത്ത ഇവരുടെ വീട്ടുവളപ്പിലും കൃഷിയുടെ മായികലോകം കാണാനാകും. 
കലാമിന്റെ സഹപാഠി
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ സഹപാഠിയാണ് ഡോ. ആർ ഡി അയ്യർ. ഡൽഹി ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനിടെയാണ് തഴവ സ്വദേശിയായ രോഹിണി മധുര തിരുമംഗലം സ്വദേശിയായ ആർ ഡി അയ്യരെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഗായിക ചിത്രാ അയ്യർ, ശാരദ, ഡോ. രമ എന്നിവരാണ് മക്കൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top