27 April Saturday
മികവേറ്റാൻ 23.73 കോടികൂടി

മെഡിക്കൽ കോളേജിൽ വികസനത്തുടർച്ച

സ്വന്തം ലേഖകൻUpdated: Sunday Aug 1, 2021

കൊല്ലം ഗവ. മെഡിക്കൽ കോളേജ് (ഫയൽ ചിത്രം)

ചാത്തന്നൂർ
എൽഡിഎഫ്‌ ഭരണത്തിൽ കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌ വീണ്ടും വികസനക്കുതിപ്പിന്‌ ഒരുങ്ങുന്നു. മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കുന്നതിനുള്ള വിവിധ വികസന പ്രവർത്തനങ്ങൾക്കായി 23.73 കോടിയുടെ ഭരണാനുമതിയായി. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരുടെ ശമ്പളത്തിന്‌ 9.25 കോടിയും നേഴ്‌സുമാരുടെ ഔട്ട്‌സോഴ്‌സിങ്‌ സേവനത്തിന്‌ 82 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
പോർട്ടബിൾ അൾട്രാസൗണ്ട്–-10 ലക്ഷം, നെർവ് മോണിറ്റർ–-17 ലക്ഷം, മോഡേൺ ഓട്ടോസ്‌പി വർക്‌സ്റ്റേഷൻ–-10 ലക്ഷം, സിആം 11.30 ലക്ഷം, ഫുള്ളി ഓട്ടോമേറ്റഡ് ഹൈബ്രിഡ് യൂറിൻ അനലൈസർ–-14.50 ലക്ഷം, വീഡിയോ ബ്രോങ്കോസ്‌കോപ്പ്–-16 ലക്ഷം, എക്കോകാർഡിയോഗ്രാഫി സിസ്റ്റം–-28.50 ലക്ഷം, എച്ച്ഡി ലാപ്പറോസ്‌കോപ്പിക് സിസ്റ്റം–-44 ലക്ഷം, വീഡിയോ ഗാസ്‌ട്രോസ്‌കോപ്പ്–-18 ലക്ഷം, ഡിജിറ്റൽ ഫ്ലൂറോസ്‌കോപ്പി മെഷീൻ–-50 ലക്ഷം, മെഡിക്കൽ ഗ്യാസ്–-85 ലക്ഷം, ഫർണിച്ചർ–-20 ലക്ഷം, സെൻട്രൽ ലൈബ്രറിയിലെ പുസ്തകങ്ങൾ–-70 ലക്ഷം, ജേർണലുകൾ–-50 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഫയർ ആൻഡ്‌ സേഫ്റ്റി സർവീസിന്‌ 34 ലക്ഷവും അനുവദിച്ചു.
പതറിയില്ല, 
മാതൃകയായി
ജില്ലയിലെ ആദ്യ കോവിഡ് ആശുപത്രിയായ മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയ്‌ക്ക്‌ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയത്‌. രോഗവ്യാപനം രൂക്ഷമായ ആദ്യഘട്ടത്തിൽ പരിശോധനയ്‌ക്ക്‌ ഒന്നരക്കോടി  ചെലവിൽ ആർടിപിസിആർ ലാബ്, 20 ലക്ഷം രൂപ ചെലവിട്ട്‌ കോവിഡ് ഐസിയു നവീകരണം, പ്ലാസ്മ തെറാപ്പിക്ക്‌ ഫെറസിസ് മെഷീൻ എന്നിവ ഒരുക്കി. കോവിഡ് രോഗികൾക്കായി 500 കിടക്ക, 42 വെന്റിലേറ്റർ എന്നിവയുണ്ട്‌. 
നവീകരിച്ച 18 കിടക്കയുള്ള ഐസിയുവിൽ എല്ലാ കിടക്കയ്‌ക്കും വെന്റിലേറ്റർ, മൾട്ടി പാരാ മോണിറ്റർ സംവിധാനം, ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് ഡയാലിസിസിനുള്ള ആർഒ പ്ലാന്റ്, ഐസിയു രോഗികൾക്ക് വെന്റിലേറ്റർ, എക്‌സ്റ്റേണൽ മോണിറ്റർ സംവിധാനം, 24 മണിക്കൂറും ക്രിട്ടിക്കൽ കെയർ ടീമിന്റെ സേവനം എന്നിവയും ലഭ്യമാക്കി. ഹൃദ്രോഗികൾക്കായി എട്ടുകോടി ചെലവിൽ നിർമിച്ച കാത്ത് ലാബും സജ്ജമാണ്.
 
 
വികസനം വന്ന വഴി
കൊല്ലം 
2016–-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ്‌ 100 എംബിബിഎസ് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കിയത്‌. 300 കിടക്കയുള്ള ആശുപത്രി ആരംഭിക്കുകയും 600ലേറെ തസ്തിക സൃഷ്ടിക്കുകയുംചെയ്ത്‌ മുന്നേറ്റത്തിനു വഴിയൊരുക്കി. അത്യാധുനിക സൗകര്യമുള്ള അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയേറ്ററുകൾ, ലേബർ റൂം, കാരുണ്യ ഫാർമസി, 24 മണിക്കൂർ പ്രവർത്തിക്കുന്ന രക്തബാങ്ക് എന്നിവയെല്ലാം ഈ സർക്കാർ വന്നശേഷമാണ് ഒരുക്കിയത്. 10 കിടക്കയുള്ള ഡയാലിസ് യൂണിറ്റും സജ്ജമായി. മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയായി പൂർണ സജ്ജമാക്കാൻ കിടക്കകളുടെ എണ്ണം 300-ൽനിന്ന് 500ലേക്കും ഉയർത്തി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top