20 April Saturday

അവർക്കൊപ്പം...

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
മലപ്പുറം
രാജ്യത്തിന്റെ അഭിമാന താരങ്ങൾ നീതിക്കായി തെരുവിൽ സമരംചെയ്യുമ്പോൾ അത്‌ കണ്ടില്ലെന്ന്‌ നടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ നാടെങ്ങും പ്രതിഷേധം. ഒളിമ്പിക്‌സ്‌ അടക്കം അന്താരാഷ്‌ട്ര വേദികളിൽ ഇന്ത്യക്കായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ താരങ്ങൾ പോകുന്ന അവസ്ഥയുണ്ടായത്‌ രാജ്യത്തിനാകെ നാണക്കേടായി. താരങ്ങളെ തെരുവിലൂടെ പൊലീസ്‌ വലിച്ചിഴയ്‌ക്കുന്ന അസ്ഥയുമുണ്ടായി. ഇന്ത്യയിൽ മാത്രമല്ല, അന്താരാഷ്‌ട്ര കായിക സംഘടനകൾവരെ താരങ്ങൾക്ക്‌ പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്‌. ഇത്രമാത്രം പ്രതിഷേധങ്ങളുണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന്‌ നടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം എങ്ങും അലയടിക്കുകയാണ്‌. 
 

ഒറ്റപ്പെട്ട സംഭവമല്ല

കായികതാരങ്ങൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. പലതും പുറംലോകം അറിയാത്തതാണ്. കായികതാരങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ ഓർമപ്പെടുത്തൽകൂടിയാണ് ഡൽഹിയിൽ നടക്കുന്ന സമരം.  ഇവിടെ പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരം ഉൾപ്പെടെ ലൈംഗിക അതിക്രമങ്ങൾക്കെതിരെ പരാതികൊടുത്തിട്ടും നടപടിയെടുക്കാൻ തയ്യാറാകാത്തത് അങ്ങേയറ്റം അപലപനീയമാണ്. ഇതിനെതിരെ ഇന്ത്യയിലെ കായികസമൂഹം ഒന്നടങ്കം  പ്രതിഷേധവുമായി രംഗത്തുവരണം. ഇത് നാടിന്റെ യശസ്സ് വാനോളമുയർത്തിയവരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന സംഭവമാണ്.
സി എച്ച്‌ അമൽ,
ദേശീയ ബേസ്‌ ബോൾ താരം.
 

ഖേദകരം

ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അഭിമാനമായവർ ഇന്ന് ഇന്ത്യയിൽ അപമാനിതരാവുന്നത് വളരെ വിഷമകരമായ അവസ്ഥയാണ്.  ഈയൊരു സാഹചര്യത്തിൽ ഇന്ത്യൻ കായികലോകം മൗനംപാലിക്കുന്നത് ഖേദകരമാണ്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകണം. 
അനാമിക,
ട്രാൻസ്‌ജെൻഡർ അത്‌ലീറ്റ്‌,
രാജ്യത്തെ ആദ്യത്തെ 
ട്രാൻസ്‌ജെൻഡർ റഫറി (കുറാഷ്‌).
 

വിശദമായ അന്വേഷണം വേണം

കായികതാരങ്ങളോട്‌ അപമര്യാദയായി പെരുമാറിയതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണം. ഭരണഘടന അനുശാസിക്കുന്ന എല്ലാ സംരക്ഷണവും കായികതാരങ്ങൾക്ക്‌ ലഭിക്കണം. രാജ്യത്തിന്റെ അഭിമാനമായ കായികതാരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചുവെന്നത്‌ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു. 
യു അബ്ദുൾ കരീം,
മുൻ ജില്ലാ പൊലീസ്‌ മേധാവി, 
മലപ്പുറം വെറ്ററൻസ്‌ ഫുട്‌ബോൾ അസോ. പ്രസിഡന്റ്‌.
 

ബ്രിജ്‌ഭൂഷണെ ഉടൻ അറസ്‌റ്റ്‌ ചെയ്യണം

ഇന്ത്യയുടെ അഭിമാന താരങ്ങളെ ഇനിയും മോശക്കാരായി ചിത്രീകരിക്കരുത്‌. ഇന്ത്യൻ ത്രിവർണ പതാകയ്‌ക്ക്‌ കളങ്കംചാർത്തിയ ബ്രിജ്‌ഭൂഷൺ എംപിയെ ഉടൻ അറസ്‌റ്റ്‌ ചെയ്യണം. ലോക രാഷ്‌ട്രങ്ങൾക്കുമുന്നിൽ ഇന്ത്യൻ പതാക പാറിച്ച വനിതാ താരങ്ങൾ അടക്കമുള്ളവരെ ഒരിക്കലും സമരത്തിലേക്ക്‌ തള്ളിവിടാൻ പാടില്ലായിരുന്നു. രാജ്യത്തിന്റെ മറ്റൊരു അഭിമാന താരമായ പി ടി ഉഷ എംപി എന്താണ്‌ ചെയ്യുന്നതെന്നും നാം ഓർക്കണം. പ്രിയപ്പെട്ടവരെ, നാടിനുവേണ്ടി നേടിയ മെഡൽ ഗംഗയിൽ ഒഴുക്കാൻ തയ്യാറാകുന്നുവെങ്കിൽ അവർ അനുഭവിക്കുന്ന യാതന അത്ര വലുതായിരിക്കുമെന്നുറപ്പാണ്‌. വേദനയോടെ പറയട്ടെ, ഇനിയെങ്കിലും ഇതിന്‌ പരിഹാരം കാണണം. സമരംചെയ്യുന്ന താരങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. 
സുരേന്ദ്രൻ മങ്കട,
ഇന്ത്യൻ യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ടീം  മുൻ നായകൻ.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top