29 March Friday
വയനാട് മെഡിക്കൽ കോളേജ്

വികസനക്കുതിപ്പായി മൾട്ടിപർപ്പസ്‌ ബ്ലോക്കും കാത്ത്‌ ലാബും

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

വയനാട്‌ മെഡിക്കൽ കോളേജിൽ നിർമാണം പൂർത്തിയായ മൾട്ടിപർപ്പസ്‌ ബ്ലോക്ക്‌

 
മാനന്തവാടി
എട്ട്‌ നിലയിലുള്ള മൾട്ടിപർപ്പസ്‌ ബ്ലോക്കും കാത്ത്‌ ലാബും വയനാട്‌ മെഡിക്കൽ കോളേജിന്റെ വികസനത്തിൽ നിർണായകമാകും. ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളാകുന്നതോടെ ചികിത്സയിലും മുന്നേറ്റമുണ്ടാകും. മൾട്ടിപർപ്പസ്‌ ബ്ലോക്ക്‌,  കാത്ത്‌ ലാബ്‌,  സ്‌കിൽ ലാബ്‌ എന്നിവ  ഞായർ പകൽ 12ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുമെന്ന്‌ ഒ ആർ കേളു എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
46 കോടി രൂപ വിനിയോഗിച്ചാണ്‌ എട്ടുനില കെട്ടിടം നിർമിച്ചത്‌. കാത്ത്‌ ലാബിന്‌ എട്ട്‌ കോടിരൂപയും ചെലവഴിച്ചു.  കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ കൂടുതൽ ഡോക്ടർമാരെ നിയമിക്കുകയും ആശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്‌തു.  ഒഴിവുണ്ടായിരുന്ന മുഴുവൻ തസ്തികകളിൽ നിയമനം നടത്തി.  കൂടതൽ സ്‌റ്റാഫ്‌ നഴ്‌സ്‌, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികൾ സൃഷിച്ചു.  ഗൈനക്കോളജി ഉന്നത നിലവാരത്തിലാക്കി.  നവജാത ശിശു പരിചരണത്തിന്‌ മികച്ച ഐസിയു സംവിധാനം കൊണ്ടുവന്നു.  ഒഫ്താൽമോളജിക്കായി പ്രത്യേക ബ്ലോക്ക്  ആരംഭിച്ചു.  അത്യാഹിത വിഭാഗം നവീകരിച്ച്‌ ആധുനിക സംവിധാനങ്ങളൊരുക്കി. 
2021 ഫെബ്രുവരിയിൽ ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തി. 140 തസ്തികൾ  സൃഷ്ടിച്ച് പ്രൊഫസർമാർ ഉൾപ്പെടെയുള്ള ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിച്ചു.  ഗവ. നേഴ്‌സിങ് കോളേജ് കെട്ടിടത്തിൽ മെഡിക്കൽ കോളേജ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കൂടുതൽ  ഡോക്ടർമാർ വന്നതോടെ ചികിത്സയിൽ മാറ്റമുണ്ടായി. കാത്ത്‌ലാബിലൂടെ ഹൃദ്‌രോഗ ചികിത്സയിലും വലിയ മുന്നേറ്റമുണ്ടാകും.  
മെഡിക്കൽ ഒപി, എക്‌സറേ, റേഡിയോളജി, ഡയാലിസിസ്  സെന്റർ, സ്ത്രീ-പുരുഷ വാർഡുകൾ എന്നവ പുതിയ ബ്ലോക്കിൽ പ്രവർത്തിക്കും.   ഹഡ്‌കോയുടെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി 70 ലക്ഷം രൂപ വിനിയോഗിച്ച്‌ 2850 സ്‌ക്വയർ ഫീറ്റിലാണ്‌ സ്‌കിൽ ലാബ്‌ നിർമിച്ചത്‌.  വയനാട് പാക്കേജിൽ ഉൾപ്പെത്തി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. പൊതുജനങ്ങളുടേയും സംഘടനകളുടേയും പിന്തുണയോടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കൂടുതൽ  കാര്യക്ഷമമാക്കുമെന്നും എംഎൽഎ പറഞ്ഞു.  
വാർത്താ സമ്മേളനത്തിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്‌റ്റിൻ ബേബി, നഗരസഭാ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി എസ്‌ മൂസ, മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ഡോ. രാജേഷ്‌ എന്നിവരും പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top