25 April Thursday

ജീവൻവച്ച്‌ കളിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

 പൊരിവെയിലിലെ ഈ നിൽപ്പ്‌ നാടിനായി

സ്വന്തം ലേഖകൻ
കൊല്ലം
‘പൊരിവെയിലത്ത് ചുട്ടുപഴുത്ത റോഡിൽ മാസ്‌കും ധരിച്ചു നിൽക്കുന്നത് നാടിന്റെ നന്മയ്ക്കായാണ്‌. ഞങ്ങളോട് തട്ടിക്കയറുന്നവർ ദയവായി ഓർക്കണം; കോവിഡിൽ നിന്ന്‌ നാടിനെ സംരക്ഷിക്കാനാണ്‌ ഓരോരുത്തരെയും വഴിയിൽ തടയുന്നത്‌’–- കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജലജയുടേതാണ്‌ വാക്കുകൾ. 
ദേശീയപാതയിലെ ഡ്യൂട്ടി പോയിന്റിലെത്താൻ പുലർച്ചെ നാലിന്‌ ഉണരും. ചെയ്യാവുന്ന വീട്ടുജോലികൾ ചെയ്ത് ബാക്കിയുള്ളവ സുഖമില്ലാത്ത അമ്മയുടെ ചുമലിലാക്കിയാണ് രാവിലെ ആറിനു മുമ്പ് ഇവിടെ എത്തുന്നത്. ഇതിലൊന്നും ഒരു പ്രയാസവും തോന്നാറില്ല. എന്നാൽ, യാതൊരു നിയന്ത്രണവും വകവയ്ക്കാതെ റോഡിലിറങ്ങുന്ന ആളുകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ട്‌ ചില്ലറയല്ലെന്ന്‌ ജലജ പറഞ്ഞു. 
സാധനം വാങ്ങാൻ പോകുന്ന ഞങ്ങളെ തടയാൻ ആരാണ് അധികാരം തന്നതെന്ന് ചോദിച്ച്‌ കഴിഞ്ഞദിവസം ഒരു സർക്കാർ ജീവനക്കാരൻ തട്ടിക്കയറി. കൂടെയുള്ള എസ്‌ഐ എത്തി  ജീവനക്കാരന്റെ ഓഫീസറെ വിളിച്ചു വിവരം അറിയിക്കാമെന്നു പറഞ്ഞതോടെ അയാൾ ക്ഷമപറഞ്ഞ്‌ തിരിച്ചുപോയി. നിയന്ത്രണം പാലിച്ച് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ആവശ്യമായ സഹായം പൊലീസ് നൽകുന്നുണ്ടെന്ന് എസ്ഐ ജയിംസ് പറഞ്ഞു. ഭൂരിഭാഗം പേരും അത്യാവശ്യമൊന്നും ഇല്ലാതെയാണ്‌ റോഡിലിറങ്ങുന്നത്‌. ചൊവ്വാഴ്ച രാവിലെ ആശുപത്രിയിലുള്ള ബന്ധുവിന്റെ അടുത്തേക്ക്‌ പോകാനാണെന്നും പറഞ്ഞാണ്‌ ഒരു യുവാവ്‌ എത്തിയത്‌. യുവാവ്‌ പറഞ്ഞ ബന്ധുവിനെ ഫോണിൽ വിളിച്ചപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു എന്ന മറുപടിയാണ്‌ ലഭിച്ചത്‌. കഠിനമായ ജോലിക്കിടയിലും സർക്കാരിന്റെ കരുതൽ പൊലീസിനൊപ്പം ഉണ്ടെന്നതാണ്‌ ആശ്വാസമെന്ന്‌ ഇവർ പറയുന്നു.
 
 
സ്വന്തം ലേഖകന്‍
കൊല്ലം
ലോക്ക്‌ഡൗൺ ലംഘിച്ച് വാഹനങ്ങളിലും അല്ലാതെയുമായി ജനങ്ങൾ പുറത്തിറങ്ങുന്നത്‌ പ്രതിരോധ നടപടികൾക്ക്‌ വെല്ലുവിളിയാകുന്നു. നിർദേശം ലംഘിച്ച് കൂടുതൽപേർ പുറത്തിറങ്ങിയതോടെ പൊലീസ് നിയന്ത്രണം കർശനമാക്കി.  ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച 24ന്‌ ശേഷം നിയന്ത്രണം ലംഘിച്ചതിന് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് ചൊവ്വാഴ്ചയാണ്‌. 
സിറ്റി പൊലീസ് പരിധിയിൽ 281 കേസുകൾ ചൊവ്വാഴ്ച രജിസ്റ്റർ ചെയ്‌തു.  283 പേർ അറസ്റ്റിലായി. 234 വാഹനങ്ങൾ പിടിച്ചെടുത്തു.  റൂറലില്‍ 193 കേസ് രജിസ്റ്റര്‍ ചെയ്തു. 195 പേരെ അറസ്റ്റ്ചെയ്തു. 145 വാഹനങ്ങള്‍ പിടിച്ചെടുത്തു. വാഹനങ്ങൾ നിരോധനം അവസാനിച്ച ശേഷമേ  തിരികെ നൽകു. 
കൊല്ലം സബ് ഡിവിഷനിൽ 114 കേസും ചാത്തന്നൂർ സബ് ഡിവിഷനിൽ 83 കേസും  കരുനാഗപ്പള്ളി സബ് ഡിവിഷനിൽ 84 കേസും ചൊവ്വാഴ്ച രജിസ്റ്റർചെയ്തു. കൊവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ  പിക്കറ്റ് ഡ്യൂട്ടിയിലും പോയിന്റ് ഡ്യൂട്ടിയിലുമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി ടെന്റ് നിർമിക്കുകയും കുടകളും പ്രതിരോധ സാമഗ്രികളും വിതരണം ചെയ്യുകയും ചെയ്തു. 
ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുന്നു. അതിഥിത്തൊഴിലാളികൾ താമസിക്കുന്നിടത്ത്‌ ഹോം ഗാർഡുകളെ നിയമിച്ചു. നിർദേശങ്ങളടങ്ങിയ വിവിധ ഭാഷകളിലുള്ള ലഘുലേഖകൾ നൽകി. പൊലീസ് സ്റ്റേഷനുകളിൽ നിന്ന്‌ ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്‌തു. ബാങ്കുകളിൽ പെൻഷൻ വിതരണം തുടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തിരക്ക് ഒഴിവാക്കാൻ ടോക്കൺ സമ്പ്രദായവും ക്യൂ സിസ്റ്റവും നടപ്പാക്കി. 
അവശ്യ സേവനങ്ങൾക്കായി ഇനി പുറത്തിറങ്ങുന്നവർ കർശനമായും സത്യവാങ്മൂലമോ തിരിച്ചറിയൽ രേഖയോ ഓൺലൈൻ പാസോ കൈവശം കരുതേണ്ടതാണെന്നും അല്ലാത്ത പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top