19 April Friday

കടൽക്കാഴ്‌ചകളൊരുക്കി നെഫർറ്റിറ്റി വീണ്ടും

●സ്വന്തം ലേഖകൻUpdated: Sunday Sep 19, 2021

കൊച്ചി > കോവിഡ്‌ അടച്ചുപൂട്ടലിനെ തുടർന്ന്‌ സർവീസ്‌ നിർത്തിയ നെഫർറ്റിറ്റി വിനോദസഞ്ചാരക്കപ്പൽ കടൽക്കാഴ്‌ചകളൊരുക്കി വീണ്ടും സഞ്ചാരം തുടങ്ങി. ശനി വൈകിട്ടുമുതലാണ്‌ കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷന്റെ (കെഎസ്‌ഐഎൻസി) കപ്പൽ സർവീസ്‌ ആരംഭിച്ചത്‌.

ഏപ്രിലിൽ സർവീസ്‌ നിർത്തിയ നെഫർറ്റിറ്റി അഞ്ചുമാസത്തിനുശേഷം വിനോദസഞ്ചാരികളുമായി യാത്ര തുടങ്ങി. നാലുമണിക്കൂർ നീളുന്ന കടൽയാത്രയ്‌ക്കിടയിൽ സംഗീതപരിപാടികളും നൃത്തവും ആസ്വദിക്കാം. കുട്ടികൾക്കുള്ള കളിസ്ഥലവും ത്രീഡി തിയറ്ററുമെല്ലാം കപ്പലിലുണ്ട്‌. ബുഫെ ഭക്ഷണവും ലഭിക്കും. കപ്പലിന്റെ ഡെക്കിൽ നിന്ന്‌ കടലിലെ സായാഹ്നക്കാഴ്‌ചകളും ആസ്വദിക്കാവുന്ന രീതിയിലാണ്‌ പാക്കേജ്‌. 125 പേർക്ക്‌ പരമാവധി യാത്ര ചെയ്യാം.

മുതിർന്നവർക്ക്‌ 1999 രൂപയാണ്‌ നിരക്ക്‌. 10 വയസ്സുവരെയുള്ള കുട്ടികൾക്ക്‌ 499 രൂപയും. നാലുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക്‌ യാത്ര സൗജന്യമാണ്‌. ബോൾഗാട്ടി ഐഡബ്ല്യുഎഐ ജെട്ടിയിൽനിന്ന്‌ പൊതു അവധിദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും യാത്രക്കാരുടെ ബുക്കിങ്‌ അനുസരിച്ചാണ്‌ കപ്പൽ യാത്ര നടത്തുക. നിലവിൽ ഒക്‌ടോബർ 3, 9 തീയതികളിലേക്കുള്ള ബുക്കിങ്‌ ആരംഭിച്ചിട്ടുണ്ട്‌. www.nefertiticruise.com വെബ്സൈറ്റ്‌ വഴി ബുക്ക്‌ ചെയ്യാം. ഫോൺ: 9744601234.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top