26 April Friday

നെടുമുടിക്ക്‌ വിട ; ശാന്തികവാടവും കടന്നു

സ്വന്തം ലേഖികUpdated: Tuesday Oct 12, 2021

അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനുവച്ച നടൻ നെടുമുടി വേണുവിന്റെ മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിക്കുന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ തുടങ്ങിയവർ സമീപം


തിരുവനന്തപുരം
മലയാളത്തിന്റെ അഭിനയത്തികവിന്‌ യാത്രാമൊഴി. നടൻ നെടുമുടി വേണു ഇനി ദീപ്തമായ ഓർമ. ചൊവ്വ രാവിലെ അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനുശേഷം   പകൽ രണ്ടിന്‌ തൈക്കാട്‌ ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ ഉണ്ണി വേണു അന്ത്യകർമങ്ങൾ ചെയ്‌തു.

ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്ന്‌ തിങ്കൾ പകൽ 1.10ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അഭിനയകുലപതിയുടെ അന്ത്യം. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുന്നൻപാറയിലെ വസതിയായ ‘തമ്പി’ലും അയ്യൻകാളി ഹാളിലും പ്രിയനടന്‌ ആയിരങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം ബി രാജേഷ്‌, മന്ത്രിമാർ, എംഎൽഎമാർ, മമ്മൂട്ടി, മോഹൻലാൽ  ഉൾപ്പെടെയുള്ള സിനിമാരംഗത്തെ പ്രമുഖരും അന്ത്യോപചാരമർപ്പിച്ചു.

അയ്യൻകാളി ഹാളിൽ പൊതുദർശനത്തിന്‌ വച്ചപ്പോൾ നെടുമുടിയുടെ പ്രിയ ഗാനങ്ങൾ ഒഴുകി. കാവാലം ശ്രീകുമാറും സോപാനം നാടകക്കളരിയിലെ അംഗങ്ങളും ചേർന്ന്‌ ഗാനാഞ്ജലി അർപ്പിച്ചു. നടൻ, ഗായകൻ, തിരക്കഥാകൃത്ത്‌, ഗാനരചയിതാവ്‌, സംവിധായകൻ തുടങ്ങി ആടിയവേഷങ്ങളെല്ലാം അഴിച്ചുവച്ച്‌ പ്രിയനടൻ യാത്രയായപ്പോൾ ലാളിത്യവും അനായാസ അഭിനയവുംകൊണ്ട്‌ സൃഷ്ടിച്ച ഓർമ ബാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top