19 March Tuesday

നെടുമ്പാശേരിയിൽ ഹെലികോപ്‌റ്റർ തകർന്ന്‌ വീണു; അപകടം പരിശീലന പറക്കലിനിടെ

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023


നെടുമ്പാശേരി  
പരിശീലനപ്പറക്കലിനിടെ കോസ്‌റ്റ്‌ ഗാർഡിന്റെ ഹെലികോപ്റ്റർ നെടുമ്പാശേരി വിമാനത്താവളത്തിൽ തകർന്നുവീണു. ഞായർ പകൽ 12.25ന്‌, വിമാനത്താവളത്തിലെ പ്രധാന റൺവേയിൽനിന്ന് അഞ്ച് മീറ്റർ അകലെയാണ്‌ അപകടമുണ്ടായത്‌. മൂന്നുപേരുണ്ടായിരുന്ന ഹെലികോപ്‌റ്ററിൽ തീപിടിക്കാത്തതിനാൽ വൻ അത്യാഹിതം ഒഴിവായി. പരിക്കേറ്റ ക്രൂ സുനിൽ ലോട്ട്‌ലയെ (26) അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെതുടർന്ന്‌ നെടുമ്പാശേരിയിൽനിന്നുള്ള വിമാന സർവീസുകൾ പകൽ 2.30വരെ നിർത്തിവച്ചു. ഹെലികോപ്റ്റർ ക്രെയിൻ ഉപയോഗിച്ച്‌ നീക്കി റൺവേ ശുചീകരിച്ച്‌ സാങ്കേതിക പരിശോധനകൾക്കുശേഷമാണ് സർവീസുകൾ പുനരാരംഭിച്ചത്‌. കോസ്‌റ്റ്‌ ഗാർഡിന്റെ കല്ലയം ഹബ്ബിൽനിന്ന്‌ പറന്നുയർന്ന എഎൽഎച്ച് ധ്രുവ് മാർക്ക് മൂന്ന് ഹെലികോപ്റ്ററാണ്‌ അപകടത്തിൽപ്പെട്ടത്. സിയാൽ അഗ്നി രക്ഷാവിഭാഗം മിനിറ്റുകൾക്കകം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഒമാൻ എയർവേയ്‌സിന്റെ മസ്‌കത്ത്‌–-കൊച്ചി, ഇൻഡിഗോയുടെ മാലി–-കൊച്ചി വിമാനങ്ങൾ അപകടത്തെത്തുടർന്ന്‌ തിരുവനന്തപുരത്തേക്ക്‌ തിരിച്ചുവിട്ടു. ഇവ പകൽ മൂന്നോടെ നെടുമ്പാശേരിയിൽ മടങ്ങിയെത്തി. ജിദ്ദയിലേക്കുള്ള സൗദി എയർലൈൻസിന്റെയും മാലിയിലേക്കുള്ള ഇൻഡിഗോ എയർലൈൻസിന്റെയും ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെയും വിമാനങ്ങൾ ഏറെ വൈകിയാണ് പുറപ്പെട്ടത്. വിവിധ സ്ഥലങ്ങളിൽനിന്ന്‌ നെടുമ്പാശേരിയിൽ എത്തേണ്ട ഒരു ഡസനോളം ആഭ്യന്തര വിമാനങ്ങളും പുനഃക്രമീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top