25 April Thursday

ആൻ റോസിനും ശ്രീലക്ഷ്‌മിക്കും സ്വപ്‌നസാക്ഷാൽക്കാരം ; ഇരുവരും ആറിന്‌ നാഷണൽ ഡിഫൻസ്‌ അക്കാദമിയിൽ ചേരും

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

ആൻ റോസ് മാത്യു / ശ്രീലക്ഷ്‌മി

കൊച്ചി   
നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പ്രവേശന പരീക്ഷയിൽ ഉന്നതവിജയവുമായി പെൺകുട്ടികളുടെ ആദ്യ ബാച്ചിലേക്ക്‌ കേരളത്തിൽനിന്നു രണ്ടുപേർ. ഏഴാംറാങ്കുമായി ആൻ റോസ് മാത്യുവും 12–-ാം റാങ്കുമായി ശ്രീലക്ഷ്‌മിയുമാണ്‌ സ്വപ്‌നസാക്ഷാൽക്കാരത്തിലേക്ക്‌ ചുവടുവയ്‌ക്കുന്നത്‌.  ഇരുവരും നാലുവർഷത്തെ പരിശീലനത്തിന്‌ ആറിന്‌ പുണെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേരും.

നാവികസേനയിൽ കമാൻഡറായ മാനന്തവാടി പയ്യമ്പിള്ളി പൊൻപാറയ്ക്കൽ മാത്യു പി മാത്യുവിന്റെ മകളാണ്‌ ആൻ. തൃക്കാക്കര ഗവ. മോഡൽ എൻജിനിയറിങ് കോളേജിലെ ഒന്നാംവർഷ ബിടെക് കംപ്യൂട്ടർ സയൻസ്‌ വിദ്യാർഥിയാണ്. ഇടപ്പള്ളി ഗവ. ടിടിഐ അധ്യാപികയായിരുന്ന അമ്മ ബീനയുടെ ആഗ്രഹമായിരുന്നു മകളെ സൈനിക ഓഫീസറാക്കുകയെന്നത്‌. ബീന കഴിഞ്ഞ മാർച്ചിൽ അർബുദം ബാധിച്ച്‌ മരിച്ചു. കൊച്ചി നേവി ചിൽ‍ഡ്രൻസ് സ്കൂളിലായിരുന്നു പഠനം. 

മർച്ചന്റ്നേവി റിട്ട. ചീഫ് എൻജിനിയർ അയ്യന്തോൾ മൈത്രി പാർക്കിൽ എ–9 ‘കൃഷ്ണകൃപ’യിൽ ഹരിദാസ് ഭാസ്കരന്റെയും പോട്ടോർ ഭവൻസ് വിദ്യാമന്ദിർ കംപ്യൂട്ടർ സയൻസ് അധ്യാപിക ജ്യോതി പുതുമനയുടെയും മകളാണ് ശ്രീലക്ഷ്മി. സിബിഎസ്ഇ 12–-ാം ക്ലാസ് പരീക്ഷയിൽ, പോട്ടോർ കുലപതി മുൻഷി ഭവൻസ് വിദ്യാമന്ദിറിൽനിന്ന്‌ ഉയർന്ന മാർക്ക്‌ നേടിയിരുന്നു. ജെഇഇക്ക്‌ തയ്യാറെടുക്കുന്നതിനിടെയാണ്‌ പ്ലസ്‌ടു കഴിഞ്ഞ ഉടനെ പ്രവേശന പരീക്ഷ എഴുതാമെന്നറിഞ്ഞത്‌.

അങ്ങനെ ചുരുങ്ങിയ ദിവസങ്ങളിലെ തയ്യാറെടുപ്പിൽ ആദ്യ അവസരത്തിൽതന്നെ എൻഡിഎ പ്രവേശനം നേടാനും ആയി.സഹോദരൻ ശ്രീദത്ത്, ചെന്നൈ വിഐടിയിൽ എൻജിനിയറിങ് വിദ്യാർഥിയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top