29 March Friday
സാമൂഹ്യശാസ്ത്ര പാഠങ്ങൾ ഒഴിവാക്കി; പകരം ദേവീസൂക്തങ്ങളും ഉപനിഷത്തുക്കളും

ജനാധിപത്യവും ഭരണഘടനയും 
പഠിക്കേണ്ടെന്ന്‌ കേന്ദ്ര സർക്കാർ ; എൻസിഇആർടി പാഠപുസ്‌തകങ്ങൾ വീണ്ടും വെട്ടി

എം വി പ്രദീപ്‌Updated: Monday Jul 4, 2022



തിരുവനന്തപുരം
ഭരണഘടനയും ജനാധിപത്യവും ഇനി പഠിക്കേണ്ടെന്ന്‌ കേന്ദ്ര സർക്കാർ. തീവ്ര വർഗീയ അജൻഡകളുടെ ഭാഗമായി എൻസിഇആർടി പാഠപുസ്‌തകങ്ങളിൽനിന്ന്‌ ഇവ വെട്ടിമാറ്റി. പകരം വർഗീയതാൽപ്പര്യങ്ങളോടെയുള്ള പാഠഭാഗങ്ങൾ കുത്തിനിറച്ചു.

മുൻ വർഷങ്ങളിലും പലപാഠഭാഗങ്ങൾ നീക്കം ചെയ്‌തെങ്കിലും ഇത്തവണ തലങ്ങും വിലങ്ങും വെട്ടിയിട്ടുണ്ട്‌. ഭൂരിഭാഗവും സാമൂഹ്യശാസ്ത്ര പാഠങ്ങളാണ്‌. ആറാം ക്ലാസിലെ ചരിത്രം, സോഷ്യൽ ആൻഡ്‌ പൊളിറ്റിക്കൽ ലൈഫ് പുസ്തകത്തിൽനിന്ന്‌ ജനാധിപത്യത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കി. ഏഴാം ക്ലാസിലെ പാഠഭാഗങ്ങളിൽനിന്ന്‌ മുഗൾ ഭരണകൂടം, സമത്വത്തിനുവേണ്ടിയുള്ള സമരങ്ങൾ, ഇന്ത്യൻ ഭരണഘടന, സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യ എന്നിവ വെട്ടി. 10–-ാം ക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്സ് ഭാഗം രണ്ടിലെ പ്രധാന ജനകീയ സമരങ്ങൾ, നേപ്പാളിലെയും ബൊളീവിയയിലെയും സമരങ്ങൾ, മാവോയിസ്റ്റുകൾ നിർവചനം, സമരങ്ങളുടെ ചിത്രങ്ങൾ എന്നിവ നീക്കംചെയ്‌തു. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന അധ്യായം പൂർണമായും ഒഴിവാക്കി.  11–-ാം ക്ലാസിലെ ഇക്കണോമിക്സിൽ ദാരിദ്ര്യം, ചരിത്രത്തിൽ ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കൽ തിയറിയിൽ പീസ്‌ എന്നീ ഭാഗങ്ങളും ഒഴിവാക്കി. പകരം നോളജ് ട്രഡീഷൻസ് ആൻഡ്‌ പ്രാക്ടീസസ് ഓഫ് ഇന്ത്യ, ആൻ ഇൻട്രൊഡക്‌ഷൻ ടു ഇന്ത്യൻ ആർട്ട് പുസ്തകം ഉൾപ്പെടുത്തി. ഇവ വേദകാലവും ഉപനിഷത്തുക്കളും ദേവീസൂക്തങ്ങളും പറയുന്നവയാണ്‌.

12–-ാം ക്ലാസിലെ പാഠഭാഗങ്ങളും വ്യാപകമായി ഹിന്ദുത്വ അജൻഡയ്ക്ക് അനുസൃതമായി  നീക്കംചെയ്‌തു. ചിപ്കോ പ്രസ്ഥാനം, മുംബൈ–- കൊൽക്കത്ത–- കാൺപുർ തൊഴിലാളി സമരങ്ങൾ, തെലങ്കാനയിലെ കമ്യൂണിസ്റ്റ് പാർടി കർഷകസമരങ്ങൾ, ബംഗാളിലെയും ബിഹാറിലെയും കമ്യൂണിസ്റ്റ് പ്രക്ഷോഭങ്ങൾ എന്നിവയും മുറിച്ചുമാറ്റി. ദളിത് പ്രക്ഷോഭങ്ങൾ, ഭാരതീയ കിസാൻ യൂണിയൻ സമരങ്ങൾ എന്നിവയും ചിത്രസഹിതം മാറ്റപ്പെട്ടു.  12–-ാം ക്ലാസിലെ റീസന്റ് ഡെലപ്മെന്റ്സ് ഇൻ ഇന്ത്യൻ പൊളിറ്റിക്സ് പുസ്തകത്തിൽ 187 –-ാം പേജിൽ കൊടുത്തിരുന്ന മുസ്ലിംവിരുദ്ധ  കലാപം, ഗുജറാത്ത് കത്തുന്നു എന്നെഴുതിയ പത്രവാർത്തയുടെ ചിത്രവും മാറ്റിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top