26 April Friday

സ്ത്രീമുന്നേറ്റം : കേരളം ഉജ്വല മാതൃക : രാഷ്ട്രപതി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022


തിരുവനന്തപുരം
സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസ്സം നീക്കുന്നതിൽ കേരളം ഉജ്വല മാതൃകയെന്ന്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. രാജ്യത്തെ പരമ്പരാഗത പുരുഷാധിപത്യ മേഖലകളിൽ സ്ത്രീകളുടെ എണ്ണം വർധിക്കുകയാണ്‌. പുരാതനകാലംമുതൽ സ്ത്രീയെയും പുരുഷനെയും ഒന്നായി കാണുന്ന സംസ്‌കാരമാണ്‌ രാജ്യത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ സ്ത്രീകളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിൽ കേരളം പുതിയ പാതകൾ രൂപപ്പെടുത്തി. പല മേഖലയിലും സ്ത്രീകൾ പ്രതിസന്ധികൾ മറികടന്ന്‌ മുന്നേറുകയാണ്. സായുധസേനയിൽ വനിതാപങ്കാളിത്തം കൂടി. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ്, നിർവഹണം തുടങ്ങിയ മേഖലയിലെല്ലാം സ്ത്രീകളുടെ എണ്ണം വർധിക്കുന്നു. കോവിഡ് പ്രതിസന്ധികാലത്ത്‌ രാജ്യത്തിന്‌ കാവൽനിന്ന കോവിഡ്‌ പോരാളികളിൽ സ്ത്രീകളായിരുന്നു മുന്നിൽ. ആരോഗ്യ പ്രവർത്തകരുടെ കാര്യത്തിൽ കേരളം വലിയ സംഭാവന നൽകി. കേരളത്തിലെ വനിതകൾ നിസ്വാർഥ പരിചരണത്തിന്റെ മാതൃക സൃഷ്ടിച്ചു.

ഏഴു പതിറ്റാണ്ടിനിടെ സ്ത്രീശാക്തീകരണത്തിൽ രാജ്യം ഏറെ മുന്നോട്ടുപോയി. തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം സംവരണം നൽകി. രാഷ്ട്രീയത്തിൽ സ്ത്രീകൾ കൂടുതലായി ഇടപെടണം. ലിംഗാവബോധത്തിൽ അതിവേഗം പുരോഗതിയുണ്ടാകുന്നുണ്ട്‌. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകൾ സുപ്രധാന പങ്കുവഹിച്ചു. ഭരണഘടനാ അസംബ്ലിയിൽ 15 സ്ത്രീകളുണ്ടായിരുന്നു. അതിൽ മൂന്നുപേർ മലയാളികളായിരുന്നു–- രാഷ്ടപതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top