24 April Wednesday

അറിവിന്റെ കുത്തകവൽക്കരണത്തിന്‌ ശ്രമം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022


തിരുവനന്തപുരം  
അറിവിന്റെ കുത്തകവൽക്കരണത്തിനുള്ള ശ്രമമാണ്‌ ലോകമെമ്പാടും നടക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാദമിക പ്രവർത്തനങ്ങളിലും ഗവേഷണങ്ങളിലുമെല്ലാം ഇത്‌ കാണാനാകുമെന്നും സംസ്ഥാന ലൈബ്രറി കൗൺസിലിന്റെയും പി എൻ പണിക്കർ ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടന്ന വായനദിന മഹോത്സവത്തിന്റെ ഉദ്‌ഘാടന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

അറിവിനെ സാമൂഹ്യപുരോഗതിക്കും പൊതുനന്മയ്‌ക്കും വേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന കാഴ്‌ചപ്പാടാണ്‌ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുവയ്‌ക്കുന്നത്‌. അതിനുതകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഗ്രന്ഥശാലകൾക്ക്‌ കഴിയണം. ശാസ്ത്രാവബോധം വളർത്താനും വർഗീയതയെ ചെറുക്കാനും മതേതര മൂല്യങ്ങൾ നിലനിർത്താനും അറിവിനെ ഉപയോഗിക്കാം. രാജ്യത്തിന്റെ വർത്തമാനകാല സാഹചര്യത്തിൽ ഇത്‌  പ്രസക്തമാണ്‌. സാക്ഷരതാ പ്രവർത്തനങ്ങളിലുണ്ടായ കാഴ്‌ചപ്പാടോടെ അറിവിന്റെ ജനാധിപത്യവൽക്കരണം, മതനിരപേക്ഷ സമൂഹനിർമിതി എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ച്‌ മുന്നേറാം.

വായന മരിക്കുകയല്ല, മാറുകയാണ്‌. കനം കൂടിയ പുസ്തകങ്ങൾക്കു പകരം  ഇലക്‌ട്രോണിക്‌ വായനയും പോഡ്‌കാസ്റ്റുകളുമാണ്‌ പുതുതലമുറ ആശ്രയിക്കുന്നത്‌. ഇത്‌ തിരിച്ചറിഞ്ഞ്‌  നൂതന സങ്കേതങ്ങളെക്കൂടി ഉപയോഗപ്പെടുത്തി വായന കൂടുതൽ പരിപോഷിപ്പിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്കൂളുകളിലെ പ്രോജക്ടുകളുടെ ഭാഗമായി വായനയും ഉൾപ്പെടുത്തുമെന്ന്‌  അധ്യക്ഷൻ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

പി എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ചീഫ്‌ സെക്രട്ടറി ഡോ. വി പി ജോയ്‌, പ്രൊഫ. പി ജെ കുര്യൻ, ടി കെ എ നായർ, പ്രൊഫ. വി മധുസൂദനൻ നായർ, കെ ജീവൻബാബു, എം വിജയകുമാർ, എൻ ബാലഗോപാൽ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top