28 March Thursday

മണ്ണുത്തി–ഇടപ്പള്ളി ദേശീയപാത; അറ്റകുറ്റപ്പണിക്ക്‌ പുതിയ കരാർ കമ്പനി

സ്വന്തം ലേഖകൻUpdated: Saturday Aug 13, 2022

കൊച്ചി> മണ്ണുത്തി–-ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപ്പണിക്ക്‌ പുതിയ കമ്പനിക്ക്‌ ഉടൻ കരാർ നൽകുമെന്ന്‌ ‌ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. കഴിഞ്ഞമാസം 21ന്‌ പുതിയ കമ്പനിക്കായി ടെൻഡർ ക്ഷണിച്ചിരുന്നു. 20ന്‌ ടെൻഡർ തുറക്കും. 25ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കും. 60 കോടിയുടെ കരാറാണ് നൽകുക. പ്രവർത്തനം സെപ്തംബറിൽ തുടങ്ങും. റോഡുപണിയിൽ വീഴ്‌ചവരുത്തിയ നിലവിലെ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്‌ചർ പ്രൈവറ്റ്‌ ലിമിറ്റഡിൽ (ജിഐപിഎൽ)നിന്ന്‌ 75 കോടി രൂപ പിഴ ഈടാക്കും. അറ്റകുറ്റപ്പണി നടത്താൻ ജിഐപിഎല്ലിനോട്‌ ജൂണിൽ നിർദേശിച്ചിട്ടും നടപടിയെടുത്തില്ല. അതിനാലാണ് കരാർ റദ്ദാക്കിയതെന്നും എൻഎച്ച്‌എഐ അധികൃതർ വ്യക്തമാക്കി.

ദേശീയപാത അതോറിറ്റിയുടെ ഇടപ്പള്ളി–-മണ്ണുത്തി ദേശീയപാത നിർമാണത്തിൽ വൻ ക്രമക്കേട് നടന്നതായി സിബിഐ കുറ്റപത്രം അടുത്തിടെ സമർപ്പിച്ചിരുന്നു. റോഡ്‌ ടാറിങ്, ബസ്‌ ബേ നിർമാണം, പാരലൽ റോഡ് നിർമാണം എന്നിവയിലുൾപ്പെടെ 102.44 കോടിയുടെ ക്രമക്കേടാണ്‌ നടന്നത്‌.
ഹൈദരാബാദ് ആസ്ഥാനമായ ജിഐപിഎല്ലാണ്‌ പ്രധാന കുറ്റക്കാർ. കമ്പനി ഡയറക്ടറാണ്‌ ഒന്നാംപ്രതി. റോഡ് നിർമാണസമയത്തെ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ, ചീഫ് എൻജിനിയർ എന്നിവർ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്‌. ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ല. ഇവരൊഴികെ എൻഎച്ച്‌എഐ പാലക്കാട് ഓഫീസില്‍ ജോലിചെയ്തിരുന്ന എട്ടുപേരെയാണ് ഇപ്പോൾ പ്രതിചേര്‍ത്തിരിക്കുന്നത്.

ഇടപ്പള്ളി–-മണ്ണുത്തിവരെ റോഡ്‌ നിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി 2002ലാണ്‌ ടെൻഡർ വിളിച്ചത്‌. കെഎംസി കണ്‍സ്ട്രക്‌ഷന്‍ ലിമിറ്റഡും എസ്ആര്‍ഇഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് ലിമിറ്റഡും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യത്തിനായിരുന്നു കരാര്‍. ദേശീയപാത പരിപാലനത്തിന്‌ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി 2005ല്‍ ജിഐപിഎല്ലിനെ ചുമതലപ്പെടുത്തി. 2006–-2016ലായിരുന്നു നിർമാണം. 2028 വരെയാണ്‌ പരിപാലന കാലാവധി നിശ്ചയിച്ചിരുന്നത്‌. എന്നാൽ, റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞത്‌ വിവാദമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top