20 April Saturday

താണാവ് - നാട്ടുകല്‍, മുണ്ടൂര്‍ - തൂത പാത നിര്‍മാണം അതിവേ​ഗത്തില്‍; ദേശീയപാതയിൽ കുതിക്കാം

സ്വന്തം ലേഖകൻUpdated: Tuesday Dec 6, 2022
പാലക്കാട് > ജില്ലയിലെ പ്രധാന റോ‍ഡുകളായ പാലക്കാട് - കോഴിക്കോട് ദേശീയപാതയിലും മുണ്ടൂർ - തൂത സംസ്ഥാന പാതയിലും നിർമാണം ദ്രുത​ഗതിയിൽ പുരോഗമിക്കുന്നു. ദേശീയപാതയിൽ താണാവ് മുതൽ നാട്ടുകൽ വരെ 43.72 കിലോമീറ്ററും സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ തൂത വരെ 37 കിലോമീറ്ററും നിർമാണം അന്തിമഘട്ടത്തിലാണ്.
 
മുണ്ടൂർ - തൂത പാതയിൽ ചെർപ്പുളശേരി വരെയുള്ള 30 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാവുക. മെയ് 30നകം  എല്ലാ ജോലികളും തീർക്കാനാണ് ശ്രമം. ഓവുചാൽ നിർമാണം, വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കൽ, റോഡിന് ഇരുവശവും ടൈൽ പതിക്കൽ, സീബ്രാലൈനുകൾ, സംരക്ഷണഭിത്തി, കലുങ്കുകൾ, നടപ്പാത, ക്രാഷ് ബാരിയർ, ബസ് ബേ, ബസ് ഷെൽട്ടർ എന്നിവയടക്കം മുഴുവൻ ജോലികളും തീർക്കും. നിലവിലെ രണ്ടുവരി പാതയാണ് 14 മീറ്റർ വീതിയിൽ നാലുവരിയാക്കുന്നത്. മെയ് 30ന് ശേഷം ചെർപ്പുളശേരി മുതൽ തൂത വരെയുള്ള ഏഴ്‌ കിലോമീറ്റർ നിർമാണം വേ​ഗത്തിലാവും.
 
"പുതിയകാലം പുതിയ നിർമാണം' എന്ന ആശയത്തിൽ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 360 കോടി രൂപ ചെലവിൽ കെഎസ്ടിപിയാണ് നിർമാണം നടത്തുന്നത്. മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണൂർ മണ്ഡലങ്ങളിലൂടെ പോകുന്ന പ്രധാനപാതയാണിത്. പാലക്കാട്‌നിന്ന്‌ ഗതാഗതക്കുരുക്കില്ലാതെ പെരിന്തൽമണ്ണ, കോഴിക്കോട് ഭാഗത്തേക്കുള്ള എളുപ്പവഴിയാണിത്. നാ‌ട്ടുകൽ മുതൽ താണാവ് വരെയുള്ള പാതയിൽ ടാറിങ് പുരോ​ഗമിക്കുന്നു. അടുത്ത വർഷം പകുതിയോടെ ജോലികളെല്ലാം തീർക്കാനുള്ള തീവ്രശ്രമത്തിലാണ് ദേശീയപാത അതോറിറ്റി. 46.76 കിലോമീറ്റർ റോഡ് നിർമാണത്തിന് 173 കോടി രൂപയാണ് ചെലവഴിക്കുന്നത്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്  സൊസൈറ്റിയാണ് നിർമാണം.
 
പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് മേൽനോട്ടം. മറ്റ് റോഡുകളുടെ നിർമാണത്തിൽനിന്ന് വ്യത്യസ്‌തമായി ഇപിസി (എൻജിനിയറിങ് പോ​​ഗ്രൂർമെന്റ് ആൻഡ്‌ കൺസർവേഷൻ മോഡ്) കരാറിലൂടെയാണ് റോഡ് നിർമാണം നടക്കുന്നത്. റോഡ് പണി പൂർത്തിയാക്കി നാല് വർഷത്തിനകം റോഡിൽ എന്ത് പ്രശ്നങ്ങളുണ്ടായാലും അത് പരിഹരിക്കേണ്ടത് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌  സൊസൈറ്റിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top