29 March Friday

ദേശീയപാതയിൽ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയക്കളി: ഉദ്യോഗസ്ഥരെത്തിയത് ബിജെപി അകമ്പടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023
കാസർകോട്> ദേശീയപാതാ വികസനപ്രവർത്തനങ്ങൾ നേരിട്ടുവിലയിരുത്താൻ ജില്ലയിലെത്തിയ ഉദ്യോഗസ്ഥസംഘത്തിന്റെ  രാഷ്ട്രീയക്കളിയിൽ പ്രതിഷേധം ശക്തം. ന്യൂഡൽഹിയിൽനിന്നുള്ള നാഷണൽ വൈവേ അതോറിറ്റി സാങ്കേതികവിഭാഗം ജനറൽ മാനേജർ രജനീഷ് കപൂരും സംഘവുമാണ് ജനപ്രതിനിധികളെ അറിയിക്കാതെ ജില്ലയിലെത്തിയത്. എന്നാൽ ചില ബിജെപി നേതാക്കളെ ഒപ്പം കൂട്ടാൻ ശ്രദ്ധിക്കുകയും ചെയ്തു.
 
തളിപ്പറമ്പ് മുതൽ തലപ്പാടി വരെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് കപൂർ വിലയിരുത്തിയത്. ജനകീയപ്രശ്‌നങ്ങൾ ഉയർന്ന സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ നേരിട്ട് കാണുന്നതിനായാണ് സന്ദർശനം നടത്തിയത്. കരാറുകാരുമായും അദ്ദേഹം സംസാരിച്ചു. പ്രൊജകട് ഡയറക്ടർ പുനിൽ കുമാറും ഒപ്പമുണ്ടായി. തെക്കിലിൽ സർവീസ് റോഡ്, പെരിയ, നായമ്മാർമൂല തുടങ്ങിയിടങ്ങളിലുള്ള ജനകീയ സമരങ്ങളുടെയൊക്കെ പശ്ചാത്തലത്തിലാണ് ജനറൽ മാനേജർ നേരിട്ടെത്തിയത്. 
 
എത്തിയത് ബിജെപി നേതാക്കൾക്കൊപ്പം
 
ഉദ്യോഗസ്ഥർ സന്ദർശനവിവരം ജനപ്രതിനിധികളെ അറിയിക്കതെ, ബിജെപി ജില്ലാ പ്രസിഡന്റിനൊപ്പം വന്നതാണ് വിവാദമായത്. ഉദ്യോഗസ്ഥരുടെ രാഷ്ട്രീയക്കളിയിൽ വലിയ വിമർശനവുമുണ്ട്‌.  പ്രാദേശിക വിഷയങ്ങളിൽ ജനപ്രതിനിധികളെ ചേർത്തുള്ള പരിഹാരമാണ് കാണേണ്ടതെന്നുമാണ് ജനപ്രതിനിധികളുടെ പക്ഷം. സമരങ്ങൾ വഴിവിട്ടു പോകാതിരിക്കാൻ അതാത് പ്രദേശങ്ങളിലെ ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ജനപ്രതിനിധികളെ അവഹേളിക്കുന്നതായി ഉദ്യോഗസ്ഥരുടെ ഇത്തരം നടപടിയെന്നും അവർ പറഞ്ഞു.  പഞ്ചായത്തംഗം പോലുമല്ലാത്ത ബിജെപി ജില്ലാ പ്രസിഡന്റിനെ മാത്രം അറിയിച്ചുള്ള ദേശീയപാത ജനറൽമാനേജരുടെ സന്ദർശന പരിപാടി നീതികരിക്കാനാകില്ലെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ. പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top