25 April Thursday

ഭൂമി ഏറ്റെടുക്കൽ : കേന്ദ്ര നിലപാട‌് തിരുത്തണമെന്ന‌് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Feb 8, 2019


തിരുവനന്തപുരം
സംസ്ഥാന സർക്കാർ തയ്യാറാക്കിയ പാക്കേജ‌് പ്രകാരം നഷ്ടപരിഹാരം നൽകി ദേശീയപാത വികസനത്തിന‌് ഭൂമി ഏറ്റെടുക്കാനാകില്ലെന്ന നിലപാട‌് കേന്ദ്ര സർക്കാർ തിരുത്തണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട‌് ഭാഗത്ത‌് ഏറ്റെടുത്ത ഭൂമിയുടെ വിലയുടെ പേരിൽ കേന്ദ്രം എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഒന്നുകിൽ അധികതുക സംസ്ഥാനം കൊടുക്കണം. അല്ലെങ്കിൽ പകരം ഭൂമി നൽകണം. ഈ നിർദേശമായിരുന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ‌്കരിയുമായുള്ള ചർച്ചയിൽ അദ്ദേഹം ആവശ്യപ്പെട്ടത‌്. നിലവിൽ കേന്ദ്ര പാക്കേജ‌് പ്രകാരം ലഭിക്കുന്ന നഷ്ടപരിഹാരത്തുക കുറവാണെന്ന അഭിപ്രായമാണ‌് തങ്ങൾക്കും.

എന്നാൽ, കേന്ദ്രം അവരുടെ പാക്കേജ‌് പ്രകാരമുള്ള തുകയിൽ ഉറച്ചുനിൽക്കുകയാണ‌്. വാടകയ‌്ക്ക‌് വ്യാപാരം നടത്തുന്നവർക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്തുന്ന കാര്യത്തിൽ ഇനിയും കേന്ദ്രവുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒത്തുതീർപ്പു ഫോർമുലയുടെ ഭാഗമായാണ‌് അധികപണം കേരളം നൽകണമെന്ന‌്  കേന്ദ്രം പറഞ്ഞത‌്. എന്നാൽ, അത‌് പറ്റില്ലെന്ന‌് നമ്മൾ പറഞ്ഞു. അവസാനമാണ‌് കാസർകോട‌് ഭാഗത്ത‌് സ്ഥലം ആവശ്യപ്പെട്ടത‌്. ഇല്ലെങ്കിൽ ഒരു കാരണവശാലും പണി തുടങ്ങില്ല. ഒടുവിൽ സ്ഥലം കൊടുത്താണ‌് പ്രശ‌്നം പരിഹരിച്ചത‌്.

കച്ചവടക്കാരുടെയും വാടകക്കാരുടെയും പ്രശ‌്നപരിഹാരം കേന്ദ്ര പാക്കേജിൽ വരില്ല. എങ്കിലും ചില ഇളവുകൾക്ക‌് കേരളം ശ്രമിക്കും. നേരത്തെ ഭൂമി എടുത്തവരുടെ ഭൂമി വീണ്ടും എടുത്താൽ അവർക്ക‌് പ്രത്യേകമായി നഷ്ടപരിഹാരം നൽകണമെന്ന കാര്യവും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത വികസനം : കേന്ദ്ര അവഗണനയ‌്ക്കെതിരെ സഭയ‌്ക്ക‌് ഒരേ വികാരം 
സ്വന്തംലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്തെ ദേശീയപാത വികസനത്തോടുള്ള കേന്ദ്ര അവഗണനയ‌്ക്കെതിരെ നിയമസഭ ഒറ്റക്കെട്ട‌്. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത‌് മന്ത്രി ജി സുധാകരനും സഭയിൽ  പ്രകടിപ്പിച്ച അഭിപ്രായത്തോട‌് പ്രതിപക്ഷവും യോജിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന‌് കേരളത്തിൽ നഷ്ടപരിഹാരത്തുക കൂടുതലാണെന്നും തങ്ങൾ നിശ്ചയിക്കുന്ന വിലയേ നൽകാനാകൂവെന്നുമാണ‌് കേന്ദ്രനിലപാടെന്ന‌ും മുഖ്യമന്ത്രി പറഞ്ഞുഇതോടെ പണി മുടങ്ങുന്ന അവസ്ഥയുണ്ടായി. അനുകൂലസാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടും ടെൻഡറുകൾപോലും തുറക്കാതെ കേന്ദ്രം വിവേചനം കാട്ടുന്നതായി മന്ത്രി സുധാകരനും വിമർശിച്ചു. ഇക്കാര്യത്തിൽ ഭരണ–-പ്രതിപക്ഷവ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നീങ്ങണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ പൂർണ പിന്തുണയുണ്ടാകുമെന്ന‌് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  പറഞ്ഞു.  വി ഡി സതീശൻ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന‌്  മറുപടി പറയുന്നതിനിടെയാണ‌് കേന്ദ്ര സർക്കാർ നിലപാടിനെതിരെ വിമർശനം ഉയർന്നത‌്.ദേശീയപാത നാലുവരിയാക്കുന്നതിന‌് രണ്ട‌് റീച്ചിൽ ഭൂമി ഏറ്റെടുത്ത‌് പണം പൂർണമായും നൽകിയതായി മന്ത്രി സുധാകരൻ പറഞ്ഞു.

ടെൻഡർ ചെയ‌്ത‌് ഒരു വർഷമായിട്ടും അത‌് തുറന്നുനോക്കാൻപോലും ദേശീയപാത അതോറിറ്റി തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ‌്കരി നൽകിയ ഉറപ്പ‌് പാലിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രപദ്ധതികൾക്ക‌് ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകേണ്ടത‌് കേന്ദ്രമാണ‌്. ആ ഉത്തരവാദിത്തം സംസ്ഥാനത്തിന‌് ഏറ്റെടുക്കാനാകില്ല. ഇപ്പോൾത്തന്നെ ദേശീയ പാത അതോറിറ്റി നടത്തേണ്ട 5000 കോടി രൂപയുടെ പദ്ധതി കേരളം നടപ്പാക്കുകയാണ്. കേരളത്തിന്റെ പാക്കേജ‌് പ്രകാരമുള്ള നഷ്ടപരിഹാരത്തിന് കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നുണ്ട്.

റോഡിന്റെ അലൈൻമെന്റ് തയ്യാറാക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. അലൈൻമെന്റ് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച 500 പരാതികൾ അതോറിറ്റിക്ക‌് അയച്ചുകൊടുത്തിട്ടുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. കീഴാറ്റൂരിൽപോലും എതിർത്തവർ ഭൂമി നൽകിയെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top