രാമനാട്ടുകര> വെങ്ങളം- രാമനാട്ടുകര ദേശീയപാത നവീകരണത്തിന്റെ ഭാഗമായി രാമനാട്ടുകരയില്‍ നിര്‍മിക്കുന്ന പുതിയ മേൽപ്പാലം പ്രവൃത്തി അന്തിമഘട്ടത്തില്‍. മിനുക്കുപണി മാത്രമാണ് ബാക്കിയുള്ളത്. എല്ലാ സ്പാനുകളുടെ കോൺക്രീറ്റും അനുബന്ധ പ്രവൃത്തികളും പൂര്‍ത്തിയായി. ഇരുഭാഗത്തും പാലവും റോഡും ചേരുന്നിടത്ത് മണ്ണിട്ടുനികത്തി യോജിപ്പിക്കലും പെയിന്റിങ്, സിഗ്നലുകൾ, വെളിച്ച സംവിധാനം എന്നിവയുടെ പ്രവൃത്തി മാത്രമാണ് അവശേഷിക്കുന്നത്. ഇതും പൂര്‍ത്തിയാക്കി അടുത്തമാസത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനായേക്കും.
ബൈപാസിൽ 2018ല്‍ നിര്‍മിച്ച മേൽപ്പാലത്തിന് സമാന്തരമായി കിഴക്ക് ഭാഗത്തായാണ് പുതിയ മേൽപ്പാലം നിര്‍മിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലാരംഭിച്ച നിര്‍മാണം റെക്കോഡ് വേഗത്തിലാണ് പൂർത്തിയാക്കുന്നത്. 2024ല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ദേശീയപാതാ അതോറിറ്റിയും നേരത്തെ അറിയിച്ചിരുന്നത്. ഇതിലുംനേരത്തെ പൂർത്തിയാക്കാനായി.
440 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുള്ള മേൽപ്പാലത്തിന് 15 തൂണുകളുണ്ട്. ദേശീയപാത 66 ബൈപാസ്, കോഴിക്കോട്–-- പാലക്കാട് ദേശീയ പാത 513മായി ബന്ധിപ്പിക്കുന്ന കവലയിൽ രണ്ട് സ്പാനുകളിൽ പ്രത്യേകമായി 40 മീറ്റർ നീളത്തിൽ 10 സ്റ്റീൽ ഗർഡറുകളാണ്. ശേഷിക്കുന്ന 60 ഗർഡറുകളും 30 മീറ്റർ നീളത്തിൽ കോൺക്രീറ്റിങ്ങാണ്. പാലങ്ങളോടനുബന്ധിച്ചുള്ള ഇരുവശത്തേയും സർവീസ് റോഡുകളും സജ്ജമാണ്. അപ്രോച്ച് റോഡ് വീതികൂട്ടുന്നതിനായി തെക്കുഭാഗത്ത് നീലിത്തോടിന്റെ ഭാഗത്ത് പൈലിങ് ആരംഭിച്ചു. എട്ട് പൈലുകളിൽ രണ്ടെണ്ണം പൂർത്തിയായി.
ദേശീയപാതാ നിർമാണം എല്ലായിടത്തും ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ ചെമ്മണ്ണ് ലഭിക്കാത്തത് പ്രവൃത്തി വൈകാനിടയാക്കുന്നു. മലപ്പുറത്തെ വിവിധ പ്രദേശങ്ങളിൽനിന്നാണ് മണ്ണെത്തിച്ചിരുന്നത്. എന്നാല്‍ പല സ്ഥലങ്ങളിലേയും പ്രാദേശികമായ എതിർപ്പ് പ്രവൃത്തിയെ ബാധിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..