29 March Friday

ദേശീയപാത 66: 4 റീച്ച്‌ പൂർത്തിയാകുന്നു

ജി രാജേഷ്‌കുമാർUpdated: Monday Sep 26, 2022

തിരുവനന്തപുരം> ദേശീയപാത 66ന്റെ നാല്‌ റീച്ച്‌ പൂർത്തീകരണത്തിലേക്ക്‌. തിരുവനന്തപുരം മുക്കോലമുതൽ തമിഴ്‌നാട്‌ അതിർത്തിവരെ 16 കിലോമീറ്ററിൽ അവസാന ജോലികളിലേക്ക്‌ കടന്നു. തലശേരി–-മാഹി ബൈപാസ്, നീലേശ്വരം ടൗൺ റെയിൽവേ മേൽപ്പാലം, കഴക്കൂട്ടം–-ടെക്‌നോപാർക്ക്‌ എലിവേറ്റഡ്‌ ഹൈവേ നിർമാണം 90 ശതമാനത്തിൽ എത്തി. 280 കോടിയിൽ, പാലങ്ങളുടെ നിർമാണ ജോലികളും മുന്നിൽരണ്ട്‌ ഭാഗം പൂർത്തിയാകുന്നു.

21 റീച്ചിൽ 15 എണ്ണത്തിന്റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. കോഴിക്കോട്‌ ബൈപാസ്‌, ചെങ്ങള–-നീലേശ്വരം, നീലേശ്വരം–-തളിപ്പറമ്പ്‌, തലപ്പാടി–-ചെങ്ങള, അഴിയൂർ–-വേങ്ങളം, തളിപ്പറമ്പ്‌–-മുഴപ്പിലങ്ങാട്‌, രാമനാട്ടുകര–-വളാഞ്ചേരി, വളാഞ്ചേരി–-കാപ്പിരിക്കാട്‌, തുറവൂർ തെക്ക്‌–- പറവൂർ, കൊറ്റംകുളങ്ങര–- കൊല്ലം ബൈപാസ്‌,  കല്ലമ്പലം–- കഴക്കൂട്ടം റീച്ചുകളിലാണ് നിർമാണം പുരോഗമിക്കുന്നത്.

590ൽ ഏതാണ്ട്‌ 470 കിലോമീറ്ററിലും പ്രവർത്തനങ്ങൾ മുന്നേറുന്നുണ്ട്‌. 120 കിലോമീറ്ററിൽ വരുന്ന കാപ്പിരിക്കാട്–-തളിക്കുളം, തളിക്കുളം–-കൊടുങ്ങല്ലൂർ, കൊല്ലം–-കടമ്പാട്ടുകോണം, കൊടുങ്ങല്ലൂർ–-ഇടപ്പള്ളി റീച്ചുകളുടെ നിർമാണ കരാറായി. അരൂർ–--തുറവൂർ സ്ട്രെച്ചിൽ എലവേറ്റഡ് ഹൈവേ നിർമാണത്തിന്‌ വിശദ പദ്ധതിരേഖ അവസാന ഘട്ടത്തിൽ.

പാതാ വികസനത്തിന്‌ ആവശ്യമായ 1063 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു. അവശേഷിക്കുന്ന‌ 6.10 ഹെക്ടർ ഏറ്റെടുക്കൽ അവസാനഘട്ടത്തിലാണ്‌. ഇതിന്‌ 5580 കോടി രൂപയാണ് സംസ്ഥാനം ഇതുവരെ നൽകിയത്. സ്ഥലത്തിന്‌ ചെലവാകുന്ന തുകയുടെ 25 ശതമാനം വഹിക്കാമെന്ന സംസ്ഥാനത്തിന്റെ ഉറപ്പിലാണ്‌ ദേശീയപാതാ വികസനം സാധ്യമായത്‌.

കണ്ണഞ്ചിപ്പിക്കുന്ന വേഗം: മന്ത്രി

ദേശീയപാതാ വികസനപ്രവൃത്തികൾക്ക്‌ കണ്ണഞ്ചിപ്പിക്കുന്ന വേഗം ഉറപ്പാക്കാനാകുന്നു. ദേശീയപാത അതോറിറ്റിക്ക് എല്ലാ സഹായവും സംസ്ഥാന സർക്കാർ ലഭ്യമാക്കുന്നുണ്ട്‌. നിശ്ചിത ഇടവേളകളിൽ മുഖ്യമന്ത്രിതലത്തിൽ അവലോകനം നടക്കുന്നു. പൊതുമരാമത്ത് മന്ത്രി നേരിട്ടെത്തി പ്രവൃത്തി വിലയിരുത്തുന്നു. ചീഫ് സെക്രട്ടറിയുടെയും പൊതുമരാമത്ത് സെക്രട്ടറിയുടെയും യോഗങ്ങളും നിരീക്ഷണവും സമയബന്ധിതമാക്കി. രണ്ടാഴ്ചയിൽ സംസ്ഥാനതല പൊതുമരാമത്ത് മിഷൻ ടീം  യോഗത്തിന്റെ പ്രത്യേക അജൻഡയാണ്‌ ദേശീയപാതാ വികസനം. ജില്ലാതല അടിസ്ഥാനസൗകര്യ വികസന ഏകോപന സമിതിയോഗം ജില്ലകളിലെ പുരോഗതി ഉറപ്പാക്കുന്നു- മന്ത്രി മുഹമ്മദ് റിയാസ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top