ന്യൂഡൽഹി
മലയാളത്തിന്റെ അഭിമാനം വാനോളമുയർത്തി അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങ്. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് മുതിർന്ന നടി ആശാ പരേഖ് ഏറ്റുവാങ്ങി.
മികച്ച നടനുള്ള പുരസ്‌കാരം അജയ് ദേവ്‌ഗണും സൂര്യയും ഏറ്റുവാങ്ങി. "സൂരറൈ പോട്ര്’ എന്ന തമിഴ്‌ചിത്രം സൂര്യയെ പുരസ്‌കാരത്തിളക്കത്തിൽ എത്തിച്ചപ്പോൾ ‘താനാജി ദ ലോൺ വാരിയർ’ ആണ് അജയ് ദേവ്‌ഗണിനെ തുണച്ചത്. സൂരറൈ പോട്രിലെ ബൊമ്മിയായി വേഷമിട്ട അപർണാ ബാലമുരളി മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം അന്തരിച്ച സംവിധായകൻ സച്ചിയുടെ പ്രിയതമ സിജി ഏറ്റുവാങ്ങിയത് നൊമ്പരപ്പെടുത്തുന്ന കാഴ്‌ചയായി. ഇതേചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറാ’ എന്ന പാട്ടിലൂടെ ഏറെ ശ്രദ്ധേയയായ നഞ്ചിയമ്മ മികച്ച ഗായികയ്‌ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാൻ രാഷ്‌ട്രപതിയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ സദസ്സ് ഹർഷാരവം മുഴക്കി. മികച്ച സഹനടനുള്ള പുരസ്‌കാരം ബിജുമേനോൻ ഏറ്റുവാങ്ങി. മാഫിയാ ശശി (സംഘട്ടന സംവിധാനം– -‘അയ്യപ്പനും കോശിയും’), വിഷ്‌ണുഗോവിന്ദ് (റീ റെക്കോഡിസ്‌റ്റ് ഓഫ് ഫൈനൽ മിക്‌സ്‌ഡ്‌ട്രാക്ക്–- ‘മാലിക്ക്’), അനീസ് നാടോടി (പ്രൊഡക്‌ഷൻ ഡിസൈൻ–- ‘കപ്പേള’), നിഖിൽ എസ് പ്രവീൺ (നോൺഫീച്ചർ വിഭാഗം, മികച്ച ഛായാഗ്രഹണം–- ‘ശബ്‌ദിക്കുന്ന കലപ്പ'), ‘ഡ്രീം ഓഫ് വേർഡ്‌സ്’ (നോൺഫീച്ചർ, മികച്ച വിദ്യാഭ്യാസചിത്രം) എന്നിവയായിരുന്നു ചലച്ചിത്ര പുരസ്‌കാരവേദിയിലെ മലയാളത്തിന്റെ മറ്റ് അഭിമാനങ്ങൾ.
മികച്ച മലയാള ചിത്രമായ തിങ്കളാഴ്‌ച നിശ്‌ചയത്തിന്റെ അണിയറ പ്രവർത്തകരും ‘എം ടി: അനുഭവങ്ങളുടെ പുസ്‌തകം’ എന്ന ഗ്രന്ഥത്തിന് പ്രത്യേകപരാമർശം നേടിയ അനൂപ് രാമകൃഷ്‌ണനുവേണ്ടി ഭാര്യ മീന അനൂപും പുരസ്‌കാരം ഏറ്റുവാങ്ങി.‘വാങ്ക്’എന്ന ചിത്രത്തിലൂടെ പ്രത്യേക ജൂറി പരാമർശത്തിന് അർഹയായ സംവിധായിക കാവ്യാപ്രകാശും ചടങ്ങിനെത്തി.
സച്ചിയുടെ ഓർമകളെ ചുംബിച്ച് സിജി
മൂർധാവിൽ സച്ചിയുടെ ചുംബനമില്ലാതെ സിജി ആ പുരസ്‌കാരം ഏറ്റുവാങ്ങി. സച്ചിയില്ലെന്ന വേദനയ്‌ക്കിടയിലും സ്വപ്‌നസാക്ഷാൽക്കാരത്തിന്റെ ആഹ്‌ളാദം. ലോകം ഏറ്റെടുക്കണമെന്ന് സച്ചി ആഗ്രഹിച്ചൊരുക്കിയ പാട്ട് ലോകത്തിന്റെ നെറുകയിലെത്തിച്ച നഞ്ചിയമ്മയ്‌ക്കൊപ്പമാണ് സിജി പുരസ്‌കാരം ഏറ്റുവാങ്ങിയത്. വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ ‘അയ്യപ്പനും കോശി’ക്കുംവേണ്ടി നാല് പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോൾ സഫലമായത് സച്ചി എന്ന സംവിധായകന്റെ സ്വപ്‌നം.
മികച്ച സംവിധായകനുള്ള ദേശിയ അവാർഡാണ് സച്ചിക്കുവേണ്ടി ഭാര്യ സിജി സച്ചി ഏറ്റുവാങ്ങിയത്. ഗോത്രവ ർഗത്തിൽനിന്ന് ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിയ ദ്രൗപതി മുർമുവിന്റെ കൈയിൽനിന്ന് ഗോത്രവർഗത്തിൽനിന്ന് ഉയർന്നുവന്ന് ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നഞ്ചിയമ്മ അവാർഡ് ഏറ്റുവാങ്ങിയത് മറ്റൊരു ചരിത്രമുഹൂർത്തമായി.
പുരസ്‌കാരം ഏറ്റുവാങ്ങുംമുമ്പ് സിജി പങ്കുവച്ച വൈകാരികമായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്റിന്റെകൂടെ ഡിന്നർ കഴിക്കും.
നാഷണൽ അവാർഡ് വാങ്ങും. അന്ന് നിന്റെ മൂർധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും. ഈ പാട്ട് ലോകം ഏറ്റെടുക്കുമെന്ന് നീ ആഗ്രഹിച്ച നഞ്ചിയമ്മയെയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. അതെ നീ ചരിത്രം തേടുന്നില്ല. നിന്നെ തേടുന്നവർക്കൊരു ചരിത്രമാണ് നീ’.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..