05 October Thursday

മോഡിയുടെ ന്യൂനപക്ഷ വേട്ടയിൽ രാഹുലിനും മൗനം

പ്രത്യേക ലേഖകൻUpdated: Wednesday Apr 17, 2019

തിരുവനന്തപുരം> ന്യൂനപക്ഷവേട്ട ലക്ഷ്യമിട്ടുള്ള നരേന്ദ്ര മോഡിയുടെയും അമിത‌് ഷായുടെയും കടന്നാക്രമണവും കോൺഗ്രസിന്റെ  മൗനവും ന്യൂനപക്ഷങ്ങൾക്കിടയിൽ സജീവ ചർച്ചയ‌്ക്ക‌് വഴിയൊരുക്കി. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും പ്രചാരണത്തിന‌് എത്തിയ നരേന്ദ്ര മോഡിമുതൽ ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളവരെയുള്ളവർ ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത പരാമർശങ്ങളാണ‌് നടത്തുന്നത‌്.

എന്നാൽ, ഇതിനെതിരെ കടന്നാക്രമണത്തിന‌് മുതിരാതെ കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും ഒഴിഞ്ഞുമാറിയത‌് മതേതര സമൂഹത്തിന‌് മുന്നിൽ ചോദ്യചിഹ്നമായി. മോഡിക്ക‌് തിരിച്ചടി നൽകിയ മുഖ്യമന്ത്രിയുടെയും എൽഡിഎഫിന്റെയും നിലപാടാണ‌് ന്യൂനപക്ഷങ്ങൾക്ക‌് വലിയതോതിൽ പ്രത്യാശ പകരുന്നത‌്. ആർഎസ‌്എസിനെയും ബിജെപിയെയും പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന‌ുമാത്രമേ കഴിയൂവെന്ന തിരിച്ചറിവ‌ാണ‌് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിലുള്ളത‌്.

മൃദുഹിന്ദുത്വമുഖം  വീണ്ടും

 
കേരളത്തിലെ നാലു കേന്ദ്രത്തിൽ ചൊവ്വാഴ‌്ച പ്രചാരണയോഗങ്ങളിൽ സംസാരിച്ച കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിയാകട്ടെ മോഡിയുടെയും അമിത‌് ഷായുടെയും ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങൾക്ക‌് മറുപടി നൽകിയില്ല. പത്തനംതിട്ടയിൽ പ്രസംഗവേളയിൽ മോഡിയുടെ പാതയിലേക്ക‌ുള്ള രാഹുലിന്റെ ചാഞ്ചാട്ടവും കാണാനായി. ശബരിമലയുടെ പേര‌് പറഞ്ഞില്ലെങ്കിലും വിശ്വാസപ്രശ‌്നം ഉന്നയിച്ച‌് കോൺഗ്രസിന്റെ മൃദുഹിന്ദുത്വമുഖം രാഹുൽ പുറത്തെടുത്തു. ശബരിമലയിൽ യുവതീപ്രവേശ വിധി വന്നപ്പോൾ ചരിത്രപരമായ വിധി എന്നാണ‌് കോൺഗ്രസ‌് വിശേഷിപ്പിച്ചത‌്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന‌് താൻ അനുകൂലമാണെന്നാണ‌് രാഹുൽ ഗാന്ധി അന്ന‌് പരസ്യമായി പ്രഖ്യാപിച്ചത‌്.

കോൺഗ്രസ‌് വക്താവ‌് ആനന്ദ‌് ശർമയും നിലപാട‌് വ്യക്തമാക്കി. രാഹുലിന്റെ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന‌് പ്രശംസിക്കുകയും ചെയ‌്തിരുന്നു. എന്നാൽ, ചൊവ്വാഴ‌്ച പത്തനംതിട്ടയിൽ  രാഹുൽ  ഇക്കാര്യം ബോധപൂർവം വിസ‌്മരിച്ചു. ആചാരവും വിശ്വാസവും സംരക്ഷിക്കാൻ കോൺഗ്രസ‌് മുന്നിൽ നിൽക്കുമെന്ന പ്രഖ്യാപനമാണ‌് നടത്തിയത‌്. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന‌് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന‌് ഒരുപോറലുമുണ്ടായിട്ടില്ല എന്ന വസ‌്തുത  കണക്കിലെടുക്കാതെ സർക്കാരിനെയും എൽഡിഎഫിനെയും പ്രതിക്കൂട്ടിലാക്കാനുള്ള തന്ത്രമാണ‌് രാഹുൽ പുറത്തെടുത്തത‌്. 

ലീ‌ഗ‌് പതാക: മറുപടി പ്രതീക്ഷിച്ച അണികളും നിരാശർ

വയനാടിനെ പാകിസ്ഥാനോടും മുസ്ലിംലീഗിന്റെ പതാകയെ പാക‌്പതാകയോടും ഉപമിച്ച അമിത‌് ഷായ‌്ക്കും യുപി മുഖ്യമന്ത്രി ആദിത്യനാഥിനും രാഹുലിൽനിന്ന‌് മറുപടിയുണ്ടാകുമെന്ന‌് പ്രതീക്ഷ പുലർത്തിയിരുന്നവർ ഏറെയാണ‌്.
മുസ്ലിംലീഗ‌് നേതൃത്വവും അണികളും ആ കണക്കുകൂട്ടലിൽത്തന്നെയാണ‌് രാഹുലിനെ കാതോർത്തത‌്. പക്ഷേ, ഇത‌ു സംബന്ധിച്ച‌് നാല‌് യോഗങ്ങളിലും രാഹുൽ മൗനംപാലിച്ചതേയുള്ളൂ. ബുധനാഴ‌്ച വയനാട്ടിൽ നടത്തുന്ന പ്രചാരണവേളയിൽ ഇക്കാര്യം പരാമർശിക്കുമോയെന്നും കാണാനിരിക്കുന്നതേയുള്ളൂ.

മോഡിയെയും ബിജെപിയെയും നേരിടാൻ സംസ്ഥാന കോൺഗ്രസ‌് നേതൃത്വം സ്വീകരിച്ചിരിക്കുന്ന സംയമനമാണ‌് ന്യൂനപക്ഷങ്ങളിൽ ആശങ്കയുളവാക്കിയിരിക്കുന്നത‌്. ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ പൊതിഞ്ഞുപിടിച്ചുള്ള രാഷ‌്ട്രീയ വിമർശംമാത്രമാണ‌് രാഹുൽ ഗാന്ധിയും നടത്തുന്നത‌്. അതേസമയം, ന്യൂനപക്ഷങ്ങൾക്കെതിരായി ബിജെപി നേതാക്കൾ നടത്തുന്ന കടുത്ത പരാമർശങ്ങളോട‌് കണിശമായി പ്രതികരിക്കുന്നത‌് ഇടതുപക്ഷ നേതൃത്വംമാത്രമാണ‌്.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ തുടങ്ങിയ ഇടതുപക്ഷ നേതാക്കളുടെ നിലപാട‌് ന്യൂനപക്ഷങ്ങൾക്ക‌് വലിയ ആത്മിവിശ്വാസം പകരുകയും ചെയ്യുന്നു.  പ്രതിസന്ധിഘട്ടത്തിൽ തങ്ങളുടെ സംരക്ഷണത്തിന‌് ഇടതുപക്ഷംമാത്രം എന്ന തിരിച്ചറിവാണ‌് ഇപ്പോൾ ന്യൂനപക്ഷ സമുദായങ്ങൾ പങ്കുവയ‌്ക്കുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top