19 April Friday
വൃക്ക നൽകിയത്‌ 62ാം വയസ്സിൽ

കേരളത്തിലെ ആദ്യ വൃക്കദാതാവ്‌ ഓർമയായി; ഒറ്റവൃക്കയിൽ നാരായണിയുടെ നാലു പതിറ്റാണ്ട്‌

പി സുരേശൻUpdated: Wednesday Jul 6, 2022

പി പി കുഞ്ഞിക്കണ്ണനും നാരായണിയും (പഴയകാല ചിത്രം)

കയരളം (കണ്ണൂർ) > കൂടെപ്പിറപ്പിന്റെ ജീവൻ രക്ഷിക്കാൻ വൃക്കകളിലൊന്ന്‌ നൽകിയശേഷം നാലുപതിറ്റാണ്ട്‌ കർമനിരതയായ കയരളം ഒറപ്പടിയിലെ പുതിയപുരയിൽ നാരായണി ഓർമയായി. കേരളത്തിലെ ആദ്യ വൃക്കദാതാവായ നാരായണി 102 –-ാം വയസ്സിലാണ്‌ വിടപറഞ്ഞത്‌.

അവയവം മാറ്റിവയ്‌ക്കലും അവയവദാനവും അത്രയൊന്നും പരിചിതമല്ലാത്ത കാലത്തായിരുന്നു ഈ വൃക്കദാനം. കണ്ണൂർ ഗവ. ഐടിഐ ഇൻസ്‌ട്രക്ടറായിരുന്ന ഇളയ സഹോദരൻ പി പി കുഞ്ഞിക്കണ്ണനാണ്‌  നാരായണിയുടെ വൃക്കയിൽ  ജീവിതം തിരിച്ചുപിടിച്ചത്‌. കുഞ്ഞിക്കണ്ണന്‌ വൃക്ക രോഗമാണെന്ന്‌ തിരിച്ചറിഞ്ഞതോടെ സഹോദരനെ രക്ഷിക്കാൻ സ്വത്തെല്ലാം വിൽക്കാൻ തയ്യാറാണെന്ന്‌ നാരായണി ഡോക്ടർമാരോടും നഴ്‌സുമാരോടും  പറഞ്ഞു. പണമല്ല, വൃക്കയാണ്‌ വേണ്ടതെന്നായി ഡോക്ടർമാർ. തന്റെ പ്രാണൻപോയാലും അനുജൻ രക്ഷപ്പെടണമെന്ന്‌ നാരായണിയും. വൃക്കദാനത്തിലേക്ക്‌ അങ്ങനെയാണ്‌ വഴിയൊരുങ്ങിയത്‌. ഇതുസംബന്ധിച്ച്‌ സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചു.

1982 ജൂൺ നാലിന്‌ വെല്ലൂർ സിഎംസിയിലായിരുന്നു ശസ്‌ത്രക്രിയ. ഇതോടെ കേരളത്തിലെ ആദ്യ വൃക്ക സ്വീകർത്താവായി കുഞ്ഞിക്കണ്ണനും ദാതാവായി നാരായണിയും മാറി.  നാരായണിയുടെ 62 –-ാം വയസ്സിലായിരുന്നു ഇത്‌. കുഞ്ഞിക്കണ്ണന്‌ 42ഉം. 72–-ാം വയസ്സിൽ കുഞ്ഞിക്കണ്ണൻ മരിക്കുമ്പോഴും സഹോദരിയിൽനിന്ന്‌ ലഭിച്ച വൃക്ക കരുത്തോടെയുണ്ടായിരുന്നു.

വെല്ലൂരിൽ കെട്ടിവയ്‌ക്കാൻ പണമില്ലാത്തതിനാൽ, അന്ന്‌ നിയമസഭാ സ്‌പീക്കറായിരുന്ന എ പി കുര്യനാണ്‌ എറണാകുളം ബിഷപ്പിന്റെ കത്ത്‌ സംഘടിപ്പിച്ച്‌ ശസ്‌ത്രക്രിയക്ക്‌ അവസരമൊരുക്കിയത്‌. നാട്ടിൽ ഐടിഐ ജീവനക്കാരുടെ സഹകരണത്തോടെ ചികിത്സാ കമ്മിറ്റി രൂപീകരിച്ച്‌ രണ്ട്‌ ലക്ഷം രൂപയും ശേഖരിച്ചു. നാരായണിയുടെ ഭർത്താവും മൂന്ന്‌ മക്കളും അകാലത്തിൽ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top