26 April Friday

ദേശീയപാത 66; പാലം നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി തെക്കേ നാലുവഴിയിൽ നിർമിക്കുന്ന മേൽപ്പാലത്തിനായി തൂണുകൾ ഉയർന്നപ്പോൾ

പറവൂർ> ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ഇടപ്പള്ളി–-കോട്ടപ്പുറം ഭാഗത്ത് പാലങ്ങളുടെ നിർമാണം തുടങ്ങി. കോട്ടപ്പുറം–-മൂത്തകുന്നം പാലത്തിന്റെ പൈലിങ്‌ പ്രവർത്തനങ്ങളും വള്ളുവള്ളി, തെക്കേ നാലുവഴി എന്നിവിടങ്ങളിൽ നിർമിക്കുന്ന മേൽപ്പാലങ്ങളുടെ തൂണുകളും ഉയർന്നു. കോട്ടപ്പുറത്തുനിന്ന്‌ വലിയപണിക്കൻതുരുത്തിലേക്കും വലിയപണിക്കൻതുരുത്തിൽനിന്ന്‌ മൂത്തകുന്നത്തേക്കും രണ്ട് പാലങ്ങളുണ്ടാകും.

കോട്ടപ്പുറം–-വലിയപണിക്കൻതുരുത്ത് പാലത്തിന് 290 മീറ്ററും വലിയപണിക്കൻതുരുത്ത്–-മൂത്തകുന്നം പാലത്തിന് 354 മീറ്ററുമാണ്‌ നീളം. രണ്ടിടത്തും പാലത്തിന് 16 മീറ്റർ വീതിയും അപ്രോച്ച് റോഡിന് 25 മീറ്റർ നീളവുമുണ്ടാകും. ഓരോ പാലത്തിലും മൂന്നുവരി ഗതാഗതമുണ്ടാകും. ആദ്യത്തെ പാലത്തിന് ആർച്ച് സ്പാനും രണ്ടാമത്തെ പാലത്തിന് സ്ക്വയർ സ്പാനുമാണ് പണിയുക. കൊടുങ്ങല്ലൂരിൽനിന്ന്‌ മൂത്തകുന്നത്തേക്ക്‌ വരുമ്പോൾ നിലവിലെ പാലങ്ങളുടെ വലതുഭാഗത്താണ്‌ പാലം വരിക. സോളർ പാനലുകൾ സ്ഥാപിക്കാനുള്ള തൂണുകളും പാലത്തിൽ നിർമിക്കും.

തൂണുകൾ കരയിൽ നിർമിച്ചശേഷം വെള്ളത്തിൽ ഉറപ്പിക്കും. ക്രെയിനും മറ്റു സാമഗ്രികളും പുഴയിലൂടെ കൊണ്ടുപോകാൻ ഇരുമ്പുപൈപ്പുകൾ ഘടിപ്പിച്ച ബാർജുകൾ സജ്ജമാക്കിയിട്ടുണ്ട്. മൂത്തകുന്നത്തുനിന്ന്‌ കോട്ടപ്പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്കായി നിലവിലെ ദേശീയപാതയിലുള്ള പാലങ്ങൾ ഉപയോഗപ്രദമാക്കാൻ കഴിയുമോയെന്ന്‌ പരിശോധിക്കുന്നുണ്ട്. ഏറെ പഴക്കമുള്ളതാണീ പാലങ്ങൾ. ഇതിനുകഴിഞ്ഞില്ലെങ്കിൽ പുതുതായി പണിയുന്ന രണ്ടുപാലങ്ങൾക്ക്‌ സമാന്തരമായി രണ്ടുപാലങ്ങൾകൂടി നിർമിക്കും.

കരിങ്കൽക്ഷാമം നിർമാണത്തെ സാരമായി ബാധിക്കും. കരിങ്കല്ലെടുക്കാൻ ക്വാറി ലഭിക്കാത്തതാണ്‌ ക്ഷാമത്തിന്‌ കാരണം. കരാറെടുത്ത ഓറിയന്റൽ സ്ട്രക്ചറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചാലക്കുടിയിലെ ക്വാറിക്ക് അപേക്ഷ നൽകിയെങ്കിലും ലഭ്യമായിട്ടില്ല. വലിയ പദ്ധതിയായതിനാൽ ക്വാറിയിൽനിന്നേ കരിങ്കല്ല് എടുക്കാനാകൂ. മറ്റു കേന്ദ്രങ്ങളിൽനിന്ന് ആവശ്യത്തിന് ലഭിക്കില്ല. ഇടപ്പള്ളിമുതൽ കോട്ടപ്പുറംവരെയുള്ള ഭാഗത്ത് 10 കേന്ദ്രങ്ങളിൽ നിർമാണം നടക്കുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും പൈലിങ്, ഡ്രെയിനേജ്‌ ജോലികളാണ്‌ നടക്കുന്നത്. ഇടപ്പള്ളി റെയിൽവേ മേൽപ്പാലം നിർമാണവും പുനരാരംഭിച്ചിട്ടുണ്ട്. ഇടപ്പള്ളി–-കോട്ടപ്പുറം റീച്ചിൽ 2022 ഒക്ടോബർ ഇരുപത്തഞ്ചിനാണ് നിർമാണം ആരംഭിച്ചത്‌. 910 ദിവസത്തെ കരാർ കാലാവധിപ്രകാരം 2025ൽ നിർമാണം പൂർത്തിയാക്കാനായാൽ നാലുപതിറ്റാണ്ട് നീണ്ട യാത്രാദുരിതത്തിന് അറുതിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top