26 April Friday
സമൂഹമാധ്യമങ്ങളിൽ നേതാക്കൾക്ക്‌ പിന്തുണയില്ല, മത്സരിച്ചവരിൽ ആരെയും മണ്ഡലങ്ങളിലെ ജനങ്ങൾ ഓർക്കുന്നില്ല

‘ഇങ്ങനെ പോയാൽ എങ്ങുമെത്തില്ല’, 'നേതാക്കൾക്ക്‌ ജനങ്ങളുടെ മനസ്സിൽ സ്ഥാനമില്ല' ; തമ്മിലടിയിൽ അതൃപ്തി മറയ്ക്കാതെ നദ്ദ

ദിനേശ്‌ വർമUpdated: Wednesday Sep 28, 2022


തിരുവനന്തപുരം
ബിജെപിയുടെ പിന്നാക്കാവസ്ഥയിലും നേതാക്കളുടെ തമ്മിലടിയിലുമുള്ള അതൃപ്തി മറയ്ക്കാതെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ.  പ്രകാശ്‌ ജാവ്‌ദേക്കറുടെ സാന്നിധ്യത്തിലാണ്‌ നേതാക്കളോട്‌ നേരിട്ടും നേതൃയോഗങ്ങളിലും ‘ഇങ്ങനെ പോയാൽ എങ്ങുമെത്തില്ല’ എന്ന്‌ തുറന്നടിച്ചത്‌. ഡിസംബറിൽ പുനഃസംഘടന നടക്കാനിരിക്കെ സുരേന്ദ്രനും സംഘത്തിനും നദ്ദയുടെ നീരസം കനത്ത തിരിച്ചടിയാകും.

‘ സമൂഹമാധ്യമങ്ങളിൽ നേതാക്കൾക്ക്‌ പിന്തുണയില്ല, മത്സരിച്ചവരിൽ ആരെയും മണ്ഡലങ്ങളിലെ ജനങ്ങൾ ഓർക്കുന്നില്ല, മസിൽ പിടിച്ച്‌ നടക്കുന്ന നേതാക്കൾക്ക്‌ ജനങ്ങളുടെ മനസ്സിൽ സ്ഥാനവുമില്ല’. കോട്ടയത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരുടെ യോഗത്തിലും തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലങ്ങളിലെ പ്രധാന നേതാക്കളുടെ കോർയോഗത്തിലുമാണ്‌ വിമർശം. ദേശീയ നേതൃത്വത്തിന്റെ നിർദേശമനുസരിച്ച്‌ ബംഗളൂരു ആസ്ഥാനമായ ഏജൻസി ബിജെപി വളരാത്തതിന്റെ കാരണം പഠിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ നദ്ദയുടെ നിർദേശങ്ങൾ.

തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശൂർ, പാലക്കാട്‌ മണ്ഡലങ്ങൾ പിടിക്കാനാകും. അതിനായി നേതാക്കളും മുമ്പ്‌ മത്സരിച്ചവരും നിരന്തരം വീടുകയറണം. അവിശ്വാസികളെയും കൂടെ കൂട്ടണം. പാർടിയുടെ പിന്നാക്കാവസ്ഥയിലുള്ള അതൃപ്തി രണ്ട്‌ ദിവസത്തെ സന്ദർശനത്തിലുടനീളം നേതാക്കളോട്‌ പ്രകടിപ്പിച്ചു. സംസ്ഥാന നേതാക്കൾ നേരത്തേ തീരുമാനിച്ച വാർത്താ സമ്മേളനമടക്കം പല പരിപാടികളും നദ്ദ റദ്ദ്‌ ചെയ്തിരുന്നു.

ക്രൈസ്തവ പാർടിക്ക്‌ നീക്കം
കേരളത്തിൽ ബിജെപി അനുകൂല ക്രൈസ്തവ പാർടിക്ക്‌ രൂപം നൽകുന്നതിനുള്ള നീക്കത്തിന്‌ നദ്ദ തുടക്കം കുറിച്ചതായി വിവരങ്ങൾ പുറത്തുവന്നു. കോട്ടയത്ത്‌ കരിത്താസ്‌ ആശുപത്രിയിൽ ചില ബിഷപ്പുമാരും സംഘടനാ നേതാക്കളുമായും രഹസ്യ ചർച്ച നടത്തിയതായും വിവരമുണ്ട്‌. പോപ്പുലർ ഫ്രണ്ട്‌ ആസ്ഥാനങ്ങളിൽ നടത്തിയ റെയ്‌ഡും ഹർത്താൽ അക്രമവും നദ്ദ ചൂണ്ടിക്കാട്ടി. വിവിധ സഭകൾക്ക്‌ വിദേശത്തുനിന്ന്‌ എത്തേണ്ട ഫണ്ട്‌ ബിജെപി സർക്കാർ തടഞ്ഞുവച്ചതും ചർച്ചയായി.
ഇക്കാര്യത്തിൽ സഭകൾക്കുള്ള ബുദ്ധിമുട്ട്‌ ചൂഷണം ചെയ്യാനാണ്‌ ബിജെപി ശ്രമം. കരിത്താസ്‌ സന്ദർശനം സംബന്ധിച്ച വിവരം സംസ്ഥാന നേതാക്കളെപ്പോലും അറിയിച്ചിരുന്നില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top