27 April Saturday

കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിന് വിലയിടരുത്‌: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

കണ്ണൂർ> കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലക്കോട് നടന്ന കർഷക റാലിയിൽ തലശേരി ബിഷപ്‌ നടത്തിയ പ്രസംഗം കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കുന്നതാണെന്ന്‌ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. ‘റബറിന് 300 രൂപ തറവില പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്നും കേരളത്തിൽനിന്ന്‌ ഒരു എംപി പോലുമില്ലാത്ത ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരും’ എന്നുമുള്ള' പ്രസംഗം ന്യൂനപക്ഷവേട്ടയ്‌ക്ക് നേതൃത്വം കൊടുക്കുന്ന ബിജെപിയെ നിർലജ്ജം ന്യായീകരിക്കുന്നതാണ്‌.

ഫെബ്രുവരി 19ന് ഡൽഹി ജന്തർമന്തിറിൽ 79 ക്രൈസ്തവ സംഘടനകളുടെയും 21 ബിഷപ്പുമാരുടെയും നേതൃത്വത്തിൽ ന്യൂനപക്ഷ സംരക്ഷണ റാലി നടന്നു. സ്വാതന്ത്ര്യത്തിനുശേഷം നടന്ന സമാന സമരങ്ങളിൽ നാലാമത്തേതാണിത് എന്ന് എടുത്തുപറയേണ്ടതാണ്. ആ റാലിയെ അഭിസംബോധനചെയ്‌ത വൈദിക ശ്രേഷ്‌ഠരെടുത്ത നിലപാടിന് വിരുദ്ധമാണ്  ബിഷപ്പിന്റെ പ്രസംഗം. ഡൽഹിയിൽ ബിഷപ്പുമാർ നടത്തിയ പ്രസംഗം ബിജെപി സർക്കാരിന്റെ കർഷകദ്രോഹ, ന്യൂനപക്ഷവേട്ട തുറന്നുകാട്ടുന്നതായിരുന്നു.

കേരളമൊഴികെ മറ്റ്‌ സംസ്ഥാനങ്ങളിൽ കന്യാസ്ത്രീകൾക്കും ദേവാലയങ്ങൾക്കും ക്രൈസ്തവർക്കും നേരെ സംഘപരിവാർ നടത്തുന്ന അക്രമങ്ങൾക്കെതിരെയായിരുന്നു അത്‌. യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറത്തിന്റെ റിപ്പോർട്ടിൽ മോദിഭരണത്തിൽ ക്രൈസ്തവർക്കെതിരായ ആക്രമണം 400 ശതമാനമായി വർധിച്ചുവെന്ന ഗുരുതര വെളിപ്പെടുത്തൽകൂടിയുണ്ട്. യോഗി ഭരിക്കുന്ന ഉത്തർപ്രദേശിന് പുറമേ, ബിജെപി ഭരിക്കുന്ന മറ്റ്‌ സംസ്ഥാനങ്ങളും അക്രമങ്ങളിൽ മുന്നിട്ടുനിൽക്കുന്നു. ക്രിസ്ത്യാനികൾക്ക് റേഷനും ശ്മശാനസ്ഥലവും നിഷേധിക്കപ്പെട്ട സംഭവങ്ങൾ, പള്ളികൾ ആക്രമിക്കപ്പെട്ടത്‌, ഘർവാപസി എന്ന പേരിലുള്ള നിർബന്ധിത മതപരിവർത്തനം എന്നിവ ഈ സംസ്ഥാനങ്ങളിൽ തുടർച്ചയായി അരങ്ങേറുന്നുവെന്ന് ബിഷപ്പുമാർ ലോകത്തോട് വിളിച്ചുപറയുന്നു.  

കത്തോലിക്ക കോൺഗ്രസ് പ്രഖ്യാപിച്ച കർഷകറാലിയിലെ മുദ്രാവാക്യം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ എന്നായിരുന്നു.  കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ചയ്‌ക്ക് അടിസ്ഥാന കാരണം കോൺഗ്രസ് ഭരണകാലത്ത് ഒപ്പിട്ടതും ബിജെപി സർക്കാർ തുടരുന്നതുമായ ആസിയാൻ കരാർ അടക്കമുള്ള കർഷകദ്രോഹ കരാറുകളും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളുമാണ്.  ഇറക്കുമതി ഉദാരമാക്കിയതും തീരുവ വെട്ടിക്കുറച്ചതും റബർ അടക്കമുള്ള കാർഷികോൽപ്പന്നങ്ങളുടെ വില കുറക്കാനിടയാക്കി.   

ഒരുവർഷത്തിലേറെ നീണ്ട കർഷകസമരത്തിൽ ഇന്ത്യയിലെ കർഷകസംഘടനകൾ കേരളമുൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളെ കുറ്റപ്പെടുത്തിയില്ല. റബറിന്റെ വിലയിടിയാൻ കാരണം സംസ്ഥാന സർക്കാരുകളല്ല. മറിച്ച് റബറിന് പ്രൊഡക്ഷൻ ഇൻസെന്റീവും നെല്ല് അടക്കമുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് തറവിലയും നൽകി കൃഷിക്കാരെ സഹായിക്കുന്നത് സംസ്ഥാന സർക്കാരാണ്. കർഷകരെ ദ്രോഹിക്കുകയും ന്യൂനപക്ഷവേട്ടയ്‌ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘപരിവാറിന് വോട്ട് ചെയ്യാൻ ബിഷപ്‌ ആഹ്വാനം ചെയ്‌താലും അനുഭവസ്ഥരായ മലയോര ജനത അത് തള്ളിക്കളയുമെന്ന്‌ എം വി ജയരാജൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top