25 April Thursday
മുസ്ലിം പേരുള്ള മന്ത്രിയെ തീവ്രവാദിയാക്കിയത്‌ വികൃതമനസ്സും കടുത്ത വർഗീയതയും

വിരട്ടൽ 
വേണ്ട ആസൂത്രിത ആക്രമണമാണ് നടക്കുന്നത്; കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ ശ്രമം: എം വി ഗോവിന്ദന്‍

പ്രത്യേക ലേഖകൻUpdated: Friday Dec 2, 2022


തിരുവനന്തപുരം
വിഴിഞ്ഞത്ത്‌ ആക്രമണം അഴിച്ചുവിട്ട്‌  അതിന്റെ മറവിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം കേരളത്തിൽ വിലപ്പോകില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വിമോചനസമരം നടത്തുമെന്നും സർക്കാരിനെ വലിച്ച്‌ താഴെയിടുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ബിജെപി പ്രസിഡണ്ട്‌  കെ സുരേന്ദ്രനും ഒരേശബ്ദത്തിൽ പറയുന്നു. അത്തരം ഒരു ഭീഷണിക്കും കേരളം വഴങ്ങില്ല. ആ ഓലപ്പാമ്പൊന്നും കണ്ടാൽ പേടിക്കുന്നവരുമല്ല കേരളത്തിലുള്ളത്‌. പൊലീസ്‌ സ്‌റ്റേഷൻ ആക്രമണമുൾപ്പെടെ വിഴിഞ്ഞത്തെ കലാപനീക്കത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും   എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. 

ഗവർണറെ ബിജെപി നിയമിച്ചതാണെന്നും സർക്കാരിനെ പിരിച്ചുവിടുമെന്നുമാണ്‌ കെ സുരേന്ദ്രന്റെ ഭീഷണി. അഞ്ചു നിമിഷത്തിനുള്ളിൽ വലിച്ച്‌ താഴത്തിടുമെന്നും പറയുന്നു.   അതിനൊപ്പമാണ്‌ വിമോചന സമരമെന്ന്‌ കെ സുധാകരൻ പറയുന്നത്‌. രണ്ടിനും ഒരു സ്വരമാണ്‌. വിഴിഞ്ഞം കലാപനീക്കത്തിന്റെ മറപറ്റി ക്രമസമാധാനം തകർന്നെന്ന്‌ ഗവർണർ പറയുന്നു. വിഴിഞ്ഞത്ത്‌ വെടിവയ്ക്കാത്തതിലാണ്‌ചിലർക്ക്‌ ദുഃഖം. പ്രതികളെ രക്ഷിക്കാൻ സർക്കാരിന്‌ കത്ത്‌ നൽകിയതിലൂടെ ഗവർണറുടെ തനിനിറം ഒന്നുകൂടി വ്യക്തമായെന്നും എം വി ഗോവിന്ദൻ പറഞ്ഞു.  

ആക്രമണം ആസൂത്രിതം
വിഴിഞ്ഞം ആക്രമണം ആസൂത്രിതമായിരുന്നു. പൊലീസ്‌ സ്‌റ്റേഷൻ  കത്തിക്കുമെന്ന്‌ പ്രസംഗിക്കുന്നത്‌ എല്ലാവരും കേട്ടതാണ്‌. കേരളത്തിലെ വികസനപ്രവർത്തനങ്ങൾ തടയലാണ്‌ ലക്ഷ്യം. പ്രതിപക്ഷവും ചില മാധ്യമങ്ങളും   പിന്തുണയ്ക്കുന്നു. ആ ഭീഷണിക്കും വഴങ്ങാൻ ഉദ്ദേശിക്കുന്നില്ല.  
സമരക്കാർ ഉയർത്തിയ പ്രശ്നങ്ങൾ ആദ്യം മുഖ്യമന്ത്രിയും പിന്നീട്‌ മന്ത്രിമാരും ചർച്ച നടത്തി. ഏഴിൽ ആറിലും പരിഹാരം കണ്ട്‌ സർക്കാർ  നടപടികൾ തുടങ്ങി. എന്നാൽ ചർച്ചയ്ക്ക്‌ വരുന്നവർ  തീരുമാനം അറിയിക്കാമെന്ന്‌ പറഞ്ഞ്‌ പോയിട്ട്‌ നിലപാട്‌ മാറ്റുന്നു. പദ്ധതി നിർത്തിവയ്ക്കണമെന്നത്‌ പ്രായോഗികമല്ല. സർവകക്ഷി യോഗത്തിൽ എല്ലാവരും ഒറ്റക്കെട്ടായി പദ്ധതിയെ അനുകൂലിച്ചു.  ലത്തീൻ സഭ തന്നെയാണ്‌ തുറമുഖത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ നേരത്തേ മുമ്പിൽ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

പേരിന്റെ പേരിൽ മന്ത്രിയെ തീവ്രവാദിയാക്കിയതിലൂടെ പുറത്തുവന്നത്‌ ആ വൈദികന്റെ വികൃതമനസ്സും കടുത്ത വർഗീയതയുമാണ്‌. വ്യവസായ സംരക്ഷണത്തിന്‌ ഇപ്പോൾത്തന്നെ കേരളത്തിൽ കേന്ദ്രസേനയുണ്ട്‌, ക്രമസമാധാനപാലനത്തിന്‌ കേരള പൊലീസ്‌ തന്നെ ധാരാളമാണ്‌.  കേരളത്തിനെതിരായ എല്ലാ നീക്കങ്ങൾക്കെതിരേയും  വ്യാപക പ്രചാരണം നടത്തുമെന്നും  എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top