20 April Saturday

ശ്രീനാരായണഗുരുവിന്റെ ആശ്രമവും ആർഎസ്‌എസുകാർ കത്തിച്ചേനെ: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

ചെങ്ങന്നൂർ >ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ആശ്രമം ആർഎസ്‌എസുകാർ കത്തിച്ചേനെയെന്ന്‌ സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎ പറഞ്ഞു. മികച്ച കോളജ് യൂണിയന്‌ എകെപിസിടിഎ ഏർപ്പെടുത്തിയ പ്രഥമ അഭിമന്യു എവർറോളിങ് ട്രോഫി ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ്‌ യൂണിയനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ നിലപാട്‌ സ്വീകരിക്കുകയും വർഗീയതയെ ശക്തമായി എതിർക്കുകയും ചെയ്‌തതിനാലാണ്‌ ആർഎസ്‌എസുകാർ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്‌.

ആർഎസ്‌എസ്‌ രൂപീകരിച്ചിട്ട്‌ നൂറാംവാർഷികമാകുമ്പോഴേക്ക്‌ കഴിയാവുന്നത്ര സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ്‌ കൊണ്ടുവരാനാണ്‌ ‌ആർഎസ്‌എസ്‌ ശ്രമിക്കുന്നത്‌.  ശതാബ്‌ദി വർഷത്തിൽ രാജ്യം ഹിന്ദു രാഷ്‌ട്രമാക്കുകയാണ്‌ ലക്ഷ്യം. പൗരത്വനിയമം നടപ്പാക്കാനും അവർ ശ്രമിക്കുന്നു.  
2024ലെ തെരഞ്ഞെടുപ്പ്‌ ഇന്ത്യ ഇതേരൂപത്തിൽ നിലനിൽക്കണോ എന്നു തീരുമാനിക്കുന്നതാണ്‌. ആ തെരഞ്ഞെടുപ്പിലും ബിജെപി ജയിച്ചാൽ ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയും ഇല്ലാതാകും. ഹിന്ദുരാഷ്‌ട്രം നടപ്പാക്കിയാൽ നമ്മുടെ രാജ്യമല്ലേ വരികയെന്ന്‌ ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ കോർപറേറ്റുകളുടെ രാജ്യമാകും വരിക. ആർഎസ്‌എസിന്റെ ഹിന്ദുക്കളുടെ കൂട്ടത്തിൽ അവർണരും ദളിതരുമില്ല.
ഫുട്‌ബോളിനെപ്പോലും വർഗീയവൽക്കരിക്കാനാണ്‌ ശ്രമം. വർഗീയവാദികൾ ഏറ്റുമുട്ടുമ്പോൾ ആരും തോൽക്കുന്നില്ല. രണ്ടുകൂട്ടരും ജയിക്കുകയും വളരുകയുമാണ്‌. ഇതിനെ മാനവികതയിലും മതനിരപേക്ഷതയിലും അടിയുറച്ചുനിന്ന്‌ ചെറുത്തു തോൽപ്പിക്കണം.   വണ്ടിമല  ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top