25 April Thursday

ജനപങ്കാളിത്തത്തോടെ വാതില്‍പ്പടി സേവനം: വളന്റിയർമാർക്ക്‌ യാത്രാച്ചെലവ്‌ നൽകും: മന്ത്രി എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Sunday Sep 26, 2021

തിരുവനന്തപുരം   
സംസ്ഥാന സർക്കാരിന്റെ വാതിൽപ്പടി സേവനം ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ നിർദേശം നൽകി. ഓരോ തദ്ദേശ സ്ഥാപനവും സ്വന്തം നിലയിൽ പദ്ധതി വിപുലമാക്കണം.
വീടുകളിൽ നേരിട്ടെത്തി സേവനം നൽകാനുള്ള ഉപകരണങ്ങൾക്കും യാത്രാ ചെലവിനുമായി തനത് വികസന ഫണ്ടിലെ തുക ഉപയോഗിക്കാം. പഞ്ചായത്തിൽ ഒരു ലക്ഷവും നഗരസഭയിൽ രണ്ട് ലക്ഷവും കോർപറേഷനിൽ അഞ്ച് ലക്ഷം രൂപയുംവരെ ചെലവാക്കാം. സംഭാവന, സിഎസ്ആർ ഫണ്ട്‌, സ്‌പോൺസർഷിപ് എന്നിവ സ്വീകരിച്ചും മേള നടത്തിയും പണം കണ്ടെത്താം.

മസ്റ്ററിങ്‌, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫ്‌ അപേക്ഷ, ജീവൻ രക്ഷാ മരുന്ന്‌ എന്നിവയാണ് ആദ്യഘട്ടം വാതിൽ പടി സേവനം വഴി നൽകുക. വീട്ടിലെത്തി മസ്റ്ററിങ്‌ നടത്തുന്നതിന് 30 രൂപയും ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷയ്‌ക്ക്‌ 20ഉം ലൈഫ് സർട്ടിഫിക്കറ്റിന്‌ 30ഉം പെൻഷൻ അപേക്ഷയ്‌ക്ക്‌ 50 രൂപയും വളന്റിയർമാർക്ക് റീ ഇമ്പേഴ്‌സ്‌മെന്റായി നൽകും. ഒപ്പം കിലോമീറ്ററിന്‌ അഞ്ചുരൂപ നിരക്കിൽ ഇന്ധന ചെലവും നൽകും. തദ്ദേശ സ്ഥാപനങ്ങൾ അധ്യക്ഷന്റെയും കോ-–-ഓർഡിനേറ്ററുടെയും പേരിൽ സംയുക്ത ബാങ്ക് അക്കൗണ്ട് രൂപീകരിച്ചാണ്‌ സംഭാവന സ്വീകരിക്കേണ്ടത്‌ . അക്കൗണ്ടിന്റെ വിശദാംശവും വാതിൽപ്പടി സേവനത്തിന്റെ വിവരവും സമൂഹമാധ്യമം വഴിയും മറ്റും ജനങ്ങളിലെത്തിക്കുന്നതിന് തദ്ദേശ സ്ഥാപനം തയ്യാറാവണമെന്നും മന്ത്രി  അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top