27 April Saturday

എക്സൈസ്‌ ഉദ്യോഗസ്ഥർക്ക്‌ നേരെയുള്ള അക്രമങ്ങളെ ശക്തമായി നേരിടും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

തിരുവനന്തപുരം> മയക്കുമരുന്നിനും മദ്യക്കടത്തിനും എതിരെയുള്ള ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്കിടെ എക്സൈസ്‌ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ശക്തമായി നേരിടുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന്- മദ്യക്കടത്ത്‌ സംഘങ്ങൾ എക്സൈസ്‌ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കർശന നടപടിക്ക്‌ മന്ത്രി നിർദ്ദേശം നൽകി.

തിരുവനന്തപുരത്ത്‌ കഞ്ചാവ്‌ മാഫിയയുടെ ആക്രമണത്തിലും മഞ്ചേശ്വരത്ത്‌ മദ്യക്കടത്ത്‌ സംഘത്തിന്റെ വാഹനമിടിച്ചും പരുക്കേറ്റ എക്സൈസ്‌ ജീവനക്കാരുമായി മന്ത്രി ഫോണിൽ സംസാരിച്ചു. മദ്യക്കടത്ത്‌- മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കൊപ്പം എന്നും സർക്കാരുണ്ടാകുമെന്ന് മന്ത്രി ‌ഉറപ്പുനൽകി. അക്രമിച്ച് എക്സൈസിനെ പിന്തിരിപ്പിക്കാമെന്ന് ആരും കരുതണ്ട. എക്സൈസ്‌ ഉദ്യോഗസ്ഥരുടെ സുരക്ഷയും, മദ്യ- മയക്കുമരുന്ന് കടത്തിനെതിരെയുള്ള എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

മയക്കുമരുന്ന്-വ്യാജമദ്യ സംഘങ്ങൾക്കെതിരെ കർശന നടപടിയാണ്‌ സർക്കാർ സ്വീകരിച്ചുവരുന്നത്‌. ഈ നടപടി മൂലം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാതെ‌ വരുന്നതോടെയാണ്‌ സംഘങ്ങൾ എക്സൈസ്‌ ഉദ്യോഗസ്ഥരെത്തന്നെ ആക്രമിക്കാൻ തയ്യാറാകുന്നത്‌. സത്യസന്ധമായി ജോലി ചെയ്യുന്നവർക്ക്‌ എല്ലാ പിന്തുണയും സംരക്ഷണവും സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

എക്സൈസ്‌ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്രമണങ്ങളിൽ പൊലീസ്‌ യഥാസമയം കേസെടുത്ത്‌ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. പുതിയ കാലത്തിന്‌ അനുസരിച്ച്‌ എക്സൈസിനെ നവീകരിക്കാനുള്ള  ശ്രമങ്ങൾ സർക്കാർ തുടരുകയാണ്‌. കൂടുതൽ യുവാക്കൾ സേനയിലെക്ക്‌ എത്തുന്നുണ്ട്‌. എല്ലാ ഭീഷണികളെയും തടസങ്ങളെയും മറികടന്ന് അഴിമതി രഹിതവും ഊർജ്വസ്വലവും നിർഭയവുമായ പ്രവർത്തനം കാഴ്ചവെക്കാൻ ഓരോ ഉദ്യോഗസ്ഥനും തയ്യാറാകണമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top