26 April Friday

സംയോജന പരിപാടികൾക്ക് ധനസഹായമായി 9.04 കോടി രൂപ അനുവദിച്ചു: മന്ത്രി എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

തിരുവനന്തപുരം> കോഴിക്കോട്, പാലക്കാട്, തൃശൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ആകെ 79.15 കോടി രൂപയുടെ 7 ബൃഹദ്‌സംയോജന പദ്ധതികൾക്ക്  അംഗീകാരം നൽകുകയും പദ്ധതി നടത്തിപ്പിന് സംസ്ഥാന സർക്കാറിന്റെ പ്രോത്സാഹന ധനസഹായമായി  9.04 കോടി രൂപ അനുവദിക്കുന്നതിന് അംഗീകാരം നൽകുകയും ചെയ്തതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.

ജില്ലാ പദ്ധതിയിലെ സംയോജിത പരിപാടികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക സർക്കാരുകൾക്ക്  ധനസഹായം  അനുവദിക്കാൻ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. വരും വർഷങ്ങളിൽ  സംസ്ഥാനത്തെ  എല്ലാ ജില്ലകളിൽ നിന്നും  സംയോജന  പദ്ധതികൾ  തയ്യാറാക്കി  സമർപ്പിക്കുവാൻ ജില്ലാ ആസൂത്രണ  സമിതികൾ  നേതൃത്വം  നൽകണം. സംയോജിത പദ്ധതികളുടെ രൂപീകരണത്തിൽ  ജില്ലാ ആസൂത്രണ സമിതികളുടെ  പങ്ക്  അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

നൂതന ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള സമഗ്ര  പ്രോജക്ടുകൾ  ഏറ്റെടുത്ത  തദ്ദേശ  സ്വയം  ഭരണ  സ്ഥാപനങ്ങളെ മന്ത്രി  അഭിനന്ദിച്ചു. ഒരു പ്രദേശത്തെ മൊത്തം സാമ്പത്തിക വികസനം സാധ്യമാക്കുന്ന  തരത്തിലുള്ള  പ്രോജക്ടുകൾ  രൂപീകരിക്കുവാൻ  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ  ശ്രദ്ദിക്കേണ്ടതാണെന്ന്  മന്ത്രി  നിർദേശിച്ചു. ഉന്നതാധികാര സമിതി യോഗത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ ജിജു പി അലക്‌സ്, തദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡി ബാലമുരളി, സംസ്ഥാന ആസൂത്രണ ബോർഡ്  വികേന്ദ്രീകൃതാസൂത്രണ വിഭാഗം ചീഫ് ജെ  ജോസഫൈൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, കോഴിക്കോട്, തൃശൂർ, പാലക്കാട്, ആലപ്പുഴ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

അംഗീകാരം ലഭിച്ച പദ്ധതികളും  അനുവദിച്ച പ്രോത്സാഹന ധനസഹായവും

1) ക്രാഡിൽ, കോഴിക്കോട് ജില്ല, അടങ്കൽ തുക-622.38 ലക്ഷം രൂപ, പ്രോത്സാഹന ധനസഹായം - 124.48 ലക്ഷം രൂപ.
2) ഇനാബ്ലിംഗ് കോഴിക്കോട്, കോഴിക്കോട് ജില്ല, അടങ്കൽ തുക - 553.38 ലക്ഷം രൂപ,  പ്രോത്സാഹന ധനസഹായം - 110.68 ലക്ഷം രൂപ.
3) സ്നേഹസ്പർശം, പാലക്കാട് ജില്ല, അടങ്കൽ തുക - 302.00 ലക്ഷം രൂപ,  പ്രോത്സാഹന ധനസഹായം - 60.40 ലക്ഷം രൂപ.
4) ജലസമൃദ്ധി - വെണ്ണൂർതുറ നവീകരണം, തൃശൂർ ജില്ല, അടങ്കൽ തുക - 2500.00 ലക്ഷം രൂപ,  പ്രോത്സാഹന ധനസഹായം - 200.00 ലക്ഷം രൂപ.
5) ഷീ വർക്ക് സ്‌പേസ്, തൃശൂർ ജില്ല, അടങ്കൽ തുക - 2895.00 ലക്ഷം രൂപ,  പ്രോത്സാഹന ധനസഹായം- 200.00 ലക്ഷം രൂപ.
6) താമരച്ചാൽ ജലാശയ നവീകരണം, ആലപ്പുഴ ജില്ല, അടങ്കൽ തുക- 720.00 ലക്ഷം രൂപ,  പ്രോത്സാഹന ധനസഹായം- 144.00 ലക്ഷം രൂപ.
7) ആനമതിൽ, കാസർഗോഡ് ജില്ല, അടങ്കൽ തുക- 321.80 ലക്ഷം രൂപ,  പ്രോത്സാഹന ധനസഹായം- 64.36 ലക്ഷം രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top