20 April Saturday

വനിതാസംവരണ ബിൽ അവതരിപ്പിക്കാൻ മോദി സർക്കാർ തയ്യാറാകാത്തത്‌ കടുത്ത വഞ്ചന: എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2023

കൊച്ചി> പാർലമെന്റിൽ സ്വന്തമായി ഭൂരിപക്ഷമുണ്ടായിട്ടും വനിതാസംവരണ ബിൽ അവതരിപ്പിക്കാൻ മോദി സർക്കാർ തയ്യാറാകാത്തത്‌ സ്‌ത്രീസമുഹത്തോട്‌ കാട്ടുന്ന കടുത്ത വഞ്ചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. 2014 ലും 2019 ലും ബിജെപി മുന്നോട്ടുവെച്ച പ്രകടപത്രികയിൽ ‘ഭരണഘടനാ ഭേദഗതിയിലുടെ സ്‌ത്രീകൾക്ക്‌ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന്‌  ബിജെപി വാഗ്‌ദാനം നൽകിയിരുന്നു. മോദി അധികാരത്തിൽ വന്നതിന്‌ ശേഷം പാർലമെന്റിന്റെ  29  സമ്മേളനങ്ങൾ ചേർന്നിട്ടും വനിതാസംവരണ ബിൽ അവതരിപ്പിക്കാൻ തയ്യാറായിട്ടില്ലെന്നും  ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.

രാജ്യത്ത്‌ ഏറ്റവും സ്‌ത്രീസൗഹൃദവും സ്‌ത്രീശാക്തീകരണത്തിനായി നിലകൊള്ളുകയും ചെയ്യുന്ന സർക്കാരുകളിലൊന്നാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ദുർബല ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുക എന്ന നയമാണ്‌ പിണറായി വിജയൻ സർക്കാർ സ്വീകരിച്ചുവരുന്നത്‌. സ്‌ത്രീകൾക്കും  കുട്ടികൾക്കുമായി  പ്രത്യേക വകുപ്പ്‌ രൂപീകരിച്ചത്   സ്‌ത്രീകളുടെ ഉന്നമനത്തിന്‌  ഏറെ സഹായകമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ലോകരാജ്യങ്ങളിലെ പാർലമെന്റിൽ ശരാശരി  26 ശതമാനം വനിതാ പ്രാതിനിത്യനയം ഉള്ളപ്പോൾ ഇന്ത്യയിൽ അതിന്ന്‌ 15 ശതമാനം മാത്രമാണ്‌. ആഗോള ജെൻഡർ ഗ്യാപ്‌ റിപ്പോർട്ടനുസരിച്ച്‌ ഇന്ത്യയുടെ റാങ്ക്‌ 156 രാജ്യങ്ങളിൽ 140 ആണ്‌. വനിതാ പാർലമെന്റംഗങ്ങളുടെ സൂചികയിൽ 142-ാം സ്ഥാനത്താണ്‌ ഇന്ത്യ. ആർഎസ്‌എസ്‌ പിന്തുടരുന്ന പുരുഷമേധാവിത്വത്തിന്റെ നയം സ്വീകരിക്കുന്നതുകൊണ്ടാണ്‌ ബിജെപിക്ക്‌ വനിതാസംവരണ ബിൽ അവതരിപ്പിക്കാൻ കഴിയാത്തത്‌. സ്‌ത്രീകൾക്ക്‌ ഒരിക്കലും സ്വാതന്ത്ര്യം അനുവദിക്കരുതെന്ന്‌ പറയുന്ന മനുസ്‌മൃതിയെ ഇന്ത്യൻ ഭരണഘടനക്ക്‌ പകരംവെക്കണമെന്ന്‌ അനുശാസിക്കുന്നവരാണ്‌ ആർഎസ്‌എസും ബിജെപിയും.

ഒരു വനിതയെ രാഷ്ട്രപതിയാക്കിയെങ്കിലും അതിന്റെ പേരിൽ വനിതാ സംവരണബിൽ അവതരിപ്പിക്കാത്തത്‌ ഒരു ന്യായീകീകരണവും അർഹിക്കുന്നില്ല. മോദി സർക്കാർ വനിതാ സംവരണ ബിൽ അവതരിപ്പിച്ചാൽ പോലും അതിനെ ഇടതുപക്ഷം പിന്തുണക്കും. കോൺഗ്രസും ഇതിനെ അനുകൂലിക്കുകയാണ്‌. എന്നിട്ടും എന്താണ്  മോദി സർക്കാർ വനിതാസംവരണ ബിൽ കൊണ്ടുവരാത്തത്. 

കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 50 ശതമാനം സ്‌ത്രീസംവരണം ഉള്ളതിനാൽ സ്ഥിതി വ്യത്യസ്‌തമാണ്‌. നിലവിൽ വനിതാപ്രാതിനിധ്യം 53 ശതമാനമാണ്‌. 1200 തദ്ദേശ സ്ഥാപനങ്ങളിൽ 602 ഇടത്തും വനിതകളാണ്‌ അധ്യക്ഷർ. 941 ഗ്രാമപഞ്ചായത്തുകളിൽ 471 ലും 152 ബ്ലോക്ക്‌ പഞ്ചായത്തിൽ 77 ഇടത്തും 14 ജില്ലാ പഞ്ചായത്തിൽ ഏഴിലും 87 നഗരസഭയിൽ 44 ലും ആറ്‌ കോർപറേഷനിൽ മൂന്നിലും വനിതകളാണ്‌ അധ്യക്ഷർ. സംസ്ഥാന മന്ത്രിസഭയിൽ മൂന്ന്‌ വനിതാ മന്ത്രിമാരും ഉണ്ട്‌.

സംസ്ഥാനത്ത് ജെൻഡർ ബജറ്റ്‌ പുനഃസ്ഥാപിച്ചു.  സ്‌ത്രീകളുടെ സവിശേഷ വികസനത്തിനായി മാത്രം നീക്കിവെക്കുന്ന പദ്ധതി അനുപാതം 11.5 ശതമാനത്തിൽ നിന്ന്‌  19.5 ശതമാനമായി  ഉയർത്തി. തീരദേശ, ആദിവാസി മേഖലകളിലെ സ്‌ത്രീകൾക്ക്‌ കൂടുതൽ തൊഴിലവസരത്തിന്‌ ഊന്നൽ നൽകി സംസ്ഥാന സർക്കാർ വനിതാനയം പുതുക്കാനുള്ള നടപടി തുടങ്ങി.  നയം പുതുക്കാനുള്ള പ്രവർത്തനങ്ങൾ വനിതാശിശു വികസനവകുപ്പിനുകീഴിലുള്ള 11 അംഗ ജെൻഡർ കൗൺസിൽ ആരംഭിച്ചു.

ഗൃഹജോലിയുടെ മുല്യം അംഗീകരിച്ച്‌ വീട്ടമ്മമാർക്ക്‌ പെൻഷൻ എർപ്പെടത്താനും സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണ്‌. പൊലീസിൽ സ്‌ത്രീകളുടെ പങ്കാളിത്തം പത്ത്‌ ശതമാനമാക്കി.  വനിതാ കമാന്റോകളെ കൊണ്ടുവന്നു. വനിതാ ബറ്റാലിയനും ആരംഭിച്ചു. എക്‌സൈസ്‌, ഫയർഫോഴ്‌സ്‌, വനസംരക്ഷണം തുടങ്ങിയ യൂണിഫോം സർവീസുകളിൽ  സ്ത്രീകളെ ഉൾപ്പെടുത്തി. ജെൻഡർ പാർക്ക്‌,  നിർഭയ പദ്ധതികളും കാരക്ഷ്യമമമായി. വനിതാ പൊലീസ് സ്റ്റേഷൻ, വനിതാ സെൽ, വനിതാ ബറ്റാലിൻ, അപരാജിത, പിങ്ക് പോലീസ്, നിഴൽ, വനിതാ സ്വയംപ്രതിരോധ സംഘം, വനിതാ ബീറ്റ് എന്നിവയെല്ലാം സ്ത്രീസുരക്ഷ മുൻനിർത്തി നടപ്പാക്കുന്ന പദ്ധതികൾ.  തൊഴിൽ സ്ഥലത്തെ പീഡനങ്ങൾ  അവസാനിപ്പിക്കുന്നതിനായി എല്ലാ സ്ഥാപനങ്ങളിലും  ഇന്റേണൽ  കംപ്ലയിന്റ്‌ കമ്മിറ്റി  സ്ഥാപിച്ചു.  

സ്‌ത്രീശാക്തീകരണം ഉറപ്പിക്കുന്നതിനായി  ഈ വർഷത്തെ ബജറ്റിൽ സ്ത്രീമുന്നേറ്റത്തിനുള്ള നിയമവും അവലോകനവും പ്രവർത്തനത്തിനുമള്ള പ്രത്യേക തുക  ഉൾപ്പെടുത്തി. സ്ത്രീസുര​ക്ഷാ നിയമം കൊണ്ടുവരാൻ  14 കോടിയാണ്‌ വകയിരുത്തിയത്‌. സ്‌ത്രീകളെ  സാമ്പത്തിക സ്വയം പര്യാപ്‌തരാക്കുന്നതിന്‌ സഹായകമായ കുടുംബശ്രീ പദ്ധതി വളര ഫലപ്രദമായാണ്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നത്‌. എല്ലാ ബജറ്റിലും കുടുംബശ്രീക്ക്‌ പ്രത്യേക തുക വകയിരുത്തുന്നു. ഈ വർഷം  260 കോടി രൂപ നീക്കിവെച്ചെന്നും അദ്ദേഹം വ്യക്തമാക്കി.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top