06 July Sunday

ഇല്ലാക്കഥകൾ മെനഞ്ഞാൽ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

കണ്ണൂർ > ഇല്ലാക്കഥകൾ മെനഞ്ഞാൽ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ലെന്നതിന്റെ തെളിവാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാരിനെതിരെയും പാർടിക്കെതിരെയും മാധ്യമങ്ങൾ കൊടുത്ത വാർത്തകളെല്ലാം പൊളിഞ്ഞു. തെളിവുകളെല്ലാം എതിരായിട്ടും കൊടുത്ത വാർത്തകൾ തെറ്റായിരുന്നുവെന്ന്‌ മാധ്യമങ്ങൾക്ക്‌ എന്താണ്‌ പറയാനാവാത്തതെന്നും അദ്ദേഹം ചോദിച്ചു. പയ്യാമ്പലത്ത്‌ കോടിയേരി ബാലകൃഷ്‌ണൻ സ്‌മൃതി മണ്ഡപം അനാഛാദനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്യന്തം ഹീനമായ മാധ്യമവേട്ടയാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്‌. സർക്കാരിനെയും പാർടിയെയും അപകീർത്തിപ്പെടുത്തുക മാത്രമാണ്‌ ഇവരുടെ ലക്ഷ്യം. ഇഡിക്ക്‌ മാർഗനിർദേശം നൽകുന്നവരായി മാധ്യമങ്ങൾ മാറുന്നു. എന്നാൽ ഓരോദിവസവും ഇവർ പരിഹാസ്യരാവുകയാണ്‌. നേരത്തെ മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ ജനങ്ങൾ വിശ്വസിച്ചിരുന്നു. ഇപ്പോഴതിന്‌ മാറ്റം വന്നിട്ടുണ്ട്‌. കൊല്ലത്ത്‌ സൈനികന്റെ പറുത്ത്‌ ചാപ്പകുത്തിയെന്നത്‌ കേൾക്കേണ്ട താമസം മാധ്യമങ്ങൾ വാർത്തയാക്കി. യുപിയും കേരളവും തമ്മിൽ എന്തു വ്യത്യാസമെന്ന തരത്തിലടക്കമായിരുന്നു അവതരണം. നിമിഷങ്ങൾക്കകമാണ്‌ അത്‌ വ്യാജമായിരുന്നുവെന്ന്‌ തെളിഞ്ഞത്‌. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായും കള്ളവാർത്തകൾ നൽകി.  

പുറത്തുവരുന്ന തെളിവുകൾ മാധ്യമങ്ങൾ നൽകിയ വാർത്തകൾ തെറ്റായിരുന്നുവെന്നതാണ്‌. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങളെത്തിയെന്നതും തെറ്റായിരുന്നുവെന്ന്‌ തെളിഞ്ഞു. മറ്റൊരാളുടെ അക്കൗണ്ട്‌ കാണിച്ചായിരുന്നു ഈ പ്രചാരണം. എം കെ കണ്ണനെയും എ സി മൊയ്‌തീനെയും കുടുക്കാനുള്ള തെളിവുകൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. സഹകരണ മേഖലയെ തകർക്കാൻ ആസൂത്രിമായ നീക്കമാണ്‌ നടക്കുന്നത്‌. കൃത്യമായ തിരക്കഥയുണ്ടാക്കിയാണ്‌ നീക്കങ്ങൾ. ഇതിനെ ചെറുത്തുതോൽപ്പിക്കാൻ ജനങ്ങളുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top