25 April Thursday

മതമൈത്രിയിൽ ബിജെപി വിഷം കലർത്തുന്നു: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

കണ്ണൂർ എകെജി സ്‌ക്വയറിൽ പുഷ്‌പാർച്ചനയ്‌ക്ക്‌ ശേഷം നടന്ന എകെജി അനുസ്‌മരണം സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു.

കണ്ണൂർ> കേരളത്തിലെ മതമൈത്രിയിൽ വിഷം കലർത്താനാണ്‌ ബിജെപി ശ്രമിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തെ പോലെ പ്രാധനപ്പെട്ട മൂന്ന്‌ മതങ്ങൾ ഇത്രയും ഐക്യത്തോടെ ജീവിക്കുന്ന പ്രദേശം ലോകത്ത്‌ എവിടെയും ഉണ്ടാവില്ല. ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ മത വിഭാഗങ്ങൾ രമ്യതയോടെ കഴിയുന്നത്‌ ബിജെപിക്കും ആർഎസ്‌എസിനും ദഹിക്കുന്നില്ല. ആർഎസ്‌എസും ന്യൂനപക്ഷ വർഗീയ വാദികളും  കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനാണ്‌ ശ്രമിക്കുന്നത്‌. കണ്ണൂർ  എകെജി സ്‌ക്വയറിൽ  പുഷ്‌പാർച്ചനയ്‌ക്ക്‌ ശേഷം നടന്ന എകെജി അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർഗീയതക്കെതിരെ സന്ധിയില്ലാ പോരാട്ടം നടക്കേണ്ട കാലമാണിത്‌. കേരളത്തിൽ മതധ്രൂവീകരണത്തിലൂടെ നേട്ടം കൊയ്യാനാണ്‌ ബിജെപി നീക്കം. ഇതിനിടിയിൽ ന്യൂനപക്ഷങ്ങളെ തങ്ങൾക്ക്‌ അനുകൂലമാക്കി മാറ്റാനും ശ്രമമുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ മുസ്ലിം, ക്രിസ്‌ത്യൻ സംഘടനകളമായുള്ള ചർച്ചകൾ.  21 സംസ്ഥാനങ്ങളിൽ 598 കലാപങ്ങൾ നടത്തിയ പട്ടികയുമായാണ്‌ ക്രിസ്‌ത്യൻ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധ  മാർച്ച്‌ സംഘടിപ്പിച്ചത്‌. റബ്ബറിന്‌ വിലകൂടുമെന്ന്‌ പറഞ്ഞ്‌ ബിജെപിക്ക്‌ പിറകെ പോകുന്നവർ വഞ്ചിക്കപ്പെടും. ആരെങ്കിലും പറയുന്നതിനോ, ചെയ്യുന്നതിനോ അനുസരിച്ച്‌ റബ്ബറിന്റെ വില മാറില്ല. ആസിയാൻ കരാറിന്റെ ഭാഗമായാണ്‌ റബ്ബറിന്‌ വില ഇടിഞ്ഞത്‌. അദാനിയും അംബാനിയും ഉൾപ്പെടെയുള്ള കുത്തകൾക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കുന്ന ബിജെപി സർക്കാർ കർഷകരെ രക്ഷിക്കുമെന്ന്‌ ധരിക്കുന്നവർ പാഠം പഠിക്കും.

ജനങ്ങളുടെ  പ്രശ്‌നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ പാടില്ലെന്ന വാശിയാണ്‌ പ്രതിപക്ഷത്തിന്‌. അതിനായി കാട്ടികൂട്ടുന്ന കോപ്രായങ്ങളാണ്‌ സഭ സ്‌തംഭിക്കാൻ കാരണം. മാധ്യമങ്ങളുടെ പിന്തുണയോടെയുള്ള ‘മോക്‌ അംസംബ്ലി’ നിയമസഭയിൽ ആദ്യമാണ്‌. ഇതിലൂടെ ജനാധിപത്യ സംവിധാനങ്ങളെയും ജനങ്ങളെയും പരിഹസിക്കുകയാണ്‌ പ്രതിപക്ഷം. സർക്കാരും സ്‌പീക്കറും ഒരിക്കലും പക്ഷപാതപരമായ നിലപാട്‌ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തിന്‌ തോന്നുന്ന കാര്യങ്ങളെല്ലാം സഭയിൽ ചർച്ച ചെയ്യാനാവില്ല. ജനങ്ങളെ പറ്റിക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌.  ഏറ്റവും കൂടുതൽ അടിയന്തര പ്രമേയങ്ങൾ അനുവദിച്ചത്‌ ഈ സർക്കാരാണ്‌. കോൺഗ്രസിലും ലീഗിലുമുള്ള പ്രശ്‌നങ്ങൾ മൂടിവെക്കാനാണ്‌ സഭയിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top