27 April Saturday

നാലുമാസം, നാല്‍പത് ലക്ഷം ഫയലുകള്‍ കൈകാര്യം ചെയ്‌ത്‌‌ ഐഎല്‍ജിഎംഎസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

തിരുവനന്തപുരം> പഞ്ചായത്തുകളില്‍ ഓൺലൈന്‍ സേവനം ഒരുക്കുന്ന സംവിധാനമായ ഐഎല്‍ജിഎംഎസില്‍ നാല് മാസം കൊണ്ട് കൈകാര്യം ചെയ്‌തത് നാല്‍പത് ലക്ഷത്തിലധികം ഫയലുകളാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. വ്യാഴാഴ്‌ച വൈകിട്ട് വരെ 40,93,388 ഫയലുകളാണ് ഐഎല്‍ജിഎംഎസ് സംവിധാനത്തില്‍ സൃഷ്‌ടിക്കപ്പെട്ടത്. ഇതില്‍ 35,20,402 ഫയലുകളും (86%) തീര്‍പ്പാക്കിക്കഴിഞ്ഞു.

ഏപ്രില്‍ നാലിന് സംസ്ഥാന വ്യാപകമായി പൂര്‍ണതോതില്‍ നടപ്പിലാക്കിത്തുടങ്ങിയ സംവിധാനം 264 സേവനങ്ങളാണ് ഓൺലൈനില്‍ ലഭ്യമാക്കുന്നത്. ഇഗവേണൻസില്‍ കേരളത്തിന്‍റെ സുപ്രധാന ചുവടുവെപ്പാണ് ഐഎല്‍ജിഎംഎസ് എന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങളെ ഓൺലൈൻ സേവനങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്.

നിലവിലെ 40.93 ലക്ഷം ഫയലുകളില്‍ സേവനം ലഭ്യമാകേണ്ട തീയതി കഴിഞ്ഞ ഫയലുകള്‍ 1,68,511 ആണ്. അപാകത പരിഹരിക്കാൻ കത്ത് നല്‍കിയ 87,108ഫയലുകളും പാര്‍ക്ക് ചെയ്‌ത 1,07,098ഫയലുകളുമുണ്ട്. എല്ലാ ഫയലുകളും തീര്‍പ്പാക്കാനുള്ള അദാലത്തുകളിലേക്ക് ഉള്‍പ്പെടെ കടക്കുകയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. പഞ്ചായത്ത് ഓഫീസില്‍ വരാതെ തന്നെ സേവനങ്ങള്‍ എല്ലാം ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം. citizen.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ സേവനങ്ങള്‍ ലഭ്യമാകും. പണമടയ്‌ക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുള്‍പ്പെടെ വെബ്സൈറ്റിലുണ്ട്. ഇൻഫര്‍മേഷൻ കേരളാ മിഷൻ ആണ് ഐഎല്‍ജിഎംഎസ് സംവിധാനം രൂപകല്‍പ്പന ചെയ്‌തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top