27 April Saturday

ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കും: എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി നായനാർ പാർക്കിൽ സംഘടിപ്പിച്ച ത്രിപുര ഐക്യദാർഢ്യ സദസ്സ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 
ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം> ദേശീയ രാഷ്‌ട്രീയം ​ഗുരുതരമായ സാഹചര്യത്തിലാണെന്നും വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇന്ത്യയെ അവർ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരം നായനാർ പാർക്കിൽ സിപിഐ എം സംഘടിപ്പിച്ച ത്രിപുര ഐക്യദാർഢ്യ സദസ് ഉ​ദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ജനാധിപത്യ  ഇന്ത്യയായി തുടരണോയെന്ന ചോദ്യത്തിന് ഉത്തരമാണ് 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്. ആർഎസ്എസിന്റെയും ബിജെപിയുടെയും ഹിന്ദു സവർണരായ കോർപറേറ്റുകൾ മാത്രമാണ്. 32 കോടി പട്ടിണിപാവങ്ങളുള്ള രാജ്യത്തോടാണ് 2025ൽ രാമക്ഷേത്രം നിർമിക്കുമെന്ന് ബിജെപി സർക്കാർ പറയുന്നത്. രാജ്യത്തെ എല്ലാ മേഖലകളിലും ആർഎസ്എസ് പിടിമുറുക്കി കഴിഞ്ഞു. ജ്യുഡീഷ്യറി തന്നെ കൈയടക്കാനാണ്  ശ്രമം. മദ്രാസ് ഹൈക്കോടതി ജഡ്‌ജി‌യായി മഹിളാമോർച്ച നേതാവിനെ നിയമിച്ചതും ഇതിന്റെ ഭാ​ഗമാണ്.  ത്രിപുരയിൽ തെരഞ്ഞെടുപ്പ് നീതിപൂർവം നടന്നാൽ ബിജെപി സർക്കാരിനെ ജനങ്ങൾ താഴെവീഴ്ത്തും. ത്രിപുരയിൽ ബിജെപി സർക്കാരിന്റേത് അർദ്ധഫാസിസ്‌റ്റ് ഭരണമാണ്.

ബിജെപി ​ആർഎസ്എസ് ​ഗുണ്ടകളെ ജനങ്ങൾ പ്രതിരോധിച്ചപ്പോൾ അർദ്ധ സൈനിക വിഭാ​ഗങ്ങളെയും പൊലീസിനെയും ഉപയോ​ഗിച്ച് സർക്കാർ അടിച്ചമർത്തുകയാണ്. സിപിഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടി എംഎൽഎമാർക്ക് സ്വന്തം മണ്ഡലങ്ങളിൽ പോലും പോകാനാവാത്ത സ്ഥിതിയാണ്. സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗങ്ങളെ ഉൾപ്പെടെ കൊന്നൊടുക്കി. ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രം ത്രിപുരയിൽ ജയിക്കാനാകില്ല.ഇത് ഒറ്റപ്പെട്ട ഒരു ത്രിപുരയുടെ പ്രശ്‌നമല്ലെന്നും ഭാവി  ഇന്ത്യയുടെ  പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മന്ത്രി വി ശിവൻകുട്ടി,  ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ, ഡി കെ മുരളി എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, സി അജയകുമാർ, എസ് പുഷ്‌പലത എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top