25 April Thursday

മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്; നവംബർ 23 മുതൽ സംസ്ഥാന വ്യാപക പണിമുടക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

കൊച്ചി > മുത്തൂറ്റ്‌ ഫിനാൻസ്‌ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്‌. തൊഴിലാളി സംഘടനയെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ സംഘടനാ നേതാക്കൾ ഉൾപ്പെടെ 164 തൊഴിലാളികളെ അവർ ജോലി ചെയ്യുന്ന ശാഖകൾ അടച്ചുപൂട്ടി മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റ് പിരിച്ചു വിട്ടിട്ട് 11 മാസം തികയുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്‌ നീങ്ങുന്നത്‌. സൂചന എന്ന നിലയിൽ നവംബർ 23, 24, 25 എന്നീ തീയതികളിൽ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും.

2020 ജനുവരി 2 മുതൽ സംസ്ഥാന വ്യാപകമായി നോൺ ബാങ്കിംഗ് ആൻഡ്‌ പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (CITU) നേതൃത്വത്തിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തിവന്ന അനിശ്ചിത കാല പണിമുടക്ക് മാർച്ച്‌ 26ന്‌ അവസാനിപ്പിച്ചിരുന്നു. കോവിഡ്‌ -19 ന്റെ പശ്ചാത്തലത്തിൽ സമരങ്ങൾ നിർത്തിവയ്ക്കണമെന്നതൊഴിൽ വകുപ്പിന്റെ ഉത്തരവും, അതിന്റെ ഭാഗമായി യൂണിയന് സർക്കാർ നൽകിയ കത്തിന്റെയും അടിസ്ഥാനത്തിലാണ്‌ പണിമുടക്ക് അവസാനിപ്പിച്ചത്.

ഈ വിഷയം പരിഹരിക്കാനായി 18 ൽ അധികം ചർച്ചകൾ തൊഴിൽ വകുപ്പ് മുൻ കൈ എടുത്ത് നടത്തി , അതിൽ ബഹു. ഹൈക്കോടതി ശക്തമായി ഇടപെടുകയും പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാൻ മാനേജ്മെന്റിനോട് പലതവണ നിർദ്ദേശം നൽകുകയും കൂടാതെ കോടതി നിരീക്ഷകനെ ചർച്ചകളിൽ പങ്കെടുക്കാൻ നിയമിക്കുകയും ചെയ്തു. എന്നാൽ ഈ കോവിഡ്‌ മഹാമാരി കാലഘട്ടത്തിലും, പ്രശ്നം പരിഹരിക്കാൻ കമ്പനി തയ്യാറായില്ല എന്ന് മാത്രമല്ല, തീരുമാനം എടുക്കാൻ കെൽപ്പുള്ളവരെ ചർച്ചകളിൽ അയക്കാതെ, ഈ കാലത്ത് തൊഴിലാളികൾ കോവിഡ്‌ പ്രോട്ടോക്കോൾ ഉള്ളതിനാൽ സമരത്തിനിറങ്ങില്ല എന്നത് മുതലാക്കിക്കൊണ്ട് ഒരേ നിലപാട് ആവർത്തിച്ച് , കോടതിയെയും, തൊഴിൽ വകുപ്പിനേയും, തൊഴിലാളികളെ ഒന്നാകെയും വെല്ലുവിളിക്കുകയാണ് ഉണ്ടായത്.

ഇതിനെതിരെ സമരം പുനരാരംഭിക്കാൻ സംഘടന നിർബന്ധിതമായിരിക്കുകയാണ്. ഈ വിഷയം ചർച്ച ചെയ്യാൻ സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഒക്‌ടോബർ 18ന് ചേർന്ന മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സ്‌റ്റേറ്റ്‌ കമ്മിറ്റി യോഗം , സൂചന എന്ന രീതിയിൽ സംസ്ഥാന വ്യാപകമായി മുത്തൂറ്റ് ഫിനാൻസ് സ്ഥാപനങ്ങളിൽ നവംബർ 23, 24, 25 എന്നീ തീയതികളിൽ പണിമുടക്ക് നടത്താൻ തീരുമാനിക്കുകയായിരുന്നു.

യോഗത്തിൽ മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് എംഎൽഎ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, നോൺ ബാങ്കിങ്‌ ആൻഡ്‌ പ്രൈവറ്റ് ഫിനാൻസ് അസോസിയേഷൻ (സിഐടിയു) പ്രസിഡന്റ് എ എം ആരിഫ് എംപി, യൂണിയൻ വൈ.പ്രസിഡന്റ് എ സിയാവുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ ജനറൽ സെക്രട്ടറിസി സി രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു, മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന ട്രഷറർ ശരത് ബാബു സ്വാഗതം ആശംസിച്ചു. മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സെക്രട്ടറി നിഷ കെ ജയൻ ചർച്ചക്ക് മറുപടിയും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top