ചിറയിൻകീഴ് > അഴിമുഖം ആഴംകൂട്ടലും ഓഖിയിൽ തകർന്ന പുലിമുട്ടുകളുടെ പുനർ നിർമാണവുമടക്കം പെരുമാതുറ മുതലപ്പൊഴി നവീകരണം മൂന്നുമാസത്തിനകം നടത്താനായേക്കും. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിൽ നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ഡയറക്‌ടർ പൊതുരി നെഹ്റു മുതലപ്പൊഴി സന്ദർശിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിനായി 50 കോടി രൂപയുടെ പദ്ധതി രേഖയാണ് സംസ്ഥാന സർക്കാർ സമർപ്പിച്ചത്. ഫിഷ് ലാൻഡിങ് സെന്റർ വിപുലീകരണം, കടമുറികളുടെ നിർമാണം, ശൗചാലയ സമുച്ചയം, ഡോർമെറ്ററികൾ, മാലിന്യ സംസ്‌കരണ പ്ലാന്റ്, വിശ്രമകേന്ദ്രം തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.
വെള്ളി രാവിലെ 9 ഓടെ മുതലപ്പൊഴിയിലെത്തിയ ഉദ്യോഗസ്ഥർ പെരുമാതുറയിലെയും താഴംപള്ളിയിലെയും ലേല ഹാളും അഴിമുഖ പ്രദേശവും സന്ദർശിച്ചു. ഇരുഹാർബറുകളും കണ്ട് ബോധ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. തുടർ നടപടികളുടെ ഭാഗമായി വിശദ റിപ്പോർട്ട് കേന്ദ്ര സർക്കാർ പ്രോജക്‌ട് കമ്മിറ്റിയിൽ വയ്ക്കും. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും. ഏകദേശം മൂന്നുമാസം വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തൊഴിലാളികളുടെ വിശ്രമകേന്ദ്രത്തിന്റെ നിർമാണം, പെരുമാതുറയിലും താഴംപള്ളിയിലും ബെർത്തിങ് ഏരിയ ആഴത്തിലാക്കൽ, ഹാർബർ ലാൻഡ്സ്കേപ്പിങ്, ബ്രേക്ക്‌വാട്ടറിന് മുകളിലൂടെ റോഡ് ഒരുക്കൽ, പുലിമുട്ട് നികത്തൽ, തുറമുഖ വാർഫ് നവീകരണം, മാലിന്യ ജല സംസ്‌കാരണ പ്ലാന്റ്, ലേല ഹാൾ നവീകരണം, ലോഡിങ് - പാർക്കിങ് ഏരിയനവീകരണം, ശുചിമുറി ബ്ലോക്ക് നിർമാണം, താഴംപള്ളിയിൽ കോൾഡ് സ്റ്റോറേജിന്റെയും കംപ്രസർ റൂമിന്റെയും നിർമാണം തുടങ്ങി നിരവധി നിർദേശങ്ങളാണ് പരിഗണനയിലുള്ളത്. പദ്ധതിക്ക് അംഗീകാരമായാൽ വർഷങ്ങളായി മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ യാഥാർഥ്യമാകും.
സംഘത്തിൽ സംസ്ഥാന ഹാർബർ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ജി എസ് അനിൽകുമാർ, എ ഇ ബീഗം അബീന, പഞ്ചായത്ത് പ്രസിഡന്റ് പി മുരളി, പഞ്ചായത്തംഗങ്ങളായ സൂസി, ഫാത്തിമ ഷാക്കിർ എന്നിവരുമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..