24 April Wednesday

വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമം ; ലീഗ് പ്രവർത്തകൻ ഉൾപ്പെടെ അഞ്ചംഗസംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


ഈരാറ്റുപേട്ട
വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഉൾപ്പെടെ അഞ്ചംഗസംഘം പിടിയിൽ. ഈരാറ്റുപേട്ടയിലെ സജീവ ലീഗ് പ്രവർത്തകൻ നടയ്‌ക്കൽ കരിംമൻസിലിൽ മുഹമ്മദ് നജാഫ് (33), ഈരാറ്റുപേട്ട എംഇഎസ്‌ ജങ്‌ഷൻ നൂറനാനിയിൽ ജംഷീർ കബീർ (34), ആലപ്പുഴ പൂച്ചാക്കൽ പുന്നക്കാത്തറ അഖിൽ ആന്റണി (29), ആലപ്പുഴ പെരുമ്പലം ജങ്‌ഷൻ ഷിബിൻ മൻസിലിൽ ഷിബിൻ (40), എറണാകുളം ഇടക്കൊച്ചി തടിയൻകടവിൽ ടി എസ്‌ ശരത് ലാൽ (30) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. നജാഫ് ഈരാറ്റുപേട്ടയിൽ അറബിക് അധ്യാപകനാണ്.

വിദേശ കറൻസി കൈമാറുന്ന കമ്പനിയുടെ എക്‌സിക്യൂട്ടീവായ തെക്കേക്കര ജിലാനിപ്പടി സ്വദേശി ഷമ്മാസിന്റെ കൈയിൽനിന്നാണ്‌ സംഘം പണം തട്ടാൻ ശ്രമിച്ചത്‌.  വഴിയരുകിൽ നിന്ന ഷമ്മാസിനെ സംഘം വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു.  ശ്രമം പരാജയപെട്ടതോടെ കൈയിലിരുന്ന ബാഗുമായി കടന്നു കളയുകയായിരുന്നു. ബാഗിൽ ഒരു ലക്ഷം രൂപയുണ്ടായിരുന്നെന്ന്‌  ആദ്യം പറഞ്ഞ ഷമ്മാസ്  ചോദ്യം ചെയ്യലിൽ പണമില്ലെന്ന്‌ സമ്മതിച്ചു. ഇതിൽ സംശയം തോന്നിയ പോലീസ് നടത്തിയ  അന്വേഷണത്തിലാണ്‌ വിദേശ കറൻസി കൈമാറ്റത്തിന്റെ വിവരം   ലഭിക്കുന്നത്.  

പ്രതികളെ  കോടതി റിമാൻഡുചെയ്തു. അഖിൽ ആന്റണിയുടെ പേരിൽ പൂച്ചാക്കൽ, പനങ്ങാട്‌ സ്‌റ്റേഷനുകളിൽ മോഷണ കേസുകളുണ്ട്‌. ശരത്‌ലാൽ പള്ളുരുത്തി സ്‌റ്റേഷനിൽ അടിപിടി കേസിൽ പ്രതിയാണ്‌. സംഘത്തിലുള്ള ബാക്കി മൂന്നുപേരെ ഉടൻ പിടികൂടുമെന്ന്‌ സിഐ ബാബു സെബാസ്റ്റ്യൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top