25 April Thursday

ലീഗേ എവിടെ ആ കോവിഡ് പ്രോട്ടോകോൾ; നാട്‌ നശിപ്പിക്കാൻ ഇപ്പോൾ കരുതിക്കൂട്ടിയ സമരാഭാസം

ജിജോ ജോർജ്‌Updated: Saturday Jul 11, 2020


മലപ്പുറം> കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ സമരം ചെയ്യാവൂ എന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗ തീരുമാനം കാറ്റിൽ പറത്തി ലീഗും പോഷക സംഘടനകളും. സ്വർണക്കടത്തിന്റെ പേരിൽ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം ലാക്കാക്കിയാണ് ലീഗിന്റെ മലക്കം മറച്ചിൽ. സമൂഹ വ്യാപനത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ നാടിനെ കുരുതി കൊടുത്താണ് യൂത്ത് ലീഗിന്റെ സമരാഭാസം. ഇതിന് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ലീഗ്. നാട് നശിച്ചാലും അധികാരം കിട്ടണമെന്ന ദുഷ്ടലക്കാണ് ഇതിന് പിന്നിൽ.

രണ്ടാഴ്ച മുമ്പ് മലപ്പുറത്ത് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് പ്രമേയം പാസാക്കിയത്. സംസ്ഥാനത്ത് സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവാത്തതിനാൽ സമരങ്ങൾ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ചാകണമെന്നും നിർദ്ദേശിച്ചു. സർക്കാരും ആരോഗ്യ വകുപ്പും നിർദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ പാർടി പ്രാദേശിക ഘടകങ്ങൾക്കും നിർദ്ദേശം നൽകിയെന്നാണ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. അന്ന്‌  ചന്ദ്രിക ദിനപത്രം അതു ലീഡ് വാർത്തയാക്കി. എന്നാൽ, ഒരാഴ്ച പിന്നിടുമ്പോൾ തീരുമാനങ്ങൾ വിഴുങ്ങി ലീഗ് മലക്കം മറിഞ്ഞു.

കോവിഡ് മാനദണ്ഡം  പൂർണമായും കാറ്റിൽ പറത്തിയാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ ലീഗുകാരും യൂത്ത്‌ ലീഗുകാരും തെരുവിൽ അഴിഞ്ഞാടിയത്‌. യതൊരു മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു സമരങ്ങൾ. നൂറോളം യൂത്ത്‌ലീഗുകാർ മാസ്‌ക്‌ പോലും ധരിക്കാതെ കൂട്ടംകൂടി പൊലീസിന്‌ നേരെ പ്രകോപനം നടത്തി. കോഴിക്കോട്‌ അടക്കമുള്ള സമരകേന്ദ്രങ്ങളിൽ പൊലീസുമായി ബോധപൂർവ്വം സംഘർഷമുണ്ടാക്കി. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശം അവഗണിച്ചാണ് പ്രതിപക്ഷ ഉപനേതാവ്‌ എം കെ മുനീർ സമരം ഉദ്ഘാടനം ചെയ്യാനെത്തിയത്. അക്രമാസക്തരായ സമരക്കാരെ പിന്തിരിപ്പിക്കാനും മുനീർ ഉൾപ്പെടെ ലീഗ് നേതാക്കൾ ശ്രമിച്ചില്ല. ലീഗ്‌ ഉന്നാധികാര സമിതിയെടുത്ത തീരുമാനം കൺമുന്നിൽ അട്ടിമറിക്കപ്പെട്ടിടും അതിനെതിരെ മൗനം പാലിക്കുകയാണ്‌ മുനീർ ചെയ്‌തത്‌.


കോവിഡ്‌ മാനണ്ഡങ്ങളൊന്നും പാലിക്കാതെ പ്രതിപക്ഷ സംഘടനകൾ നടത്തിയ സമരത്തെപ്പറ്റി ആരോഗ്യവിദഗ്‌ധരും മറ്റും രൂക്ഷവിമർശനമാണ്‌ ഉയർത്തിയിരിക്കുന്നത്‌. സമൂഹ മാധ്യമങ്ങളിലടക്കം കടുത്ത വിമർശനമുയർന്നതോടെ ലീഗുകാർക്കിടയിലും അഭിപ്രായ ഭിന്നതയുണ്ടായിട്ടുണ്ട്‌. ഹൈദരലി ശിഹാബ്‌ തങ്ങൾ പ്രഖ്യാപിച്ചൊരു കാര്യം പരസ്യമായി ലംഘിക്കുന്ന അദ്ദേഹത്തോടുള്ള അവഹേളനമാണെന്ന്‌ ഒരു വിഭാഗം ലീഗുകാർ  പറയുന്നു. വാർത്തമാധ്യമങ്ങളിൽ ഇടംപിടിക്കാനുള്ള ചില യൂത്ത്‌ലീഗ്‌ നേതാക്കന്മാരുടെ നീക്കമാണ്‌ കോഴിക്കോട്ടെ സമരത്തെ സംഘത്തിലെത്തിച്ചതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്‌.

ലീഗ്‌ നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്‌ ‘കോവിഡ്‌ 19 വ്യാപകമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും സർക്കാരിം ആരോഗ്യവകുപ്പും നിർദേശിച്ചിട്ടുള്ള പ്രോട്ടോകോൾ പാലിക്കാൻ പാർടിതലത്തിൽ കർശന നിർദേശം നൽകും. ജാഗ്രതയും കരുതലും പഴയതിനേക്കാൾ ശക്തിപ്പെടുത്തേണ്ട സമയമാണിത്‌. ഇതു സംബന്ധിച്ച്‌ പ്രദേശിക ഘടകങ്ങൾക്കടക്കം കർശന നിർദേശം നൽകും.
സമരങ്ങൾ പൂർണമായും നിയന്ത്രണങ്ങളും അകൽച്ചാ നിയമങ്ങളും പാലിച്ചുകൊണ്ടായിരിക്കണം. സാഹചര്യം മനസിലാക്കി പരമാവധി സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം സമരങ്ങൾ സംഘടിപ്പിക്കേണ്ടത്‌. ജാഗ്രത ഒരോരുത്തരുടെയും ഉത്തരവാദിത്തമാണ്‌’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top